പാരീസ്: നിങ്ങൾ ജോലിയിൽ പ്രവേശിച്ച കുറഞ്ഞ ശമ്പളമുള്ള ഒരു യുവാവോ യുവതിയോ ആണോ..?. എങ്കിൽ പാരീസിലേക്ക് പോകുക. അവിടെയായിരിക്കും നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുക. ടൊറന്റോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് തയ്യാറാക്കിയ യൂത്ത്ഫുൾ സിറ്റീസ് അഫോർഡബിലിറ്റി ഇന്റക്‌സിലാണ് പാരീസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 25 നഗരങ്ങളിൽ നിന്നാണ് പാരീസിനെ യുവജനങ്ങൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ഘടകങ്ങളെ പരിഗണിച്ചാണ് അഫോർഡബിലിറ്റി നിശ്ചയിച്ചിരിക്കുന്നത്. ബെർലിൻ, റോം, ടൊറന്റോ തുടങ്ങിയ നഗരങ്ങൾ യുവാക്കളെ സംബന്ധിച്ചിടത്തോളം ചെലവേറിയ നഗരങ്ങളാണെന്ന് ഇന്റക്‌സ് ചൂണ്ടിക്കാട്ടുന്നു.

മിനിമം വേജ് ലെവൽ, വാടക, ബർഗറിനുള്ള വില, തുടങ്ങിയ ചെറുതും വലുതുമായ കാര്യങ്ങൾ കണക്ക് കൂട്ടിയാണ് അതാത് നഗരങ്ങളിലെ ജീവിതച്ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ചെലവുകളെ ഒരു മണിക്കൂർ ജോലിക്കുള്ള ശമ്പളവുമായി താരതമ്യപ്പെടുത്തുന്നതിലൂടെ ഒരു നഗരത്തിലെ അഫോർഡബിലിറ്റി കണക്കാക്കാമെന്നാണ് ഈ ഇൻഡക്‌സ് വ്യക്തമാക്കുന്നത്. 15നും 29നും ഇടയിൽ പ്രായമുള്ളവരുടെ കാര്യം പരിഗണിച്ചാണ് ചെലവുകൾ കണക്കാക്കിയത്. ചുരുങ്ങിയ ജീവിതച്ചെലവിന്റെ കാര്യത്തിൽ ടൊറന്റോവിന് രണ്ടാം സ്ഥാനവും ലോസ് ഏയ്ഞ്ചൽസിന് മൂന്നാം സ്ഥാനവുമാണുള്ളത്.

ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം അഫോർഡബിലിറ്റിക്കാണ് യുവാക്കൾ പ്രഥമ പരിഗണന നൽകുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉചിതമായ മിനിമം വേജിന് നഗരത്തിന്റെ അഫോർഡബിലിറ്റിയിൽ മുഖ്യപങ്കുണ്ടെന്ന് ഈ ഇൻഡക്‌സിലെ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  ഈ ഇൻഡക്‌സ് പ്രകാരം മണിക്കൂറിന് ഏറ്റവും കൂടുതൽ മിനിമം വേതനം ലഭിക്കുന്നത് പാരീസിലാണ്. അതായത് മണിക്കൂറിന് 9.53 യൂറോയാണിവിടുത്തെ പ്രതിഫലം. ഇക്കാര്യത്തിൽ ബെർലിന് രണ്ടാം സ്ഥാനവും റോമിന് മൂന്നാം സ്ഥാനവുമാണുള്ളത്.

ഏറ്റവും ചുരുങ്ങിയ നിരക്കിൽ സിനിമാടിക്കറ്റുകൾ ലഭിക്കുന്ന കാര്യത്തിൽ ടോപ്പ് 3 കാറ്റഗറിയിലാണ് മേൽപ്പറഞ്ഞ മൂന്ന് നഗരങ്ങളുമുള്ളത്. ഇവയിൽ റോമിലാണ് ഏറ്റവും ചുരുങ്ങിയ സിനിമാടിക്കറ്റ് ചാർജുള്ളത്. ബെർലിന് രണ്ടാം സ്ഥാനവും പാരീസിന് മൂന്നാംസ്ഥാനവുമാണ് ഇക്കാര്യത്തിലുള്ളത്. പാരീസിൽ ഒരുസിനിമ കാണാൻ ഒരു മണിക്കൂർ നേരത്തെ ശമ്പളം മതിയാകും. എന്നാൽ നെയ്‌റോബിയിൽ സിനിമാടിക്കറ്റെടുക്കണമെങ്കിൽ 50 മണിക്കൂർ ജോലിചെയ്യേണ്ടി വരുമെന്നാണ് താരതമ്യ പഠനം തെളിയിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കിയാണ് നഗരങ്ങളുടെ അഫോർഡബിലിറ്റി കണക്ക് കൂട്ടിയത്.