- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പതിവായി മോദി സർക്കാരിനെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ ഒരായുധം കൂടി; റഫാലിന് പിന്നാലെ കേന്ദ്രസർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി; ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ കമ്മിറ്റിയുടെ കത്ത്; രഘുറാം രാജൻ തയ്യാറാക്കിയ പട്ടിക സമർപ്പിക്കാനും വിശദീകരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത് ബിജെപി നേതാവ് മുരളി മനോഹർ ജോഷി
ന്യൂഡൽഹി: റഫാൽ ഇടപാടിന് പിന്നാലെ മോദി സർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി കത്തയച്ചു. എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അധ്യക്ഷനും ബിജെപിയുടെ മുതിർന്ന നേതാവുമായ മുരളി മനോഹർ ജോഷി എംപിയാണ് പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. ഇതോടെ പ്രതിപക്ഷത്തിന് വരുന്ന തിരഞ്ഞെടുപ്പിൽ റഫാലിന് പിറകെ പുതിയൊരു ആയുധം കൂടി കിട്ടുകയാണ്. രഘുറാം രാജന്റെ കണ്ടെത്തൽ ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞിരുന്നു.താൻ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജൻ പറഞ്ഞിട്ടുണ്ട്. അതായത്, ലളിത് മോദി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി, വിക്രം കൊത്താരി, ജതിൻ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ള
ന്യൂഡൽഹി: റഫാൽ ഇടപാടിന് പിന്നാലെ മോദി സർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി കത്തയച്ചു. എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അധ്യക്ഷനും ബിജെപിയുടെ മുതിർന്ന നേതാവുമായ മുരളി മനോഹർ ജോഷി എംപിയാണ് പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. ഇതോടെ പ്രതിപക്ഷത്തിന് വരുന്ന തിരഞ്ഞെടുപ്പിൽ റഫാലിന് പിറകെ പുതിയൊരു ആയുധം കൂടി കിട്ടുകയാണ്.
രഘുറാം രാജന്റെ കണ്ടെത്തൽ
ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞിരുന്നു.താൻ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജൻ പറഞ്ഞിട്ടുണ്ട്. അതായത്, ലളിത് മോദി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി, വിക്രം കൊത്താരി, ജതിൻ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ളതാണ് ഈ പട്ടിക.
വൻകിട വായ്പാകുടിശ്ശികക്കാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് കുറിപ്പ് നൽകിയിരുന്നു. പട്ടിക നൽകിയെങ്കിലും ഇതിന്മേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടിയെടുത്തോയെന്ന് തനിക്ക് അറിയില്ലെന്നും രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു. പട്ടിക കൂടാതെ വൻകിട തട്ടിപ്പ്കാർക്കെതിരെ എന്ത് നടപടി എടുത്തു എന്നും അറിയിക്കണമെന്നാവശ്യപ്പെട്ടാണ് എസ്റ്റിമേറ്റ് കമ്മിറ്റി കത്ത് നൽകിയിട്ടുള്ളത്.
ഇപ്പോഴത്തെ കിട്ടാക്കടത്തിൽ ഏറെയും നൽകപ്പെട്ടത് 2006-2008 കാലഘട്ടത്തിലാണെന്ന സത്യം ഏതാനും ദിവസം മുൻപ് പാർലമെന്റെറി എസ്റ്റിമേറ്റ് കമ്മറ്റിക്ക് മുൻപിൽ സമർപ്പിച്ച കത്തിൽ
രാജൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. നരേന്ദ്ര മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കാൻ എപ്പോഴും മടി കാണിച്ചിരുന്ന സാമ്പത്തിക വിദഗ്ധനാണ് ഈ മുൻ 'സെൻട്രൽ ബാങ്കർ''.
അമിത ആത്മവിശ്വാസം വിനയായി
ഇന്ത്യയിലെ ബാങ്കുകളുടെ അമിത ആത്മവിശ്വാസം, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം, സാമ്പത്തിക വളർച്ചയിലെ മുരടിപ്പ് ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ പെരുകാൻ കാരണമെന്ന് രഘുറാം രാജൻ വിലയിരുത്തിയിരുന്നു. പാർലമെന്റിന്റെ സമിതിക്ക് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ട് അവതരിപ്പിക്കുന്നത്. പെരുകുന്ന കിട്ടാക്കടത്തെ നിയന്ത്രിക്കുന്നതിന് രാജൻ കൊണ്ട് വന്ന നിയന്ത്രണങ്ങൾ ശ്രദ്ധേയമായിരുന്നു. ഒരു പരിധി വരെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് രണ്ടാം വട്ടം അദ്ദേഹത്തിന് തുടരാൻ കഴിയാതെ പോയത് ഇക്കാര്യത്തിലുള്ള കാർക്കശ്യം കലർന്ന നിലപാടുകളായിരുന്നു.
രഘുറാം രാജൻ ആർബിഐ ഗവർണറായിരിക്കെ ബാങ്ക് തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിന് ഒരു സെൽ രൂപീകരിച്ചിരുന്നു. തട്ടിപ്പുകൾ നേരത്തെ കണ്ടെത്തുന്നുതിനും അന്വേഷണ ഏജൻസികൾക്ക് വേഗം കൈമാറുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടികെട്ടിയ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചുകൊടുത്തത്. എന്നാൽ, ഈ നിരീക്ഷണ സംവിധാനം വെറുതെയാവുകയും ഒരുതട്ടിപ്പുകാരൻ പോലും വലയിൽ വീഴാതിരിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിൽ ഉണ്ടായ കാലതാമസം പല പ്രോജക്ടുകളുടെയും ജീവനക്ഷമത കുറയാൻ ഇടയാക്കി. ഇതുമൂലം പല സ്ഥാപനങ്ങൾക്കും വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നിട്ടുണ്ടെന്ന് എസ്റ്റിമേറ്റ്‌സ് കമ്മറ്റി ചെയർമാൻ മുരളി മനോഹർ ജോഷിക്ക് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു. ഇത് ചെലവുകൾ അകാരണമായി ഉയർത്തി. സാമ്പത്തിക വളർച്ച ഏറ്റവും ശക്തമായിരുന്ന 2006-08 കാലയളവിലാണ് കിട്ടാക്കടം വൻതോതിൽ ഉയർന്നത്. ഈ ഘട്ടത്തിൽ ബാങ്കുകൾ കാണിച്ച ഗുരുതരമായ പിഴവുകളാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. മികച്ച വളർച്ച പരിഗണിച്ച ബാങ്കുകൾ ഇഷ്ടം പോലെ വായ്പകൾ അനുവദിക്കുകയായിരുന്നു. പല പ്രോജക്ടുകൾക്കും വേണ്ടത്ര പഠനങ്ങൾ നടത്താതെ കമ്പനികൾ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടുകൾ മാത്രം കണക്കിലെടുത്ത് വായ്പകൾ അനുവദിച്ചത് വിനയായെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രൊമോട്ടർമാരുടെ കുറഞ്ഞ മുതൽമുടക്ക് ബാങ്കുകൾ പരിഗണിച്ചതേയില്ല.പദ്ധതികളെ വിലയിരുത്തുന്നതിന് പുറമെ നിന്നുള്ള ഏജൻസികളെ ബാങ്കുകൾ അമിതമായി വിശ്വസിച്ചതും വിനയായി. അഴിമതിയും കെടുകാര്യസ്ഥതയും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.
മോദി സർക്കാർ എന്തു ചെയ്യും?
ഒമ്പത് ലക്ഷം കോടിയുടെ കിട്ടാക്കടം ബാങ്കുകളിൽ കുമിഞ്ഞുകൂടിയതെങ്ങനെയാണെന്ന് പാർലമെന്റിന്റെഎസ്റ്റിമേറ്റ്‌സ് കമ്മിറ്റി അന്വേഷിക്കുന്നത്. ഭൂഷൻ സ്റ്റീലിന് 44,478 കോടിയുടെ വായ്പാകുടിശികയുള്ളപ്പോൾ, എസ്സാർ സ്റ്റീലിന് 37, 284 കോടിയുടെ കുടിശികയുണ്ട്. ഏതായാലും ചങ്ങാത്ത മുതലാളിത്തത്തിന്റെ പേരിൽ മോദിയെ സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പരിഹസിക്കാറുള്ള രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പുതിയൊരു ആയുധം കൂടി കൈയിൽ കിട്ടിയിരിക്കുകയാണ്. മോദി സർക്കാർ സൈന്യത്തിന്റെ പ്രതിരോധശേഷി വേണ്ട വിധം വർദ്ധിപ്പിച്ചില്ലെന്ന് പാർലമെന്റിന്റെ ഡിഫൻസ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ ചൊല്ലി ചെയർമാൻ ബി.സി.ഖണ്ഡൂരിയെ അടുത്തിടെ മാറ്റിയിരുന്നു. മുരളി മനോഹർ ജോഷിക്കും അതേ വിധിയുണ്ടാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് റഫാലിന് പുറമേ മറ്റൊരു ഭൂതത്തെ കൂടി തുറന്നുവിടാൻ മോദി സർക്കാർ ഇഷ്ടപ്പെടുന്നുമുണ്ടാവില്ല.