ആലുവ: രണ്ടാമത്തെ കുഞ്ഞിന് ഒരു വയസാകും മുമ്പു വീണ്ടും പ്രസവിക്കേണ്ടി വന്നതിന്റെ നാണക്കേടു മറയ്ക്കാൻ ദമ്പതികൾ ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അൽ-അമീൻ നഗരറിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പിൽ ഷെഫീക്ക് (30), ഭാര്യ സിലിജ (27) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചത് അടുത്തടുത്തു നടന്ന പ്രസവത്തിന്റെ നാണക്കേടു മറയ്ക്കാനാണെന്നാണു പൊലീസിനോടു കുഞ്ഞിന്റെ മാതാവു വെളിപ്പെടുത്തിയത്. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത് ഇന്നലെ ആലുവയിലാണ്.

എടത്തല പഞ്ചായത്തിലെ അൽ- അമീൻ നഗറിനു സമീപത്തു നിന്നാണ് ഒരു ചോരകുഞ്ഞിനെ കണ്ടെത്തിയത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത് പുലർച്ചെ നടക്കാനിറങ്ങിയവരാണ്. നോക്കുമ്പോൾ കാണുന്നത് തുണിയിൽ പൊതിഞ്ഞ നിലയിൽ കരഞ്ഞു തളർന്ന ഒരു പെൺകുഞ്ഞ്. പ്രസവം നടന്നിട്ട് മണിക്കൂറുകൾമാത്രം കഴിയവയൊണു കുഞ്ഞിനെ ഉപേക്ഷിച്ചത്.

ഓട്ടോ ഉടമ ബാബുവിനെ വിളിച്ചുവരുത്തി കാര്യം തിരക്കിയെങ്കിലും കുഞ്ഞിനെക്കുറിച്ച് വിവരം ലഭിച്ചില്ല. വീട്ടിലേക്ക് ഓട്ടോറിക്ഷ പോകാത്തതുകൊണ്ട് പതിവായി ബാബു വാഹനം റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്തിരുന്നത്. ഇന്നലെ പത്തുമണിയോടെ ഓട്ടോറിക്ഷ കൊണ്ടിടുമ്പോൾ കുഞ്ഞുണ്ടായിരുന്നില്ല. രാത്രി രണ്ടു മണിയോടുകൂടി നായ്ക്കളുടെ കുര കേട്ടതായി സമീപവാസികൾ ഓർത്തു. ഏതാണ്ട് ആ സമയത്ത് തന്നെയാണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഓട്ടോയിൽ ഒളിപ്പിച്ച് പിതാവ് മുങ്ങിയത്. തെരുവുനായ്ക്കൾ വലിച്ചുകീറികൊന്നില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ.

തുടർന്ന് എടത്തല സ്റ്റേഷനിൽ നിന്നും പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണത്തിനെത്തിച്ചു. പിന്നീട് സമീപ പ്രദേശത്തെ ഗർഭിണികളെക്കുറിച്ചും ആശുപത്രികളിൽ നടന്ന പ്രസവത്തെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെ കണ്ടെത്തിയത്.

അൽ-അമീൻ നഗറിലെ ഒരു ഗർഭിണിയായ യുവതിയും ഭർത്താവും ഓട്ടോയിൽ കയറി പോകുന്നതു കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിനു വിവരം നൽകി. ഏകദേശ രൂപം കുട്ടിയ ദമ്പതികളെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്കകം ഇവരെ ഓട്ടോക്കാരുടെ സഹായത്തോടെ പൊലീസ് കുന്നത്തേരിയിൽ നിന്നും കണ്ടെത്തി. ആദ്യ ചോദ്യം ചെയ്യലിൽ ദമ്പതികൾ നിഷേധിച്ചെങ്കിലും വൈദ്യ പരിശോധനയിൽ പ്രസവം നടന്നതായി സ്ഥിരീകരിച്ചു.

ഷെഫീക്കിനും സിലിജയ്ക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് ആകുന്നതേയുള്ളു. വയസിൽ കാര്യമായ വ്യത്യാസമില്ലാതെ മൂന്നാമത്തെ കുട്ടി ഉണ്ടായത് ദമ്പതികളിൽ നാണക്കേട് ഉണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു പ്രസവം. ചൊവ്വാഴ്ച പുലർച്ചെ കുഞ്ഞിനെ പിതാവ് ഷെഫീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. സിലിജയെ പ്രസവാനന്തര ചികിത്സയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അമ്മ സിലിജയെയും കോടതിയിൽ ഹാജരാക്കുമെന്നും എടത്തല പ്രിൻസിപ്പൽ എസ്ഐ പി.ജെ. നോബിൾ അറിയിച്ചു. കുഞ്ഞിപ്പോൾ മെഡിക്കൽ കോളജിൽ കഴിയുകയാണ്. രണ്ടരകിലോ തൂക്കമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.