- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമായി കൊഴിഞ്ഞ സ്വന്തം പല്ല് അബദ്ധത്തിൽ വിഴുങ്ങിയത് ആറുവയസ്സുകാരി; വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും പ്രശ്നമായപ്പോൾ ആശുപത്രിയിൽ എത്തി; ബാലികയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പുറത്തെടുത്തപ്പോൾ
തളിപ്പറമ്പ്: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും അപുർവ്വ ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്ര രംഗത്ത് അപൂർവ്വ നേട്ടം കൈവരിച്ചു.
ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. ആദ്യമായി കൊഴിഞ്ഞ സ്വന്തം പല്ല് അബദ്ധത്തിൽ വിഴുങ്ങിപ്പോയ കണ്ണൂർ സ്വദേശിനിയായ ആറുവയസ്സുകാരിക്കാണ് ഇതോടെ പുതുജീവൻ കിട്ടിയത്.
കഴിഞ്ഞ ഒന്നരമാസത്തിലേറെയായി വിട്ടുമാറാത്ത ചുമയും വലിവും ശ്വാസതടസ്സവും കാരണം കുട്ടി ദുരിതമനുഭവിക്കുകയായിരുന്നു ഒരുവർഷം മുമ്പേ മാറിയ വലിവിന്റെ അസ്വസ്ഥത വീണ്ടുമുണ്ടായെന്ന് കരുതിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറെ കണ്ടത്. അവിടെനിന്നും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിൽ ഇടത്തേശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന അന്വഷണത്തിനിടെയാണ് വായിൽ നിന്നും കൊഴിഞ്ഞ പല്ല് കാണാതായ വിവരം രക്ഷിതാക്കൾ ഡോക്ടർമാരെ അറിയിച്ചത്.
പല്ല് കുടുങ്ങി, ശ്വാസകോശത്തിലെ ഒരു ഭാഗം അടഞ്ഞു കിടന്നതിനാൽ കഫം ഉൾപ്പടെ കെട്ടിക്കിടന്ന് അണുബാധയും അപകടാവസ്ഥയും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതോടെ, കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ മുന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന പല്ലും, പല്ല് കാരണം ആ ഭാഗം അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധ യുടെ തുടക്കമായ കഫവും നീക്കം ചെയ്തത്.
ശ്വാസകോശവിഭാഗത്തിലെ ഡോ മനോജ് ഡി കെ, ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം ടി.പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ചാൾസ് തോമസ്, ഡോ മോളി ജോസ്, ഡോ ബഷീർ മണ്ഡ്യൻ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്നും, കുട്ടി സുഖം പ്രാപിച്ച് വരുന്നതായും പ്രിൻസിപ്പാൾ ഡോ കെ അജയ കുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ