മസ്‌കത്ത്: രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്തി രാജ്യത്ത് സ്‌കൂൾ പ്രവേശനം കീറമുട്ടിയാകുമെന്ന റിപ്പോർട്ടിന് പിന്നാലെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ രംഗത്തെത്തി. മസ്‌കത്ത് കാപിറ്റൽ ഏരിയയിലെ ഇന്ത്യൻ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശം നൽകാൻ പരമാവധി ശ്രമിക്കുമെന്നാണ് വിൽസൺ ജോർജ് അറിയിച്ചത്.

എന്നാൽ, അത് അപേക്ഷിച്ച സ്‌കൂളിൽതന്നെ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധമായ നിലപാടുകൾ നേരത്തേ തന്നെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികൾക്കും പ്രവേശം നൽകാനുള്ള നടപടി ക്രമങ്ങൾ ബോർഡ് എടുക്കുന്നുണ്ട്.

അപേക്ഷകരുടെ എണ്ണം വർധിച്ചതും ഗതാഗത പ്രശ്‌നം കാരണം ദാർസൈത്ത് മേഖലയിലെ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറക്കണമെന്ന് നിർദേശമുള്ളതും അഡ്‌മിഷനെ പ്രതികൂലമായി ബാധിക്കുന്ന സ്ഥ്ിതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർനത്തു. എന്നാൽ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.