പാരിസ്: അസഹിഷ്ണുതയുടെ പേരിൽ ഇന്ത്യയിൽ വിമർശനം നേരിടുമ്പോഴും മോദി ആഗോള രാജ്യങ്ങൾക്കിടയിൽ സൂപ്പർ സ്റ്റാർ തന്നെ. അമേരിക്കൻ പ്രസിഡന്റിനെയും ഫ്രഞ്ച് പ്രസിഡന്റിനെയും കൈചൂണ്ടി നിർത്തുന്ന ഈ ഒറ്റചിത്രം മതി ഇന്ത്യക്ക് അഭിമാനിക്കാൻ. 120 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് കാലാവസ്ഥാ ഉച്ചകോടിയിൽ പല നിണ്ണായക ചുവടുവെപ്പുകളും നടത്താൻ സാധിക്കും. അതുകൊണ്ട് കൂടിയാണ് മോദി ഉച്ചകോടിയിലെ താരമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും ചേർന്നാണു ഉച്ചകോടിയുടെ പ്രഖ്യാപനം നടത്തിയത് എന്നതു തന്നെ മോദിയെ ആഗോള നേതാവായി അംഗീകരിച്ചു എന്നതിന്റെ തെളിവായി വിലയിരുത്തുന്നു. യുഎസ് ഉൾപ്പെട്ട വമ്പൻ ചേരിക്കെതിരെ ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ സ്വരമായി മാറാനും മോദിക്കു കഴിഞ്ഞു. നവംബർ 30ന് രാത്രി ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്ത് മോദി നടത്തിയ പ്രസംഗമാണ് കാലാവസ്ഥാ ചർച്ചയുടെ ഗതി തിരിച്ചുവിട്ടതും തന്നെ. അതിനിടെ മോദിയും ഒബാമയും ഒലോന്ദിന്റെയും ചിത്രവും വൈറലായിട്ടുണ്ട്.

സമ്മേളനം തുടങ്ങിയതോടെ പല കാര്യങ്ങൾക്കും ചുക്കാൻപിടിക്കുന്നത് മോദിയാണ്. പുനരുപയോഗ ഊർജം ആഗോളമാക്കാനുള്ള വികസിത - വികസ്വര രാഷ്ട്രക്കൂട്ടായ്മയ്ക്ക് ഇന്ത്യ മൂന്നുകോടി ഡോളർ വാഗ്ദാനം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളർ എനർജി വളപ്പിലായിരിക്കും രാജ്യാന്തര സൗരോർജ കൂട്ടായ്മയുടെ പ്രവർത്തനകേന്ദ്രം. അഞ്ചുവർഷത്തേക്ക് ഇന്ത്യ നയിക്കും. ഇതിനായാണു മൂന്നുകോടി ഡോളർ ചെലവഴിക്കുക. നൂറിലേറെ രാജ്യങ്ങൾ സൗരോർജ കൂട്ടായ്മയിൽ പങ്കാളികളാകും.

ഇന്നു പുതിയ പ്രതീക്ഷയുടെ സൂര്യോദയമാണെന്നു മോദി പറഞ്ഞു, ഇന്നും ഇരുളിൽ കഴിയുന്ന ഗ്രാമങ്ങൾക്കും വീടുകൾക്കും ഇതു പ്രകാശം പകരും. സൗരോർജത്തിന്റെ പ്രധാന്യം ഋഗ്വേദം ഉദ്ധരിച്ചാണു പ്രധാനമന്ത്രി വിശദീകരിച്ചത്. ഇന്ത്യക്കാരിലേറെയും പ്രഭാതം തുടങ്ങുന്നതു സൂര്യനമസ്‌കാരത്തോടെയാണ്. ഇന്ത്യയുടെ പാരമ്പര്യത്തിൽ സൂര്യനാണ് എല്ലാ ഊർജരൂപങ്ങളുടെയും സ്രോതസ്സ് - മോദി പറഞ്ഞു.

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇന്ത്യ - ആഫ്രിക്ക ഉച്ചകോടിയാലണു സൗരോർജ കൂട്ടായ്മ എന്ന ആശയം മോദി മുന്നോട്ടുവച്ചത്. ഒലോൻദും മോദിയും ചേർന്നെഴുതിയ ആമുഖത്തോടെ തയാറാക്കിയ പ്രകൃതിയെ സംബന്ധിച്ച ഉദ്ധരണികളുടെ പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

ആഗോളതാപനം തടയാനുള്ള നിർണായക തീരുമാനങ്ങൾക്കായി 150 രാജ്യങ്ങൾ കാലാവസ്ഥാ ഉച്ചകോടിയിൽ കൂടിയാലോചനകൾ തുടങ്ങി. ഐക്യരാഷ്ട്രസംഘടനയുടെ രണ്ടു ദശകം നീണ്ട രാജ്യാന്തര ശ്രമങ്ങൾക്കൊടുവിലാണു സമ്മേളനം നടക്കുന്നത്. കാലാവസ്ഥാവ്യതിയാനം ചെറുക്കാൻ നിയമവിധേയവും ആഗോളവുമായ ധാരണകളാണു സമ്മേളനത്തിന്റെ ലക്ഷ്യം.

കാർബൺ പുറന്തള്ളുന്നതിന്റെ തോതു ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതിക്ക് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. പുനരുപയോഗ ഊർജരീതികൾ വ്യാപകമാക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമുള്ള നടപടികളുടെ പണച്ചെലവ് എങ്ങനെ പങ്കുവയ്ക്കുമെന്ന കാര്യത്തിലാണു ഭിന്നതകൾ. ഹരിത ഊർജപദ്ധതികൾക്ക് ഇന്ത്യയും ചൈനയും നേതൃത്വം നൽകണമെന്നാണു യുഎസ് നിലപാട്.