തളിപ്പറമ്പ്: കോവിഡ് പ്രതിരോധരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ച്ചവയ്ക്കുന്ന പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജ് ആരോപണങ്ങളുടെ ശരശയ്യയിൽ. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ സർക്കാർ മെഡിക്കൽ കോളേജിനെതിരെ ഇപ്പോൾ ഉയർന്നു വരുന്നത്. എന്നാൽ മെഡിക്കൽ കോളേജിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന. നിലപാടിലാണ് മെഡിക്കൽ കോളേജ്അധികൃതർ.

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെ കുറിച്ച് അനാവശ്യ അപവാദ പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുൻപോട്ട് പോകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് കോവിഡ് രോഗികൾക്ക് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്.

അതിനായി രാപ്പകൽ ഭേദമില്ലാതെ അക്ഷീണം പ്രവർത്തിച്ചവരാണ് സ്ഥാപനത്തിലുള്ള ഓരോ ജീവനക്കാരും. എന്നാൽ അടുത്തിടെ വന്ന ദുഷ്ടലാക്കോടു കൂടിയുള്ളതും അശാസ്ത്രീയവുമായ ചില പ്രചരണങ്ങൾ സ്ഥാപനത്തിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള എല്ലാ ജീവനക്കാരേയും അവഹേളിക്കുന്ന തരത്തിലുള്ളതാണ്. ഗവൺമെന്റ് സ്ഥാപനത്തിനോടുള്ള വിശ്വാസ്യതക്ക് കോട്ടം വരുത്താനുള്ള ബോധപൂർവ്വമായുള്ള നീക്കമായിട്ടു മാത്രമേ ഇത്തരത്തിലുള്ള ശ്രമങ്ങളെ കാണാൻ സാധിക്കൂ.

അടുത്ത ദിവസങ്ങളിൽ ഇതിനെ തുടർന്ന് ഒഴിവാക്കാവുന്ന പ്രകോപനങ്ങളും അനിഷ്ട സംഭവങ്ങളും ചിലത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആരോഗ്യ പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമങ്ങളുടെ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മനോബലം തീർത്തും തകർക്കാനെ ഉപകരിക്കൂ.

ആശുപത്രിയുടെ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നതും അന്തരീക്ഷം കലുഷിതമാക്കുന്നതുമായ ഏതൊരു ശ്രമങ്ങളേയും ശക്തമായി അപലപിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇത്തരം ശ്രമങ്ങൾക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും, രോഗികളുടെ മെച്ചപ്പെട്ട പരിചരണവും ജീവനക്കാരുടെ സുരക്ഷിതമായ ജോലി സാഹചര്യവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും വിവാദങ്ങളുടെ തീയും പുകയും ഉയരുന്നത് ഇതാദ്യത്തെ സംഭവമല്ലെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കേരളത്തിലെ പ്രധാന കൊ വിഡ് ചികിത്സാ കേന്ദ്രങ്ങളിലൊന്നായ പരിയാരം മെഡിക്കൽ കോളേജിനെ ചുറ്റിപ്പറ്റി നേരത്തെയും വിവാദങ്ങൾ ഉയർന്നത് ആരോഗ്യ വകുപ്പിന് തലവേദനയായി മാറിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ഓപറേഷൻ തീയേറ്ററിൽ നുന്നും ഏഴു ലക്ഷം രൂപയുടെ ഉപകരണം കാണാതായെന്ന വാർത്ത പുറത്തു വന്നതാണ് ഇപ്പോൾ വിവാദമായത്.

ആറാം നിലയിൽ പുതുതായി വാങ്ങിയ ലാറൻ ജോ സ്‌കോപ്പി യെന്ന ഉപകരണമാണ് കാണാതായത്. ഇതു കൂടാതെ കോവിഡ് കാലത്ത് മെഡിക്കൽ കോളേജിന് ലഭിച്ച 40 കോടി രൂപയുടെ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും പാഴാക്കുന്നതായും ആക്ഷേപമുയർന്നിരുന്നു. മരുന്നുകൾ അലക്ഷ്യമായി വരാന്തയിൽ കൂട്ടിയിട്ടുവെന്നാണ് ആരോപണം.

ഇതു കൂടാതെ കോവിഡ് കാലത്ത് ബൈപ്പാസ് സർജറി നിർത്തിവെച്ചതിനെ തുടർന്ന് പരിയാരത്തെ സർക്കാർ ഡോക്ടർമാർ പുറത്തു സ്വകാര്യ ആശുപത്രികളിൽ പോയി ശസ്ത്രക്രിയ നടത്തുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.എന്നാൽ ഇതിനെ പൂർണമായി നിഷേധിച്ചു കൊണ്ടാണ് ആരോഗ്യ വകുപ്പ് അധികൃതർ രംഗത്തു വന്നിട്ടുള്ളത്.