രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിർണായകമായ വിഷയങ്ങളിൽ നമ്മുടെ ജനപ്രതിനിധികൾ കൂലംകഷമായ ചർച്ച നടത്തി തീരുമാനമെടുക്കുന്ന സ്ഥലമാണ് പാർലമെന്റും നിയമസഭയും. പലപ്പോഴും ചില ജനപ്രതിനിധികളുടെ ഇടപെടലുകളാണ് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുള്ളതും. എന്നാൽ, സായിപ്പന്മാർക്ക് ഇതൊന്നും ബാധകമല്ല. ധനബില്ലിനെക്കുറിച്ച് സ്വന്തം പാർട്ടിയിലെ നേതാവ് ഘോരഘോരം പ്രസംഗിക്കുമ്പോഴും എംപിമാർ മൊബൈലിൽ കളിക്കുന്ന തിരക്കിലായിരുന്നു.

സർക്കാരിന്റെ ഓട്ടം സ്‌റ്റേറ്റ്‌മെന്റിന് ലേബർപാർട്ടിയുടെ മറുപടി നൽകുമ്പോഴാണ് എംപിമാരുടെ മൊബൈൽ കളി. ലേബർ പക്ഷത്തുനിന്ന് ഒരാൾപോലും ഈ പ്രസംഗം ശ്രദ്ധിച്ചിരുന്നിലെന്നതാണ് വാസ്തവം. സർക്കാരിന്റെ ബജറ്റ് നിർദേശങ്ങളിൽ ഇടപെട്ട് ഹൗസ് ഓഫ് കോമൺസിൽ ജോൺ മക്‌ഡോണൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, എംപിമാർ മൊബൈലിൽ കളിക്കുകയും സോഷ്യൽ മീഡിയയിൽ മുഴുകുകുയും ചെയ്തത് വലിയ വിവാദമായി.

മക്‌ഡോണലിന് ചുറ്റുമുണ്ടായിരുന്ന 20 എംപിമാരെങ്കിലും പ്രസംഗം നടക്കുന്ന സമയത്ത് സ്വന്തം മൊബൈൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചാൻസലർ ഫിലിപ് ഹാമണ്ടിന്റെ ബജറ്റ് നിർദേശങ്ങൾ ഭാവിക്ക് യാതൊരു പ്രതീക്ഷയും പകരുന്നില്ലെന്ന് അക്കമിട്ട് മക്‌ഡോണൽ പ്രസംഗിച്ചിരുന്നെങ്കിലും അതുകേൾക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായില്ല.ടോറികളുടെ ഭരണം ബ്രിട്ടനെ പിന്നോട്ട് നടത്തിക്കുകയാണ് ചെയ്തതെന്ന് മക്‌ഡോണൽ പറഞ്ഞു.

ഗൗരവതരമായ പ്രസംഗം നടക്കുമ്പോഴും മറ്റംഗങ്ങൾ നിസ്സാരമായി ഇതുകണ്ടതിനെ ലേബർ പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ജെറമി കോർബിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ ഭാവിയിൽ പ്രതീക്ഷയില്ലെന്ന് അംഗങ്ങൾ ഇതിലൂടെ വെളിപ്പെടുത്തുകയായിരുന്നുനെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചു. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രധാന്യത്തോടെ ചർച്ച ചെയ്യേണ്ട ബജറ്റ് തീരുമാനങ്ങളെ പാർലമെന്റംഗങ്ങൾ നിസ്സാരമാക്കിയത് മാദ്ധ്യമങ്ങളിലും വലിയ വാർത്തയായി.