പാരീസ്: പാരീസിലെ ജനനനിരക്ക് 40 വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് റിപ്പോർട്ട്. താഴുന്ന ജനനനിരക്ക് വർധിപ്പിക്കാൻ ശക്തമായ നടപടികൾ അധികൃതരിൽ നിന്ന് വേണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. 1975-നു ശേഷം ഇതാദ്യമായാണ് പാരീസിലെ ജനനനിരക്കിൽ ഇത്രയും ഇടിവു രേഖപ്പെടുത്തുന്നത്. ഫ്രാൻസിൽ ആദ്യമായി ഗർഭഛിദ്രം നിയമവിധേയമാക്കിയ വർഷം ജനനനിരക്കിൽ വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

2012-ൽ ജനനനിരക്ക് 30,000 എന്നായിരുന്നത് ഇപ്പോൾ അതിലും ഏറെ താഴ്ന്നിരിക്കുകയാണെന്ന് ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇക്കണോമിക് സ്റ്റഡീസ് വെളിപ്പെടുത്തുന്നു. 2013-ൽ പാരീസിൽ 28,945 കുഞ്ഞുങ്ങളാണ് ജനിച്ചത്. 1990-ന്റെ അവസാനം ജനനനിരക്ക് നേരിയ വർധന രേഖപ്പെടുത്തിയിരുന്നെങ്കിലും 2011 മുതൽ ഇത് ഇടിയാൻ തുടങ്ങി. നിലവിലുള്ള ജനനനിരക്ക് 2004-നെക്കാളും ഒമ്പതു ശതമാനം താഴെയാണ്.

രാജ്യത്താകെമാനം ജനനനിരക്കിൽ ഇടിവാണ് രേഖപ്പെടുത്തുന്നതെങ്കിലും ജനനനിരക്കിൽ ഏറ്റവും ഇടിവു രേഖപ്പെടുത്തുന്നത് പാരീസിലാണ്. 2012-നെ അപേക്ഷിച്ച് 2013-ൽ ഫ്രാൻസിലാകെമാനം ജനനനിരക്കിൽ 1.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരേ ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പലയിടത്തു നിന്നും മുറവിളി ഉയർന്നിട്ടുണ്ട്. ഇതിനേറ്റവും ആവശ്യം കൂടുതൽ ചൈൽഡ് കെയർ സെന്ററുകൾ സ്ഥാപിക്കുകയെന്നതാണ്.

2020-ഓടെ അയ്യായിരം ചൈൽഡ് കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് പാരീസ് മേയർ ആനി ഹിഡാൽഗോ കഴിഞ്ഞവർഷം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതാണെങ്കിലും ഇതുവരെ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം പാരീസിലെ ജനനനിരക്ക് കുറയാൻ കാരണം സ്ത്രീകൾക്ക് തങ്ങളുടെ ആദ്യത്തെ കുഞ്ഞുണ്ടാകുന്നതിലുള്ള കാലതാമസമാണെന്ന് സിറ്റി കൗൺസിലർ നവൽ ഔമർ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ഇതിനൊരു കാരണമാണെന്ന് ചില സംഘടനകൾ വാദിക്കുന്നു. മിക്ക കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടു മതി കുഞ്ഞുണ്ടാകുന്നത് എന്നു കരുതിയിരിക്കുന്ന ദമ്പതികളും കുറവല്ല.

അടുത്ത കാലത്ത് സർക്കാർ ഫാമിലി ബെനിഫിറ്റ് വെട്ടിക്കുറച്ചതും ഇതിനു കാരണമായി പറയുന്നുണ്ട്. സർക്കാരിന് 700 മില്യൺ യൂറോയുടെ ലാഭം ഉണ്ടാകുന്നതിനായി ഫാമിലി വെൽഫെയർ ബെനിഫിറ്റ് വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതു കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയെ ഉലച്ചുകളഞ്ഞുവെന്നും കുഞ്ഞുങ്ങളുണ്ടായാൽ തങ്ങൾക്ക് ഏറെ ബാധ്യതയുണ്ടാകുമെന്ന ഭയവും ജനനനിരക്കിൽ ഇടിവുണ്ടാകാൻ കാരണമായി എടുത്തുപറയുന്നു.