തിരുവനന്തപുരം ; കേരളത്തിലെ സമാന്തര ടെലിഫോൺ കേസിൽ പ്രതി ഇബ്രാഹിമിന് പാക്-ചൈനീസ് പൗരന്മാരുമായി ബന്ധമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ. കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും 168 പാക്കിസ്ഥാൻ പൗരന്മാരുമായി ബന്ധപ്പെട്ടുവെന്നാണ് കണ്ടെത്തൽ. പാക്കിസ്ഥാൻ, ബംഗ്ലാദേശി, ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

പാക്കിസ്ഥാൻകാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ,ചൈനീസ് വനിതകളായ ഫ്ലൈ, ലീ എന്നിവർക്കാണ് റൂട്ടുകൾ വിറ്റത്. ഇവർ മാസങ്ങളോളം ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചുവെന്ന ഗുരുതര കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 35 ലക്ഷം രൂപ ഇബ്രാഹിം പുല്ലാട്ടിന് ഇടപാടിൽ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതിയായ അബ്ദുൾ ഗഫൂർ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ.ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട ചാരവൃത്തിയിൽ 'റോ' അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക് പൗരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.കേസിലെ മുഖ്യ ആസൂത്രകരായ ഷബീർ, പ്രസാദ് എന്നിവർ അന്വേഷണത്തിനിടെ നാടുവിട്ടിരുന്നു.

ഇന്റർനെറ്റ് സൗകര്യങ്ങൾ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന ഐടി ആക്ടിലെ 66 എഫ് വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായാണ് ഈ റൂട്ടുകൾ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.

വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റി നൽകിയിരുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ. വിവിധ സർവ്വീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.