- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചവർക്കുവേണ്ടി ജീവിക്കുന്ന മനുഷ്യൻ
മരുഭൂമി, മനുഷ്യമനസ്സിലേക്കു പടർന്നുകയറുന്നതിന്റെ ദുരന്തേതിഹാസമായി രചിക്കപ്പെട്ട 'ആടുജീവിത'ത്തിനുശേഷം മലയാളിയുടെ വായനയെ അടിമുടി ഉലച്ചുകളഞ്ഞ പ്രവാസരചനയെന്ന നിലയിലാണ് ബഷീർ തിക്കോടിയുടെ 'പരേതർക്കൊരാൾ' എന്ന ഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ഗൾഫ്ജീവിതത്തിന്റെ പൊരിവെയിൽ ഭൂമികകളിലും വറ്റിവരണ്ടു പോകാത്ത മനുഷ്യത്വത്തിന്റെ തെളിനീരുറവപോല
മരുഭൂമി, മനുഷ്യമനസ്സിലേക്കു പടർന്നുകയറുന്നതിന്റെ ദുരന്തേതിഹാസമായി രചിക്കപ്പെട്ട 'ആടുജീവിത'ത്തിനുശേഷം മലയാളിയുടെ വായനയെ അടിമുടി ഉലച്ചുകളഞ്ഞ പ്രവാസരചനയെന്ന നിലയിലാണ് ബഷീർ തിക്കോടിയുടെ 'പരേതർക്കൊരാൾ' എന്ന ഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ഗൾഫ്ജീവിതത്തിന്റെ പൊരിവെയിൽ ഭൂമികകളിലും വറ്റിവരണ്ടു പോകാത്ത മനുഷ്യത്വത്തിന്റെ തെളിനീരുറവപോലെ ഒരു മനുഷ്യന്റെ കർമ്മമണ്ഡലം കുളിരുപകരുന്നതിന്റെ അസാധാരണമായ കഥ പറയുകയാണ് ബഷീർ. ഗൾഫിൽ, കഴിഞ്ഞ പത്തുവർഷം മരിച്ച ആയിരത്തി അറുനൂറിലേറെ സാധാരണ മനുഷ്യരുടെ മൃതദേഹം നാട്ടിലെത്തിക്കുകയോ ഏറ്റുവാങ്ങാൻ ആരുമില്ലാത്തവരുടെ മൃതദേഹം സ്വയം സംസ്‌കരിക്കുകയോ ചെയ്ത അഷ്‌റഫ് താമരശ്ശേരി എന്ന മലയാളിയുടെ ചോരയും കണ്ണീരുമിറ്റുനിൽക്കുന്ന ജീവിതയാത്രയാണ് അറുപതുപുറങ്ങളിൽ ഒതുങ്ങുന്ന ഈ ചെറുപുസ്തകം. ഒപ്പം ബി.എം. സുഹ്‌റ, കെ.പി. രാമനുണ്ണി, ബാബു ഭരദ്വാജ് തുടങ്ങിയവരുടെ ചില കുറിപ്പുകളും അനുഭവങ്ങളും. മുൻപു നാം കേൾക്കുകപോലും ചെയ്യാത്ത ഒരു ജീവിതനിയോഗം സ്വയം ഏറ്റുവാങ്ങി പ്രവാസലോകത്തിൽ ഒരു പച്ചത്തുരുത്തും ഒറ്റമരത്തണലുമായി അഷ്‌റഫ് വഴിമാറി നടക്കുന്നതിന്റെ വിസ്മയകരമായ അനുഭവമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ആരും നമസ്‌കരിക്കും, ഈ മനുഷ്യന്റെ കാൽച്ചുവട്ടിൽ.
പ്രശസ്ത കഥാകൃത്ത് പി.ജെ.ജെ. ആന്റണിയുടെ 'മൃതരുടെ പുനരധിവാസം' എന്ന കഥ വായിച്ചവർക്കറിയാം, അഷ്‌റഫിന്റെ ദൗത്യം പകരുന്ന ആശ്വാസത്തിന്റെ വില. ഗൾഫിൽ മരിക്കുന്ന അനാഥരായ പ്രവാസികളുടെ മൃതദേഹം അധികൃതരിൽനിന്ന് ഏറ്റുവാങ്ങി മരുഭൂമിയിൽ സ്വയം കുഴിയെടുത്തു സംസ്‌കരിക്കുന്ന കാർലോസിന്റെ ജീവിതമാണ് ആന്റണിയുടെ കഥ. ഒടുവിൽ ഒരു കുഴി അയാൾ തനിക്കും കരുതിവച്ചിരുന്നു. മലയാളത്തിലെ പ്രവാസസാഹിത്യത്തിന്റെ സമീപകാല ചരിത്രത്തിൽ മർത്യായുസ്സിന്റെ ക്ഷണപ്രഭാചാഞ്ചല്യത്തെക്കുറിച്ചെഴുതപ്പെട്ട (പി. മോഹനന്റെ 'കാലസ്ഥിതി'യും മറ്റുംപോലെ) അസാധാരണമായ ഒരു ഭാവനയാണ് ഈ രചന. അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതമാകട്ടെ, കാർലോസിന്റെ കഥയെക്കാൾ വിചിത്രമായ അനുഭവങ്ങളുടെ ഒരു മഹോപാഖ്യാനവുമാണ്.
ബഷീർതന്നെ എഴുതുന്നതുപോലെ, 'കഴിഞ്ഞ മണിക്കൂറിൽ മണ്ണുചവിട്ടിനടന്നവൻ തുണനിൽക്കാത്ത ജീവിതാവസ്ഥകൾ വിട്ട് അവസാനയാത്രയ്‌ക്കൊരുങ്ങുമ്പോൾ അവിടേക്ക് നീണ്ടുചെല്ലുന്ന ഹൃദയശൂന്യതയാണ് ഈ പുസ്തകത്തിന്റെ നീതി. ജീവിക്കുക എന്നത് ഒട്ടും അനായാസമല്ലെന്നും അതിനെക്കാൾ പ്രയാസമുള്ളതായി മറ്റൊന്നുമില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന, ജീവിതത്തെ മാറ്റിനടേണ്ട മാർഗങ്ങൾ ഉദ്‌ബോധിപ്പിക്കുന്ന ഓർമപ്പുസ്തകം കൂടിയാണിത്'.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുങ്കര സ്വദേശിയാണ് അഷ്‌റഫ്. കടുത്ത ദാരിദ്ര്യംകൊണ്ട് ശ്വാസംമുട്ടിയ ബാല്യം. സ്‌കൂൾപഠനംപോലും പൂർത്തിയാക്കാതെ ഗൾഫിലേക്ക്. പിന്നെ ഒരു സുഹൃത്തുമൊത്ത് ഒരു വർക്ക്‌ഷോപ്പ് തുടങ്ങി. ഇന്നിപ്പോൾ ഏതാണ്ട് മുഴുവൻസമയവും ദൈവനിയോഗമെന്നപോലെ മരിച്ചമനുഷ്യർക്കു വേണ്ടി ജീവിക്കുകയാണ് അഷ്‌റഫ്. ഒപ്പം, എല്ലാ പിന്തുണയും സഹായവും നൽകി ഭാര്യയും മൂന്നു മക്കളും. [BLURB#1-H]ഷാർജയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ അച്ഛന്റെ മൃതദേഹവും വച്ച് എന്തുചെയ്യണമെന്നറിയാതെ അമ്പരന്നിരുന്ന പുനലൂർ സ്വദേശികളായ രണ്ടു ചെറുപ്പക്കാരുടെ സങ്കടം പങ്കിട്ടുതുടങ്ങിയതാണ് അഷ്‌റഫിന്റെ ഈ ജീവിതയാത്ര. പിന്നെ പരേതർക്കുവേണ്ടിയായി ഈ മനുഷ്യന്റെ ജന്മം. മുപ്പത്തെട്ടു രാജ്യങ്ങളിൽനിന്നുള്ള ആയിരത്തി അറുനൂറോളം പ്രവാസികളുടെ മരണാനന്തര സഹോദരനായി മാറി, അഷ്‌റഫ്. നിഷ്‌കാമകർമം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. തികച്ചും വേറിട്ടവഴി. 'ഒരു മൃതദേഹം കയറ്റി അയച്ചാൽ കുറഞ്ഞത് അഞ്ഞൂറ് ദിർഹംസ് ആരുചോദിച്ചാലും തരും. ഇന്നൊക്കെയാണെങ്കിൽ ദിവസവും മൂന്നും നാലും ഉണ്ടാകും. ഒന്നു കൂട്ടിനോക്കൂ. ഒരു മാസത്തിൽ എത്ര കാശുണ്ടാക്കാം. ഒരു ചില്ലിക്കാശും ഇന്നുവരെ ഞാൻ വാങ്ങിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ചെയ്യുന്നത് കർമമാണ്. കാശുവാങ്ങിച്ചാൽ അതൊരു തൊഴിലാകും. പിന്നെ, ആരോർക്കാൻ, എന്നെ?' ചില്ലിട്ടു സൂക്ഷിക്കണം, ആർത്തിപെരുത്ത് ജീവിതത്തിനു നെടുകെയും കുറുകെയും നെട്ടോട്ടമോടുന്ന മലയാളി, ഈ വാക്കുകൾ. 'സമ്പാദ്യം ഒരു സമാധാനവും തരൂല', എന്ന സ്വന്തം ജീവിതതത്വം മാത്രം പ്രമാണമാക്കി അഷ്‌റഫ് മുന്നോട്ടുപോകുന്നു. ഒരാളിൽനിന്നും ഒരു ചില്ലിക്കാശുപോലും വാങ്ങാതെ, ഒരാളെയും അനാഥശവമായവശേഷിപ്പിക്കാതെ.
[BLURB#2-VR]ശവംപോലെ തണുത്തുറഞ്ഞ അനുഭവങ്ങളുടെ ഒരു വൻകടൽതന്നെയുണ്ട് അഷ്‌റഫിന്റെ യാത്രകൾക്കു കൂട്ടായി. അവയിൽ ചിലതുമാത്രം ബഷീർ അത്ഭുതാദരങ്ങളോടെ പകർത്തിവെയ്ക്കുന്നു. അപകടമരണങ്ങൾ, ആത്മഹത്യകൾ, സ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ.... പ്രവാസികളുടെ അന്ത്യയാത്രകൾ പലവിധമാണ്. അന്യരാജ്യത്ത്, എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെടുന്ന ബന്ധുക്കൾ ആരും തിരിഞ്ഞുനോക്കാനില്ലാത്തവർ, നാട്ടിൽ ഗതികെട്ടവരായി കാത്തിരിക്കുന്ന ഉറ്റവർ, നിരാശ്രയരായിപ്പോകുന്ന ഉടയവർ, കൈവിട്ടുപോകുന്ന സുഹൃത്തുക്കൾ... മനുഷ്യരുടെ എത്രയും നിന്ദ്യവും വിലകുറഞ്ഞതുമായ അവസ്ഥകളിൽ നിന്നാണ് അഷ്‌റഫ് തന്റെ നന്മയുടെ മാത്രം പിൻബലത്തിൽ അതുല്യമായ സമ്പത്തുകൊയ്തുകൂട്ടുന്നത്. കാരണം, ജീവിതത്തിന്റെ മഹാവിസ്മയങ്ങൾ ബാക്കിയാക്കി മരണത്തിന്റെ തണുത്ത കരങ്ങളിലേക്കു മുഖം പൂഴ്‌ത്തിമായുന്ന നിർധനവും നിരാധാരവുമായ വിധിയെഴുത്തുകളെയാണ് അഷ്‌റഫിനു നേരിടാനുള്ളത്. അതദ്ദേഹം അങ്ങേയറ്റം ആത്മാർഥതയോടെ, നിസ്വാർഥവും നിശ്ശബ്ദവുമായി ഏറ്റെടുക്കുകതന്നെ ചെയ്യും. ഓഫീസുകളിൽ കയറിയിറങ്ങി നടന്ന്, ഭക്ഷണംപോലും കഴിക്കാൻ മറക്കുന്ന രാപ്പകലുകൾ, പണമുണ്ടാക്കാനുള്ള പെടാപ്പാടുകൾ, നിയമപ്പോരാട്ടങ്ങൾ.
[BLURB#3-VL]അഷ്‌റഫിന്റെ ജീവിതം പ്രവാസികളുടെ മാത്രമല്ല, മുഴുവൻ മനുഷ്യരുടെയും ആർത്തിയും ദുരയും നിറഞ്ഞ ജന്മത്തോടു പറഞ്ഞുതരുന്ന ഒരു പാഠമുണ്ട്. ഓരോ മരണത്തിനു പിന്നിലും, ആ മരണത്തെക്കാൾ എത്രയോ വലിയ ഒരു ജീവിതമുണ്ട്. മരിച്ചവർക്കുവേണ്ടി ജീവിക്കുമ്പോൾതന്നെ ജീവിതത്തിന്റെ മഹത്വത്തെയും സൗന്ദര്യത്തെയും കുറിച്ചാണ് അഷ്‌റഫ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്; സ്വന്തം കർമംകൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുന്നതും. സ്വാഭാവികമായും അത്യപൂർവമായ ഇത്തരമൊരു ജീവിതത്തിന്റെ കഥ പറയുമ്പോൾ കുറെക്കൂടി ആഴവും പരപ്പും അനുഭവങ്ങളുടെ ചൂടും ചൂരും പകരാൻ ബഷീർ തിക്കോടിക്കു കഴിഞ്ഞിരുന്നുവെങ്കിൽ എന്നൊരു ഖേദം, ഈ പുസ്തകത്തിന്റെ വായന ആരിലും അവശേഷിപ്പിക്കും. എങ്കിലും അഷ്‌റഫിനെ മലയാളിക്കു പരിചയപ്പെടുത്തിയതിന്റെ പേരിൽ ബഷീറിന് അഭിമാനിക്കാം.
പരേതർക്കൊരാൾ
ബഷീർ തിക്കോടി
മാതൃഭൂമി ബുക്‌സ്, 2015
വില : 90 രൂപ
പുസ്തകത്തിൽനിന്ന്
ഇന്ത്യക്കാരടക്കമുള്ള വിദേശികളാരെങ്കിലും യു.എ.ഇ.യിൽ മരിച്ചാൽ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാണ് ആദ്യം വിവരം അറിയിക്കേണ്ടത്. പൊലീസ്, കേസ് നമ്പർ തരും. അതുമായി കോടതിയെ സമീപിച്ച് ക്ലിയറൻസിനായി സിഐഡി. ഓഫീസിലേക്കോടും. മരണസർട്ടിഫിക്കറ്റിനായി രണ്ടു കത്തുകൾ വേണം. അതാത് എമിറേറ്റ്‌സിലെ മെഡിക്കൽ സെന്ററുകളിലാണ് ഈ പേപ്പർ ഹാജരാക്കേണ്ടത്. ഷാർജയിലാണ് മരണമെങ്കിൽ അവിടുത്തെ സിഐഡി. ഓഫീസിൽനിന്ന് അഞ്ചു പേപ്പറുകൾ നല്കും. ഒന്ന് ദുബൈ പൊലീസിന്. മറ്റേത് ഷാർജാ വിമാനത്താവളം പൊലീസിന്. മൂന്ന്, മൃതദേഹം ഏറ്റെടുക്കാൻ മോർച്ചറിയിലേക്ക്. നാല്, ആംബുലൻസ് സർവീസിന്. അഞ്ച്, ആശുപത്രിയിലേക്ക്. തുടർന്ന്, വിസ റദ്ദാക്കിയതിനുശേഷം എംബസിയെയോ കോൺസുലേറ്റിനെയോ സമീപിച്ച് പാസ്‌പോർട്ട് കാൻസൽ ചെയ്യിക്കണം. ഇതുമായി ചെന്നാൽ ദുബൈ പൊലീസ് നല്കുന്ന രണ്ട് ലെറ്ററുകളിലൊന്ന് ദുബൈ വിമാനത്താവളത്തിലും മറ്റേത് എംബാമിങ് കേന്ദ്രത്തിലും ഏല്പിക്കണം. അപ്പോൾ മൃതദേഹം റിലീസാക്കാൻ അനുമതിപത്രം തരും. അതുമായി ഷാർജ മുനിസിപ്പാലിറ്റിയിൽ ചെന്നാൽ ആംബുലൻസ് കിട്ടും. പേപ്പർ മുഴുവനും ഹാജരാക്കിയാൽ മൃതദേഹം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തുനിന്ന് വിട്ടുതരും. പിന്നീട് കാർഗോയിലെ സ്ഥലസൗകര്യം പരിശോധിച്ച് മൃതദേഹത്തിന്റെ കൂടെ പോകുന്ന ആളുടെ വിമാനടിക്കറ്റുമെടുത്ത് കാർഗോ വില്ലേജിൽ അഥവാ എയർപോർട്ടിലെത്തണം. എംബാമിങ് കഴിഞ്ഞാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റും വിമാനടിക്കറ്റുമായി വീണ്ടും കോൺസുലേറ്റിനെ സമീപിക്കണം.
കോൺസുലേറ്റിൽനിന്ന് സ്റ്റാമ്പുചെയ്ത കത്തിന്റെ പകർപ്പ് കാർഗോവില്ലേജിൽ ഹാജരാക്കണം. മൃതദേഹത്തിന്റെ ഭാരമനുസരിച്ച് ഏതാണ്ട് 500 മുതൽ 2000 ദിർഹം വരെ ലാഗേജിന്, അതായത് മൃതദേഹത്തിന് തൂക്കക്കൂലി കൊടുക്കണം. ഇത്രയും ചെയ്യേണ്ട കാര്യങ്ങൾ. എഴുതാനും വായിക്കാനും വളരെയെളുപ്പം. ഒരുവട്ടംതന്നെ നിരവധി തവണ കയറിയിറങ്ങിയാൽ ആർക്കും മടുക്കും. അഷ്‌റഫ് എന്നും പറയുക 'യു.എ.ഇ.യിലെ ഗവൺമെന്റ് ഓഫീസുകളിൽ ചെന്നാൽ ഒരു പ്രയാസവുമില്ല. ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പോയാലാണ് യഥാർഥ ഭാരതസ്‌നേഹം നമ്മൾ തിരിച്ചറിയുക. ഓരോരോ കാരണങ്ങൾ കണ്ടെത്തി മടക്കി അയയ്ക്കുന്നതിലാണ് അവർക്ക് താത്പര്യം. യഥാർഥത്തിൽ അവർ ചെയ്യേണ്ട ജോലിയാണിത്. ഒരു നയാപൈസ പ്രതിഫലം പറ്റാതെ സാമൂഹികപ്രവർത്തകനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് നമ്മുടെ എംബസി അധികൃതർ ചെയ്യുക'.
മുപ്പത്തിയെട്ടു രാജ്യക്കാരുടെ മൃതദേഹങ്ങൾ അവരുടെ നാട്ടിലെത്തിക്കാൻ കഴിഞ്ഞ അഷ്‌റഫിന് ഏറെ വേദനയും അമർഷവും തോന്നുന്ന കാര്യം എംബാമിങ് സർട്ടിഫിക്കറ്റ് രണ്ടാമതും ഹാജരാക്കി സ്റ്റാമ്പ് ചെയ്യിക്കണമെന്ന ഇന്ത്യൻ എംബസിയുടെ നിയമമാണ്. അത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും. ഉത്തരേന്ത്യൻ തൊഴിലാളികൾ മരിച്ചാലാണ് ഏറെ സങ്കടകരം. ജോലിചെയ്യുന്ന കമ്പനി പലപ്പോഴും കൈകഴുകും. കൂടെ ജോലിചെയ്യുന്ന ചെറിയ ശമ്പളക്കാർ പിരിവെടുത്താണ് കൂടെ പോരുന്ന ആളുടെ ടിക്കറ്റിന് പണം കണ്ടെത്തുന്നത്. നമ്മുടെ സ്വന്തം വികാരമായ എയർ ഇന്ത്യ മാത്രമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ ഉയർന്ന നിരക്ക് ഈടാക്കുന്നത്. ജനാധിപത്യത്തിന്റെ വലിയ മുഴക്കമുണ്ടല്ലോ! പ്രവാസി സംഘടനകളുടെ ആയിരം ഗ്രൂപ്പുകൾ തിരിഞ്ഞുള്ള പോരാട്ടമോ, സാക്ഷരതയുടെ മേലാപ്പോ, അടുത്ത പതിറ്റാണ്ടിൽ ലോകത്തിലെ നമ്പർവൺ സാമ്പത്തികശക്തിയായി വളരുമെന്ന വീമ്പിളക്കലോ, ഡൽഹിയിലെയും കേരളത്തിലെയും സർക്കാറുകളെ തന്റെ വിരൽത്തുമ്പുകൊണ്ട് നിയന്ത്രിക്കുന്ന മുതലാളിമാരോ പാക്കിസ്ഥാൻ സ്വദേശികൾക്ക് സ്വന്തമല്ല. ബംഗ്ലാദേശുകാരനും ശ്രീലങ്കക്കാരനും നേപ്പാളിയും ഫിലിപ്പീൻസുകാർക്കും ഈവക സംഘബോധമൊന്നുമില്ല.
എന്നാൽ ഒരു പാക്കിസ്ഥാനി മരണപ്പെട്ടാൽ ദേശീയവിമാനക്കമ്പനിയായ പി.ഐ.എ.യിലും സ്വകാര്യ വിമാനക്കമ്പനികളായ ഷഹീൽ എയർ, ബ്ലൂ എയർ എന്നീ വിമാനങ്ങളിലും സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാം. നിരവധി രാജ്യങ്ങളിലേക്ക് മൃതദേഹങ്ങൾ സൗജന്യമായി കയറ്റി അയയ്ക്കാം. മരിച്ചവൻ മറ്റു പ്രവാസികളെപ്പോലെ ഇനി കാത്തിരിക്കില്ല. ഇന്ത്യയുടെ ഏതെങ്കിലും മെട്രോ നഗരത്തിലെ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവാസി ദിവസ് എന്ന മാമാങ്കം - എത്രയെത്ര മാമാങ്കങ്ങൾ - നിവേദനങ്ങൾ എല്ലാം ഇവിടെ നിന്ന് വിമാനം കയറുന്നതോടെ ശൂന്യമാകുന്നു.
മരണം എന്ന വാക്കുപോലും ഉൾഭയത്തിന്റെ ആലയിൽ കാച്ചിയെടുത്തതാണ്. ഒരാളുടെ ജീവിതവെപ്രാളങ്ങളിലേക്ക് മരണം അനുവാദമില്ലാതെ കടന്നുവരുമ്പോൾ ഉരുകിയൊലിക്കുന്ന നോവിന്റെ തളർച്ചയിൽ ഉറ്റവരും ഉടയവരും പകച്ചുനില്ക്കും. അപ്പോൾ താങ്ങുംതണലുമായി, മരണം കൂട്ടിക്കൊണ്ടുപോയവരുടെ കൂട്ടുകാരനായി അഷ്‌റഫ് ഉണ്ടാകും, ഒപ്പം. ജീവകാരുണ്യവഴിയിൽ വേറിട്ടൊരു വഴിതന്നെയാണിത്.