- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതു കൊന്ന് കിണറ്റിലിട്ട ശേഷം; പതിനേഴുകാരിയുടേത് ദുരഭിമാനക്കൊല തന്നെയെന്ന് പൊലീസ്; മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ കിർഗോൺ ജില്ലയിൽ 17 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛൻ രാകേഷ് വൻഷ്, അമ്മ രേഖ വൻഷ്, 18 കാരനായ സഹോദരൻ രോഹിത് വൻഷ്, അമ്മാവൻ മഹേഷ് അൻജാലെ, അമ്മായി പിങ്കി അൻജാലെ എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 17 ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തലേദിവസമാണ് വീട്ടുകാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പിതാവ് ആരോപിച്ചു. എന്നാൽ പിറ്റേദിവസം വീടിന് സമീപത്തെ കിണറ്റിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി മുങ്ങി മരിച്ചതല്ലെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായിരുന്നു. ഇതിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുരഭിമാനക്കൊലയുടെ ചുരുൾ നിവർന്നത്.
പെൺകുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി വീ്ടുകാർ പെൺകുട്ടിയുമായി വഴക്കിട്ടിരുന്നു. മാർച്ച് 16 ന് വീട്ടുകാർ കുട്ടിയോട് യുവാവിന്റെ ഫോൺനമ്പർ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന പെൺകുട്ടി, അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വീട്ടിൽ ഒളിപ്പിച്ച മൃതദേഹം രാത്രി സമീപത്തെ കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ