കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികൾ വാഹനമോടിക്കുന്നതിനും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനും ശിക്ഷ കർശനമാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ളവരെ മുൻസീറ്റിലിരുത്തി വാഹനമോടിച്ചാൽ കനത്ത ശിക്ഷ ഏർപ്പെടുത്താനാണ് നീക്കം.

ഇതുസംബന്ധിച്ച് പാർലമെന്റിൽ ഉടൻ കരട് ബിൽ അവതരിപ്പിക്കുമെന്ന് എംപി സാലിഹ് അൽഅശ്ഹൂർ വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ളവരെ മുൻ സീറ്റിലിരുത്തി വാഹനമോടിക്കുന്നവർക്ക് 500 ദീനാർ പിഴയും ഒരുമാസം മുതൽ ആറ് മാസം വരെ തടവുമാണ് ബില്ലിൽ നിഷ്‌കർഷിക്കുന്നത്. 18 വയസ്സ് പൂർത്തിയാകാത്തവർക്ക് വാഹനമോടിക്കാൻ നൽകുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

10 വയസ്സ് തികയാത്ത കുട്ടികളെ സേഫ്റ്റി ബെൽറ്റ് ധരിക്കാതെ പിൻ സീറ്റിലിരുത്തുന്നവർക്കും സമാന ശിക്ഷക്ക് നിർദേശമുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് ശരിയായ രൂപത്തിൽ ഭക്ഷണം നൽകാത്തതായുള്ള പരാതികൾ ലഭിച്ചാൽ ശക്തമായ നടപടികളെടുക്കണമെന്നും കരട് ബില്ലിൽ പറയുന്നു.