- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരം മെഡക്കൽ കോളേജിനെതിരായ അപവാദ പ്രചരണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്
തളിപ്പറമ്പ്: പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെ കുറിച്ച് അനാവശ്യ അപവാദ പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ആയിരക്കണക്കിന് കോവിഡ് രോഗികൾക്ക് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന സ്ഥാപനമാണ് കണ്ണൂർ ഗവ: മെഡിക്കൽ കോളേജ്. അതിനായി രാപ്പകൽ ഭേദമില്ലാതെ അക്ഷീണം പ്രവർത്തിച്ചവരാണ് സ്ഥാപനത്തിലുള്ള ഓരോ ജീവനക്കാരും. എന്നാൽ അടുത്തിടെ വന്ന ദുഷ്ടലാക്കോടു കൂടിയുള്ളതും അശാസ്ത്രീയവുമായ ചില പ്രചരണങ്ങൾ സ്ഥാപനത്തിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള എല്ലാ ജീവനക്കാരേയും അവഹേളിക്കുന്ന തരത്തിലുള്ളതാണ്.
ഗവൺമെന്റ് സ്ഥാപനത്തിനോടുള്ള വിശ്വാസ്യതക്ക് കോട്ടം വരുത്താനുള്ള ബോധപൂർവ്വമായുള്ള നീക്കമായിട്ടു മാത്രമേ ഇത്തരത്തിലുള്ള ശ്രമങ്ങളെ കാണാൻ സാധിക്കൂ. അടുത്ത ദിവസങ്ങളിൽ ഇതിനെ തുടർന്ന് ഒഴിവാക്കാവുന്ന പ്രകോപനങ്ങളും അനിഷ്ട സംഭവങ്ങളും ചിലത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആരോഗ്യ പ്രവർത്തക്കർക്ക് നേരെ വർദ്ധിച്ച് വരുന്ന ആക്രമങ്ങളുടെ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരുടെ മനോബലം തീർത്തും തകർക്കാനെ ഉപകരിക്കൂ.
ആശുപത്രിയുടെ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നതും അന്തരീക്ഷം കലുഷിതമാക്കുന്നതുമായ ഏതൊരു ശ്രമങ്ങളേയും ശക്തമായി അപലപിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും, രോഗികളുടെ മെച്ചപ്പെട്ട പരിചരണവും ജീവനക്കാരുടെ സുരക്ഷിതമായ ജോലി സാഹചര്യവും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ നിന്നും ഏഴു ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കാണാതായെന്നും സർജന്മാർ പാർട്ട് ടൈമായി ചില സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നുവെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ വഴിയും ചില മാധ്യമങ്ങൾ വഴിയും പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ