ആലപ്പുഴ: റോഡുകളുടെ അരികിൽ ഫീസ് നല്കാതെ വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യം വ്യാപകമായി ഒരുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, കൺവീനർ അഡ്വ. വി.മഹേന്ദ്രനാഥ് എന്നിവർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇപ്പോൾ ഒരിടത്തും സൗജന്യമായി വാഹനങ്ങൾ പാർക്കു ചെയ്യാനാകാത്ത അവസ്ഥയിലേക്കു നീങ്ങുകയാണ്. എല്ലായിടത്തും നോ പാർക്കിങ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അല്ലാത്തയിടങ്ങളിൽ പേ പാർക്കിങ് മാത്രമേയുള്ളുതാനും. സ്ഥാപനങ്ങളുടെ മുന്നിലുള്ള റോഡരികുകൾ അതാതു സ്ഥാപനങ്ങൾ മറ്റുള്ളവരെ ഒഴിവാക്കി സ്വന്തം പാർക്കിംഗിനായി മാറ്റിയിരിക്കുന്നതും കാണാം. അത് മിക്കപ്പോഴും തർക്കങ്ങൾക്കു വഴിതെളിക്കുന്നു. ഇവിടെ പാർക്കു ചെയ്യാം എന്ന ബോർഡു കേരളത്തിൽ ഒരിടത്തും വഴിയിൽ കാണാനില്ല. എന്നാൽ ഗോവയടക്കമുള്ള പല മറ്റു സംസ്ഥാനങ്ങളിലും സ്ഥലസൗകര്യമുള്ളയിടങ്ങളിലെല്ലാം പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

വാഹനങ്ങൾക്കു വൻ നികുതി നല്കുന്നതു കൂടാതെ പതിനഞ്ചു വർഷത്തെ റോഡ് ടാക്‌സ് മുൻകൂർ അടച്ചതിനു ശേഷം മാത്രമേ വാഹനങ്ങൾ റോഡിലിറക്കാൻ അധികൃതർ അനുവദിക്കൂ. റോഡ് ഉപയോഗിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും കൂടി വേണ്ടിയാണ് ആ തുകയെന്നു അനുമാനിക്കാം. ഉയർന്ന നിരക്കിലുള്ള നികുതി നല്കിയാണ് ഇന്ധനം വാങ്ങുന്നത്. കൂടാതെ ടോളുകൾ വേറെ.

വൻ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പാർക്കിംഗിനുള്ള സൗകര്യം ഏർപ്പാടാക്കണമെന്നു നിയമമുണ്ടെങ്കിലും മിക്കവരും അതു പാലിച്ചു കാണുന്നില്ല. പ്ലാനിൽ അതിനായി സൂചിപ്പിച്ചിരിക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്കു ഉപയോഗിക്കുകയാണ് പതിവ്. അതു കർശനമായി പരിശോധിക്കണം. വാഹനങ്ങൾ ഏറെയെത്തുന്ന സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ എത്രയും വേഗം മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തണം. അങ്ങനെയായാൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ വാഹനങ്ങൾ സൂക്ഷിക്കാനാകും. ഹൗസ് ബോട്ടുകളുടെയും മോട്ടോർ ബോട്ടുകളുടെയും എണ്ണം വർധിക്കുന്നതോടു കൂടി അവയുടെ ജലത്തിൽ തീരത്തോടു ചേർന്നുള്ള ആങ്കറിംഗും സ്ഥലക്കുറവിനാൽ പ്രശ്‌നമായി മാറുകയാണ്.

ആവശ്യമായ യാതൊരു സേവനവും നല്കാതെയും ഒരു മാനദണ്ഡവുമില്ലാതെയുമാണ് പാർക്കിംഗിനായി സർക്കാർ സംവിധാനങ്ങളിലടക്കം ഫീസ് ഈടാക്കുന്നത്. സേവനം നല്കാതെയുള്ള വെറും ഫീസ് പിരിവ് തികച്ചും അന്യായവും നിയമവിരുദ്ധവുമാണ്. എയർപോർട്ടുകളിലും റെയിൽവേ സ്‌റ്റേഷനുകളിലുമടക്കം ഇതു കാണാം. കൂടുതൽ വാഹനങ്ങൾ സാധാരണയെത്തുന്ന ബീച്ചുകൾ ഉൾപ്പടെയുള്ള പൊതുയിടങ്ങളിലെല്ലാം ഒരു കാര്യവുമില്ലാതെ ഏതെങ്കിലുമൊരു ഏജൻസി പിരിവ് ആരംഭിക്കുയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പോലും സ്വകാര്യ സംവിധാനങ്ങളിലൂടെയാണ് പിരിവ്. അതിനാൽ ദർഘാസ് ചെറുതുകയ്ക്കു നല്കി സ്വകാര്യവ്യക്തികൾക്കു വൻ പിരിവിനു അവസരമൊരുക്കി നല്കുകയാണ് എല്ലായിടങ്ങളിലും. അത് പൊതുസൗകര്യ വികസന കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നില്ല. പിരിവുകാരല്ലാതെ ഒരിടത്തും ആവശ്യമായ മേൽക്കൂരയോ സംരക്ഷണ സംവിധാനങ്ങളോ മേൽനോട്ടക്കാരോ കാണാറില്ല. വെയിലും മഴയും കൊണ്ടും പക്ഷിക്കാഷ്ടം വീണും ഇന്ധനം മോഷ്ടിക്കപ്പെട്ടും കിടക്കുന്ന വാഹനങ്ങൾക്കും ഫീസ് കൊടുക്കേണ്ട ഗതികേടാണ്. ആൾക്കാർ കൂടുന്ന ഉത്സവ, ആഘോഷവേളകളിൽ വഴിയിറമ്പുകൾ സ്വകാര്യവ്യക്തികൾ വളച്ചുകെട്ടി പേ പാർക്കിങ് ബിസിനസ് ആരംഭിക്കുന്നതു പതിവാണ്. അതും ന്യായീകരിക്കാനാകില്ല.

നോ പാർക്കിങ് ബോർഡ് ഉള്ളയിടങ്ങളിലാണെങ്കിൽ പോലും െ്രെഡവർ വാഹനത്തിലുണ്ടെങ്കിൽ നിർത്തിയിടുന്നത് ഹാൾട്ട് എന്ന നിലയ്ക്കാണ് ഗണിക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോൾ ഗതാഗത നിയമം തെറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ശിക്ഷ വിധിക്കാനോ പിഴ ഈടാക്കാനോ പൊലീസിന് അധികാരമില്ലെന്നു ഹൈക്കോടതി വിധിയുണ്ടെങ്കിലും പലപ്പോഴും പൊലീസ് അതിരുവിട്ടു പെരുമാറാറുണ്ട്. വാഹനത്തിന്റെ എൻജിൻ സ്വിച്ച് ഓഫ് ചെയ്താൽ പാർക്കിങ് ഫീസ് നല്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പാർക്കിങ് ഫീസ് പിരിവുരീതി പലയിടങ്ങളിലുമുണ്ട്.

റോഡരികിൽ ദിവസങ്ങളായി ഗതാഗതതടസ്സമുണ്ടാക്കി കേടായിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സംവിധാനം വേണം. അതുപോലെ ഓട്ടോറിക്ഷ. ടാക്‌സി വാഹനങ്ങളടക്കം നിയമപ്രകാരം പാർക്ക് ചെയ്യാവുന്നയിടത്തേ അനുവദിക്കാവൂ എന്നും കോൾഫ് ആവശ്യപ്പെട്ടു. ബസുകളും ലോറികളും അടക്കമുള്ള ഹെവി വാഹനങ്ങൾ നിയമപ്രകാരം അവ പാർക്കു ചെയ്യേണ്ട സ്ഥാനം ഒഴിവാക്കി റോഡിൽത്തന്നെയിടുകയാണ് പതിവ്. വാഹനങ്ങൾ കടത്തിവിടാതെ റോഡുകൾ പൊലീസ് ബ്ലോക്ക് ചെയ്തു വഴിവാണിഭത്തിനു സൗകര്യം ഒരുക്കുന്നതും നിർത്തലാക്കണം.

ദിവസേന വാഹനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ഫീസുകളില്ലാതയുള്ള വാഹന പാർക്കിംഗിനു സമഗ്ര സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും എത്രയും വേഗം മുന്നോട്ടുവരുകയാണ് വേണ്ടത്. അത് ജനങ്ങളുടെ അവകാശമാണെന്നു കോൾഫ് ഓർമ്മിപ്പിച്ചു.