മറയൂർ: റോഡപകടത്തിൽ ഏകമകൻ മരിച്ചപ്പോൾ സങ്കടം സഹിക്കാനാവാതെ മാതാപിതാക്കൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മകന്റെ മൃതദേഹം അവസാനാമായി ഒരു വട്ടം കൂടി കണ്ട് അന്ത്യ ചുംബനം നൽകിയ ശേഷമാണ് മകന് പിന്നാലെ മാതാപിതാക്കളും ഈ ലോകത്ത് നിന്നും യാത്രയായത്. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡിൽ ബൈക്ക് അപകടത്തിൽ മകൻ നിഷാന്ത് (18) മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കളായ നാമക്കൽ ഈക്കാട്ടൂർ സ്വദേശികളായ ശക്തിവേൽ (49), ഭാര്യ സുധ (45) എന്നിവരാണു ജീവനൊടുക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നാദംപാളയം ജങ്ഷനിലുണ്ടായ അപകടത്തിൽ പരുക്കേറ്റാണ് നിഷാന്തും സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്. മരണവിവരം അറിഞ്ഞ ശക്തിവേൽ ഭാര്യ സുധയുമായി മകന്റെയും സുഹൃത്തിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരുന്ന വിനാശി ഗവ. ആശുപത്രിയിലെത്തി അന്ത്യചുംബനം നൽകി.

തുടർന്ന് ഇരുവരും രാത്രി പത്ത് മണിയോടെ കാറിൽ കയറി ഇരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരും പുറത്തിറങ്ങിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുക ആയിരുന്നു. തുടർന്നു തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു.

തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി തേനിൽ കലർത്തി വെള്ളരിക്കയിൽ പുരട്ടിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഏകമകൻ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെയാണ് ഇവർ ആത്മഹത്യ ചെയ്തത്. ശക്തിവേൽ, സുധ, മകൻ നിഷാന്ത് എന്നിവരുടെ മൃതദേഹങ്ങൾ കാട്ടൂർ പൊതുശ്മശാനത്തിലും കൃപാകരന്റെ മൃതദേഹം പൂളാംപെട്ടി പൊതുശ്മശാനത്തിലും സംസ്‌കരിച്ചു.

കോയമ്പത്തൂരിൽ പാസ്പോർട്ട് അപേക്ഷ നൽകി മടങ്ങുന്നതിനിടെ നിഷാന്തും കൃപാകരനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിലും ഡിവൈഡറിലും ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാദംപാളയം ജംക്ഷനിലാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നിഷാന്തും കൃപാകരനും മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഗണേശൻ എന്നയാൾക്കു പരുക്കേറ്റു. ഗണേശൻ തിരുപ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.