- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഐ.ടി പാർലമെന്ററി സ്ഥിരം സമിതിയിലെ ഭൂരിപക്ഷവും ബിജെപി അംഗങ്ങൾ; സമിതി യോഗത്തിൽ ക്വാറം തികയാതിരിക്കാൻ ഹാജർ വയ്ക്കാതെ തന്ത്രം; ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ശശി തരൂരിന് ഇല്ലെന്ന് അവകാശലംഘന നോട്ടീസിൽ; അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ പുറത്താക്കാൻ കരുനീക്കം തുടങ്ങി
ന്യൂഡൽഹി: പെഗസസ് ചാരവൃത്തി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച ഐ.ടി പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷൻ ശശി തരൂരിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാൻ ബിജെപി നീക്കം തുടങ്ങി. സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റണമെന്നും 30 അംഗ സമിതിയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന് ഇല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി അംഗം നിഷികാന്ത് ദുബെ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി.
ശശി തരൂർ സ്വന്തം നിലയിൽ അജണ്ടകൾ തീരുമാനിക്കുകയാണ്. അവ സമിതിയംഗങ്ങളെ അറിയിക്കുന്നതിനു മുേമ്പ മാധ്യമങ്ങൾക്കു കൈമാറുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ബുധനാഴ്ച ശശി തരൂർ വിളിച്ചുചേർത്ത പാർലമെന്ററി സ്ഥിരം സമിതി യോഗം ബിജെപി അംഗങ്ങൾ ബഹിഷ്‌കരിച്ചു. തുടർന്ന് ക്വാറം തികയാത്തതിനാൽ സമിതിക്ക് യോഗം ചേരാനായില്ല.
യോഗത്തിന്റെ അജണ്ട അറിയിച്ചില്ലെന്നും പാർലമെന്റ് സമ്മേളനം നടക്കുേമ്പാൾ സമിതി യോഗം ചേരുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ബിജെപി അംഗങ്ങൾ കാരണമായി പറഞ്ഞത്. അതിനിടെ, കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് വിളിച്ചുചേർത്ത ബിജെപി അംഗങ്ങളുടെ യോഗത്തിലേക്ക് ആളുമാറി സിപിഎം എംപിയും സമിതി അംഗവുമായ പി.ആർ. നടരാജനും ക്ഷണം ലഭിച്ചു. യോഗത്തിന് എത്തിയ നടരാജനോട് ആളുമാറി ക്ഷണിച്ചതാണെന്ന് വ്യക്തമാക്കിയ മന്ത്രി ക്ഷമാപണം നടത്തി തിരിച്ചയച്ചു.
പെഗസ്സസ് വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെയും ഐടി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് ഐടി സമിതി അധ്യക്ഷനായ ശശി തരൂർ വ്യക്തമാക്കിയത്. എന്നാൽ പാർലമെന്റിൽ ഈ വിഷയത്തിൽ ചർച്ച അനുവദിക്കാത്ത കോൺഗ്രസിനെ ഇക്കാര്യം യോഗം ചേരുന്ന മുറിയിൽ ചർച്ച ചെയ്യാനും അനുവദിക്കില്ലെന്നാണ് ബിജെപി വാദം.
അതേസമയം, പെഗസ്സസ് വിഷയത്തിൽ നിന്ന് കേന്ദ്രസർക്കാർ ഓടിയൊളിക്കുകയാണെന്നാണ് കോൺഗ്രസ് എംപിയും സമിതിയംഗവുമായ കാർത്തി ചിദംബരം പറയുന്നത്. ബിജെപി അംഗങ്ങൾ ഐടി സമിതിയുടെ മുറിയിലെത്തിയെങ്കിലും ക്വാറം തികയാതിരിക്കാൻ ഹാജർ വെച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സാക്ഷികളായി വിസ്തകരിക്കേണ്ട ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും ഒഴികഴിവുകൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറി. പെഗസ്സസ് വിഷയം ചർച്ചയാക്കാൻ കേന്ദ്രസർക്കാരിനു താത്പര്യമില്ലെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഐടികാര്യ സമിതിയിലെ 32 അംഗങ്ങളിൽ ഭൂരിപക്ഷം പേരും ബിജെപി അംഗങ്ങളാണ്. പൗരന്മാരുടെ ഡേറ്റ സുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തിൽ ചർച്ച നടത്താൻ സമിതി തീരുമാനിച്ചിരുന്നുവെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. ഈ ചർച്ചയാണ് ബിജെപി അംഗങ്ങളുടെ നിസ്സഹകരണം മൂലം മാറ്റി വെക്കേണ്ടി വന്നത്.
വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പെഗസ്സസ് ഫോൺ ചോർത്തൽ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടത്.
മറുനാടന് മലയാളി ബ്യൂറോ