കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനിയെ ടൂവീലർ ഓടിപ്പിച്ച് പിന്നിലിരുന്ന് യാത്ര ചെയ്ത പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. തൊടിയൂർ കഞ്ഞിക്കാല കിഴക്കതിൽ നാസിം കുഞ്ഞിനെതിരെയാണ് കരുനാഗപ്പള്ളി ജോ: ആർ.ടി.ഒ അജിത് കുമാർ നടപടി എടുത്തത്.
രണ്ട് ദിവസം മുൻപ് പുതിയകാവ് - ചക്കുവള്ളി റോഡിൽ കൂടി മകളായ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ ടൂ വീലറോടിപ്പിച്ച് ഇയാൾ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.

ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി വാഹനമോടിക്കുകയും പിതാവ് പിന്നിലിരുന്ന് യാത്ര ചെയ്യുകയും ശ്രദ്ധയിൽ പെട്ട ഒരു മാധ്യമ പ്രവർത്തകൻ ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. കൊച്ചു കുട്ടിയെ ഏറെ തിരക്കേറിയ റോഡിലൂടെ വാഹനമോടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിലൂടെ ആളുകൾ പ്രകടിപ്പിച്ചു. ഇത് വൈറലായതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട കരുനാഗപ്പള്ളി എ.എം വിഐ ബേബി ജോൺ ചിത്രവും പോസ്റ്റുമടക്കം ജോ: ആർ.ടി.ഒയ്ക്ക് കൈമാറുകയായിരുന്നു.

തുടർന്ന് ഉടമയെ വിളിച്ചു വരുത്തുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് അപകടകരമായ വിധം വാഹനം ഓടിപ്പിച്ചതിന് കേസെടുക്കുകയുമായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുകയും വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുമെന്ന് കരുനാഗപ്പള്ളി ജോ: ആർ.ടി.ഒ അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹമോടിച്ചാൽ രക്ഷിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർക്കണം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര മോട്ടോർ വാഹനനിയമത്തിൽ വകുപ്പുണ്ട്. മിക്കവാറും കുട്ടികളും രക്ഷിതാക്കളുടെ അറിവോടെയായിരിക്കും വാഹനങ്ങളുമായി റോഡിലെത്തുക. ഇങ്ങനെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടിച്ചാൽ നിലവിൽ നിലവിൽ 1000 രൂപ പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്.

കേന്ദ്ര മോട്ടോർവാഹന നിയമം അനുസരിച്ച് ലൈസൻസില്ലാത്തവർക്ക് വാഹനം നൽകിയാൽ ഉടമക്ക് മൂന്നുമാസം വരെ തടവ് ശിക്ഷയോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. സ്വകാര്യവാഹനമായാലും മറ്റൊരാൾക്ക് ഓടിക്കാൻ നൽകുമ്പോൾ ലൈസൻസുണ്ടെന്ന് ഉറുപ്പുവരുത്തേണ്ട ചുമതല നിയമപ്രകാരം ഉടമസ്ഥനുണ്ട്.

അടുത്തിടെയായി മോട്ടോർ വാഹന വകുപ്പ് നല്ല രീതിയിൽ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. നിയമ ലംഘനം എവിടെ കണ്ടാലും ഉടൻ നടപടി എടുക്കുന്നുമുണ്ട്. എതാനം ദിവസങ്ങൾക്ക് മുൻപ് വനിതാ ഡോക്ടറെ അശ്ശീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് അന്ന് തന്നെ സ്‌പെൻഡ് ചെയ്തിരുന്നു. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തെളിവുകളടക്കം ആർ.ടി.ഒയ്ക്ക് പരാതിപ്പെട്ടാൽ ഉടൻ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.