ന്യൂഡൽഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തീരുമാനം. ഐ.എസ് ബന്ധത്തിന്റെ പേരിൽ എൻ.ഐ.എ കനകമലയിൽ നിന്നും അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവർക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണവുമായി സഹകരിക്കാൻ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എൻ.ഐ.എയോട് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മലയാളി ഉദ്യോഗസ്ഥൻ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാൻസിൽ എത്തി. രണ്ട് ദിവസത്തോളം ഇവർ ഫ്രാൻസിൽ ഉണ്ടാവും. 2015 നവംബറിലായിരുന്നു പാരീസിൽ 150 പേർ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കണ്ണൂർ കനകമലയിൽ നിന്നും അക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഇറാഖിലെ മൊസൂളിൽ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. കൂടാതെ ഇയാളുടെ കമാൻഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ട് പേർ കാണാൻ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടർന്ന് എൻ.ഐ.എ ഇക്കാര്യം ഫ്രാൻസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

ഫ്രാൻസിലെ അന്വേഷണ ഉദ്യോഗസ്ഥർ എൻ.ഐ.എ ആസ്ഥാനത്തെത്തി സുബ്ഹാനിക്ക് ചില ഫോട്ടോകൾ കാണിച്ചപ്പോൾ അവരെ സുബ്ഹാനി തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി എൻ.ഐ.എയോട് സഹകരിക്കാൻ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു എ.പി ഷൗക്കത്തലി. 1995 ലെ കേരളപൊലീസ് എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരനാണ്. 2014 ൽ ആയിരുന്നു തലശ്ശേരി ഡി.വൈ.എസ്‌പി ആയിരുന്ന ഷൗക്കത്തലി ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയിലേക്ക് പോയത്.