- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്തെ നഴ്സായ കോൺഗ്രസ് രക്തസാക്ഷിയുടെ മകൾ വിഷം കഴിച്ചു മരിച്ചു; കല്ലാടൻ ബീനയുടെ ആത്മഹത്യയിൽ സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് ഡിസിസി അധ്യക്ഷൻ
കണ്ണൂർ: കോൺഗ്രസ് രക്തസാക്ഷി കല്ലാടൻ ചന്ദ്രന്റെ മകൾ കല്ലാടൻ ബീന വിഷം കഴിച്ചു ജീവനൊടുക്കി. നാലുപതിറ്റാണ്ടു മുൻപാണ് കെ.പി.സി. സി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായിയും അംഗരക്ഷകനുമായ കല്ലാടൻ ചന്ദ്രൻ നടാൽ പാലത്തിനടുത്തെ കണ്ടൽക്കാടുകൾക്കിടെയിൽ മീൻപീടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽപ്രതിയായ മാവേലി ശശിയുടെ നേതൃത്വത്തിലാണ് കൊലനടത്തിയത്. ഈ കേസിൽ മാവേലിശശിയടക്കമുള്ളവരെ തലശേരി കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ബീനകണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നേഴ്സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. നടാൽ സ്വദേശിനിയും ഇപ്പോൾ മാനന്തവാടിയിൽ താമസക്കാരിയുമായ കല്ലാടൻ ബീന(48)യെ കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്‌ച്ച രാവിലെയാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ച അന്നുമുതൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ബീന. മെഡിക്കൽ കോളേജിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എൻ.ജി.ഒ അസോസിയേഷൻ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും ആരോപിച്ചിരുന്നു. രമേശനാണ് ഭർത്താവ്. ഏകമകൻആദർശ്.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റ് നടാൽ സ്വദേശിനി കല്ലാടൻ ബീന സർക്കാർ സമീപനത്തിന്റെ രക്തസാക്ഷിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജു ആരോപിച്ചു. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം ജീവനക്കാർ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കൃത്യമായി ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും ജീവനക്കാരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
2018ൽ ഓർഡിനൻസിലൂടെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ്. താഴേത്തട്ടിലെ ജീവനക്കാരുടെ അവസ്ഥ തീർത്തും പരിതാപകരമാണ്. ഓരോ മാസവും ശമ്പളത്തിന് സമരം ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാലു വർഷമായി 12 ശതമാനം ഡിഎ യോ ആനുപാതികമായ ശമ്പള വർധനവോ ഇല്ല. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ സംഘടനകൾ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
യു ഡി എഫ് ഭരണ കാലത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിനോടുള്ള നിഷേധാത്മക സമീപനം തിരുത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പൂർണ പിന്തുണ നൽകുമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.