ജിന്ദ് (ഹരിയാന): സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഹരിയാനയിലെ പൽവാലിലാണ് സംഭവം. ഇതേ ആവശ്യമുന്നയിച്ച് ജിന്ദിലെ ഒരു സ്‌കൂളിൽ 50ഓളം വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാരവും ആരംഭിച്ചിട്ടുണ്ട്.

ജിന്ദിലെ കർസോല ഗവൺമെന്റ് ഹൈസ്‌കൂളിലാണ് വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തുന്നത്. സ്‌കൂൾ ഹയർ സെക്കൻഡറിയാക്കി ഉയർത്തണമെന്നാണ് ആവശ്യം. സ്‌കൂൾ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയശേഷം സ്‌കൂളിനു മുന്നിലിരുന്നാണ് സമരം. പ്രധാനാധ്യാപകനെയും മറ്റ് അദ്ധ്യാപകരെയും സ്‌കൂളിൽ പ്രവേശിക്കാൻ വിദ്യാർത്ഥികൾ അനുവദിക്കുന്നില്ലെന്ന് ജുലാന പൊലീസ് എസ് ഐ ചന്ദ്രബാഹൻ പറഞ്ഞു.

പൽവാലിൽ, പ്രൈമറി സർക്കാർ വിദ്യാലയത്തെ ഹൈസ്‌കൂളാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സമരരംഗത്തുള്ളത്. അദ്ധ്യാപക ക്ഷാമം രൂക്ഷമായത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചതായും ഉള്ള അദ്ധ്യാപകർതന്നെ കൃത്യമായി ക്ലാസെടുക്കുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സ്‌കൂൾ അപ്ഗ്രേഡ് ചെയ്യുമെന്ന് ഉറപ്പുനൽകാതെ സ്‌കൂൾ ഗേറ്റുകൾ തുറക്കില്ലെന്നും സമരത്തിൽനിന്ന് പിന്മാറില്ലെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്.

രവാരി, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാലയങ്ങളിലും കഴിഞ്ഞ ദിവസം സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. രക്ഷിതാക്കൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ ശർമ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചതായി ജുലാന വിദ്യാഭ്യാസ ഓഫീസർ ആദർശ് രാജനും വ്യക്തമാക്കി