- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ പ്രണയവിവാഹത്തിനു സഹായിച്ചയാൾക്കെതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ; തലക്കടിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്
കോഴിക്കോട് : മകളെ പ്രണയിച്ചു വിവാഹം കഴിച്ചയാൾക്ക് സഹായം ചെയ്ത ബന്ധുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ 7 അംഗ സംഘം അറസ്റ്റിൽ. തലക്കുളത്തൂർ പാലോറമൂട്ടിൽ അജിത (51), ഭർത്താവ് അനിരുദ്ധൻ (63), ക്വട്ടേഷൻ സംഘത്തിലെ തലക്കുളത്തൂർ നടുവിലക്കണ്ടി സുഭാഷ് ബെന്നി (38), സൗപർണികയിൽ അരുൺ (27), കണ്ടംകയ്യിൽ വീട്ടിൽ അശ്വന്ത് (22), അന്നശ്ശേരി കണിയേരി മീത്തൽ അവിനാഷ് (21), പുലരി വീട്ടിൽ ബാലു പ്രണവ് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
അജിതയുടെയും അനിരുദ്ധന്റെയും മകളായ ജാനറ്റ് പരിയാരത്ത് മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ സിംഗപ്പൂരിൽ ജോലി ചെയ്യുകയായിരുന്ന ബന്ധു സ്വരൂപുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് 3 വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തു. ഇതിനുശേഷം സ്വരൂപ് തിരികെ പോയി. ഇവിടെ പഠനം തുടർന്ന ജാനറ്റിന് സ്വരൂപിന്റെ സഹോദരീ ഭർത്താവ് റിനീഷാണ് സഹായം ചെയ്തതെന്നു കരുതിയ വീട്ടുകാർ ഇയാളെ വധിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റിനീഷിനെ കഴിഞ്ഞ 11ന് വഴിയിൽ കാത്തുനിന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയേറ്റ റിനീഷിനു ഗുരുതരമായ പരുക്കേറ്റു. രണ്ടരലക്ഷം രൂപയ്ക്ക് അജിതയും അനിരുദ്ധനും അയൽവാസിയായ സുഭാഷ് ബെന്നിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. വ്യാഴാഴ്ച രാത്രി ചേമഞ്ചേരിയിൽ ഇവരുടെ ഒളിസങ്കേതത്തിലെത്തിയാണ് പൊലീസ് പിടികൂടിയത്. അജിതയെയും അനിരുദ്ധനെയും ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ