മെൽബൺ: മെൽബണിലെ സ്‌കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. അതേസമയം പാർക്കുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നും തനിയെ പാർക്കുകളിൽ പോകുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ടും വിക്ടോറിയ പൊലീസ് പ്രസ്താവനയിറക്കി.

പതിനേഴുകാരിയായ മാസാ വുക്കോട്ടിക് ഡോൺകാസ്റ്ററിലുള്ള തന്റെ വീടിനു സമീപമുള്ള പാർക്കിലൂടെ നടക്കുമ്പോഴാണ് കുത്തേറ്റ് മരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 6.50നാണ് കൊലപാതകം അരങ്ങേറിയത്. കാന്റർബറി ഗേൾസ് സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ മാസാ വൈകുന്നേരങ്ങളിലുള്ള തന്റെ പതിവു നടത്തത്തിന് കൂനുംഗ് ക്രീക്ക് ലീനിയർ റിസർവിൽ ഇറങ്ങിയതായിരുന്നു. സ്റ്റാന്റൺ സ്ട്രീറ്റിനും ഹേയിങ്ടൺ അവന്യൂവിനും സമീപത്തുള്ള ഫുട്ബ്രിഡ്ജിനു താഴെയാണ് മാസായെ കുത്തേറ്റ നിലയിൽ കണ്ടെത്തുന്നത്.

ഹെഡ് ഫോൺ വച്ചുകൊണ്ടു നടന്ന മാസായ്ക്ക് അക്രമി അടുത്തുവരുന്നത് അറിയാൻ സാധിച്ചില്ലെന്നും ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ചൂണ്ടിക്കാട്ടി. അതേസമയം ഈ സംഭവത്തോടെ പാർക്കുകളിൽ സ്ത്രീകൾ ഒറ്റയ്ക്ക് പോകുന്നതിന് വിലക്കിക്കൊണ്ട് വിക്ടോറിയ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ മൈക്ക് ഹഗ്‌സ് പ്രസ്താവനയിറക്കി. പാർക്കുകളിലും മറ്റും തനിയെ പോകുമ്പോൾ സ്ത്രീകൾ കുറച്ചുകൂടി ശ്രദ്ധാലുക്കൾ ആയേ തീരുകയുള്ളൂവെന്നും കഴിവതും തനിയെ നടക്കാതെ ഏതെങ്കിലും സുഹൃത്തിനെ കൂടെ കൂട്ടാനാണ് ഇൻസ്‌പെക്ടർ മുന്നറിയിപ്പ് നൽകുന്നത്.

കൂട്ടിന് ആരെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണെങ്കിൽ മാത്രം പാർക്കുകളിലൂടെ നടക്കുക. മാത്രമല്ല, വൈകുന്നേരങ്ങളിലെ നടത്തത്തിന്റെ ദിശയും റൂട്ടും വീട്ടുകാർക്കു കൂടി അറിവുള്ളതായിരിക്കണം. കൂടാതെ ഇരുട്ടുന്നതിന് മുമ്പു തന്നെ നടത്തം അവസാനിപ്പിച്ച് വീടണയാനാണ് ഇൻസ്‌പെക്ടർ ഹഗ്‌സ് പറയുന്നത്. അടുത്ത കാലത്ത് പാർക്കുകളിലും മറ്റും സ്ത്രീകൾക്കു നേരേയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട് എന്നും പൊലീസ് വ്യക്തമാക്കുന്നു.

ഈ മാസം ആദ്യം ഇന്ത്യക്കാരിയായ ഐടി വിദഗ്ധ പ്രഭാ അരുൺകുമാർ വെസ്റ്റ്മീഡിനു സമീപം പരാമറ്റ പാർക്കിനു സമീപം കുത്തേറ്റ് മരിച്ചതും ഇതുമായി കൂട്ടിവായിക്കാം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാല്പത്തൊന്നുകാരിയായ പ്രഭയെ അക്രമികൾ കുത്തിവീഴ്‌ത്തുകയായിരുന്നു. ബംഗളൂരിലുള്ള ഭർത്താവിനോട് ഫോണിൽ സംസാരിച്ചു നടക്കവേയാണ് പ്രഭയ്ക്ക് പിന്നിൽ നിന്ന് കുത്ത് ഏൽക്കുന്നത്. സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടും കുറ്റവാളികളെ ആരേയും പൊലീസ് പിടികൂടാത്തത് ഓസ്‌ട്രേലിയയിലുള്ള ഇന്ത്യക്കാരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.