കണ്ണൂർ: നീതിക്കുവേണ്ടി ജീവൻ തൃണവൽക്കരിച്ച് ഇറങ്ങി പുറപ്പെടുന്ന പൊലീസുകാർക്ക് പരിയാരം ഗ്രേഡ് എസ്. ഐ.പട്ടുവം മംഗലശ്ശേരി സ്വദേശി കെ.എം. രാജനെ ഓർക്കുന്നത് നന്ന്. മണൽ കടത്തുകാരുടെ അക്രമത്തിൽ പരിക്കേറ്റ് ദുരിത ജീവിതം വിധിക്കപ്പെട്ട കെ.എം. രാജൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഈ മാസം 30 ന് വിരമിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി ദുരിത കിടക്കയിൽ കഴിയുന്ന രാജന് സർക്കാർ നൽകുന്നത് തികഞ്ഞ അവഗണന. ഈ വർഷം ചികിത്സാ ചെലവിനത്തിൽ അയച്ച ഒരു ലക്ഷത്തോളം രൂപയുടെ ബിൽ തുക പോലും അനുവദിക്കപ്പെട്ടിട്ടില്ല. വലതു കണ്ണിന്റെ കാഴ്ചയും സംസാര ശേഷിയും നഷ്ടപ്പെട്ട രാജന് വയറ്റിൽ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. നീതിമാനായ ഈ ഉദ്യോഗസ്ഥന് യഥാസമയം സഹായം എത്തിക്കുന്നതിന് പോലും സർക്കാർ അലംഭാവം കാട്ടുകയാണ്.

2015 മെയ് 16 നായിരുന്നു ഗ്രേഡ് എസ്. ഐ. രാജൻ എന്ന പൊലീസുകാരന് അക്രമം നേരിട്ടത്. ലോറി വഴി മണൽ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചേ അഞ്ച് മണിയോടെ പൊലീസുകാരനായ രഞ്ജിത്തിനേയും കൂട്ടി ബൈക്കിലായിരുന്നു പരിശോധനക്ക് പോയത്. മണൽ ലോറി മുന്നിലെത്തിയതോടെ കൈ നീട്ടി നിർത്തിച്ചു. പാസ് ചോദിച്ചപ്പോൾ കടത്തുകാർ പൊലീസുകാരെ ലോറിയിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തൂമ്പയും പാരയും ഉപയോഗിച്ച് ലോറിയിൽ നിന്നും രാജനേയും സഹപ്രവർത്തകനേയും ക്രൂരമായി അക്രമിച്ചു. ഒടുവിൽ അമ്മാന പാറ പാണപ്പുഴ റോഡരികിൽ രക്തത്തിൽ കുളിച്ച നിലയിൽ രാജനെ കണ്ടെത്തുകയായിരുന്നു. ലോറിയിൽ നിന്നും വലിച്ചെറിഞ്ഞ എസ്‌ഐ.യെ ഗുരുതരാവസ്ഥയിൽ പരിയാരം ,കോഴിക്കോട്, എന്നീ ആശുപത്രികളിലെ ചികിത്സക്ക് ശേഷമാണ് ജീവനെങ്കിലും തിരിച്ചു കിട്ടിയത്.

രാജന് നേരിട്ട ദുരന്തമറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തു നിന്നും ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമെത്തി. പൊലീസുകാരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന നാട്ടിൽ രാജന് പ്രത്യേകമായ ഒരു സഹായവും ലഭിച്ചില്ല. സിക്ക് ലീവ് മാത്രം അനുവദിച്ച് ഇതുവരെ ശമ്പളം അനുവദിച്ചു. ലക്ഷക്കണക്കിന് രൂപയാണ് കൃത്യ നിർവ്വഹണത്തിനിടെ അക്രമിക്കപ്പെട്ട രാജൻ സ്വന്തമായി ചിലവഴിച്ചത്. ആരോടും പരാതി പറയാൻ പോയില്ല. മാസശമ്പളത്തിൽ നിന്ന് വീട്ടു ചെലവിനുള്ള പണം ചികിത്സക്ക് പുറമേ കണ്ടെത്തണം. സഹപ്രവർത്തകർ രാജനെ ആവും വിധം സഹായിച്ചിട്ടുണ്ട്.

ഇനിയുള്ള കാലമാണ് രാജനേയും കുടുംബത്തേയും തളർത്തുന്നത്. ഈ മാസത്തോടെ ശമ്പളം നിലക്കും. പിന്നീട് പെൻഷൻ മാത്രമാകും. തുടർ ചികിത്സയും ജീവിത ചിലവും കുട്ടികളുടെ പഠനവും എങ്ങിനെ കണ്ടെത്തണം എന്നറിയില്ല. മൂത്ത പുത്രൻ ചിലരുടെ സഹായത്തോടെ ജോലി തേടി വിദേശത്തേക്ക് പോയിട്ടുണ്ട്. മറ്റൊരു മകൻ ഡിഗ്രി പഠനം കഴിഞ്ഞ് നിൽപ്പാണ്. 9 ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. ആർക്കെങ്കിലും ഒരാൾക്ക് സർക്കാർ ജോലി ലഭിച്ചിരുന്നുവെങ്കിൽ എന്ന് രാജൻ ആഗ്രഹിക്കുന്നു. കൃത്യ നിർവ്വഹണത്തിനിടയിൽ അക്രമിക്കപ്പെട്ടാൽ സർക്കാറിന് ബാധ്യതയില്ലേ? രാജനെ സ്നേഹിക്കുന്നവരുടെ ചോദ്യത്തിന് മുന്നിൽ ഭരണാധികാരികൾക്ക് കനിവ് തോന്നുമോ? തുടർ ചികിത്സക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയിരിക്കയാണ് രാജനും കുടുംബവും.

പരിയാരം സ്റ്റേഷൻ പരിധിയിലുള്ള പാറോളി കടവിൽ എസ്ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്‌ഐ രാജനും മറ്റൊരു പൊലീസുകാരനും ചേർന്നു ബൈക്കിൽ പട്രോളിങ് നടത്തുമ്പോഴാണ് മണൽ കടത്തുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്. പാറോളി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബൈക്കിൽ കോൺസ്റ്റബിളിനൊപ്പം എത്തിയതായിരുന്നു രാജൻ. എസ്‌ഐ പാസ് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവവുമില്ലാതെ ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു.

ചോദ്യങ്ങൾക്കൊന്നും മറുപടിയും നൽകിയില്ല. ക്ഷമനഃശിച്ച രാജൻ ലോറിയുടെ കാബിനിലേക്ക് കയറിയതോടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരന് എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ലോറി കടന്നുകളഞ്ഞിരുന്നു. രാജൻ ആക്രമിക്കപ്പെട്ടിട്ട് മൂന്നാഴ്‌ച്ച കഴിഞ്ഞാണ് പൊലീസിന് ലത്തീഫിനെ പിടികൂടാനായത്. മംഗലാപുരത്തെ ആശുപത്രിയിൽനിന്നു കണ്ണൂർ എസ്‌പി യുടെ പ്രത്യേക സംഘം ലത്തീഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസിൽ ലത്തീഫിന്റെ സഹായികളുണ്ട് എന്നതിൽ ഉദാഹരണങ്ങളേറെ. പരിയാരം സ്റ്റേഷൻ രൂപീകരിച്ച് അഞ്ചു വർഷത്തിനിടയിൽ 17 കേസുകളിൻ ഇയാൾ പ്രതി ചേർക്കപ്പെട്ടു. ഇതിൽ ഏഴു കേസുകളും പൊലീസിനു നേരെയുള്ള അക്രമം. 2014 ഫെബ്രുവരി 24 നു തളിപ്പറമ്പ് അമ്മാരപ്പാറയിൽ മണൽ മാഫിയയ്ക്കു വേണ്ടി എ എസ് പി ശിവവിക്രമയെ വധിക്കാൻ ശ്രമിച്ചയാളാണു ലത്തീഫ്. പിന്നീട് കേസ് തേച്ചുമാച്ചുകളഞ്ഞു.

സിഐ സതീഷ്‌കുമാറിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതും എസ് പിയുടെ ഷാഡോ പൊലീസിൽപ്പെട്ട രണ്ടു പേരെ ആക്രമിച്ച കേസുമൊക്കെ ലത്തീഫിന്റെ പേരിലുണ്ട്. കൂടാതെ വധഭീഷണി മുഴക്കൽ, ഗുണ്ടായിസം തുടങ്ങിയവയും ഇയാളുടെ കൃതൃങ്ങളിൽപ്പെടുന്നു.