- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'അപ്രതീക്ഷിത' ബില്ലുകൾ; ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കുന്നുവെന്ന വിമർശനം; സഭ തടസ്സപ്പെടുത്തിയെന്ന കുറ്റപ്പെടുത്തൽ; ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റ് പിരിഞ്ഞു; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 12 പുതിയ ബില്ലുകളാണ് സഭയിൽ ഇത്തവണ അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ച രണ്ട് ബില്ലുകൾ ഉൾപ്പടെ 10 ബില്ലുകളാണ് ഇത്തവണ പാസാക്കിയത്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്ഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമ്മേളനം നടന്ന മുഴുവൻ ദിവസവും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആദരസൂചകമായി ഒരു ദിവസം താൽക്കാലികമായി പ്രതിഷേധം നിർത്തിവെച്ചിരുന്നു.
മാപ്പ് പറഞ്ഞാൽ സഭയിൽ തിരികെ പ്രവേശിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മാപ്പ് പറയാൻ എംപിമാർ തയ്യാറായിരുന്നില്ല. കേരളത്തിൽ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം എന്നിവരും പുറത്താക്കപ്പെട്ട എംപിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എംപിമാരെ തിരിച്ചെടുക്കാതെയാണ് പാർലമെന്റ് പിരിഞ്ഞത്.
നവംബർ 29ന് ആരംഭിച്ച സമ്മേളനം, ഡിസംബർ 23ന് അവസാനിപ്പിക്കാനാണു മുൻപു തീരുമാനിച്ചിരുന്നതെങ്കിലും, ഒരു ദിവസം മുൻപ് സമാപിക്കുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ഈ സമ്മേളനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ എംപിമാർ ഭരണഘടനയുടെ ആമുഖം വായിച്ചും പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ ദേശീയ ഗാനം ആലപിച്ചും പ്രതിഷേധിച്ചു. കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവു മല്ലികാർജുൻ ഖാർഗെയും, സഭാ ചട്ടങ്ങളുടെ പുസ്തകം വലിച്ചെറിഞ്ഞതിനു കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയനും പ്രതിഷേധത്തിൽ പങ്കെടുത്തു.
പി ആർ എസ് വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, ലോക്സഭ 83.2 മണിക്കൂർ പ്രവർത്തനസമയത്ത് 26.5 മണിക്കൂർ മാത്രമാണ് നിയമനിർമ്മാണം ചർച്ച ചെയ്യാൻ ചെലവഴിച്ചത്. ലോവർ ഹൗസിൽ പരമാവധി സമയം (37 മണിക്കൂർ) ചെലവഴിച്ചത് നിയമനിർമ്മാണേതര ജോലികൾക്കാണ്. അതേസമയം, ശീതകാല സമ്മേളനത്തിൽ രാജ്യസഭ 45.4 മണിക്കൂറിൽ 21.7 മണിക്കൂറും നിയമനിർമ്മാണ ചർച്ചകൾക്കായി ചെലവഴിച്ചു.
ചില ബില്ലുകളിൽ വളരെ ചുരുങ്ങിയ സമയം മാത്രമാണ് ചർച്ചകൾ നടന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ലോക്സഭയിൽ 2 മിനിറ്റ് നീണ്ട ചർച്ചയ്ക്കും രാജ്യസഭയിൽ 8 മിനിറ്റ് നീണ്ട ചർച്ചയ്ക്കും ശേഷമാണ് പ്രമാദമായ കാർഷിക നിയമ റദ്ദാക്കൽ ബിൽ പാസാക്കിയത്. ബില്ലിൽ പ്രതിപക്ഷം വിശദമായ ചർച്ചയാവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ അതിന് തയ്യാറായില്ല.
ഹൈലി ടെക്നിക്കൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി റെഗുലേഷൻ ബില്ലിൽ ലോക്സഭയിൽ 18 എംപിമാർ പങ്കെടുത്ത ചർച്ച 3 മണിക്കൂർ 51 മിനിറ്റ് നീണ്ടും. ഇതേ ബില്ലിൽ രാജ്യസഭയിൽ 14 എംപിമാർ പങ്കെടുത്ത ചർച്ചയിൽ 1 മണിക്കൂർ 17 മിനിറ്റും ചർച്ച നടന്നു. ഈ സമ്മേളന കാലയളവിൽ ഏറ്റവും കൂടുതൽ ചർച്ച നടന്ന ഒരു ബില്ലും ഇതാണ്.
ശീതകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ഏറ്റവും ദൈർഘ്യമേറിയ ചർച്ച നടന്ന് ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും ഭേദഗതി ചെയ്യുന്ന ബില്ലാണ്. 27 ലോക്സഭാ എംപിമാരും 17 രാജ്യസഭാ എംപിമാരും ചേർന്ന് ഇരു സഭകളിലുമായി 9 മണിക്കൂർ 37 മിനിറ്റ് ദൈർഘ്യമുള്ള ചർച്ചയാണ് ഈ വിഷയത്തിൽ നടന്നത്.
ഡാം സുരക്ഷാ ബിൽ-2019 ലും നീണ്ട ചർച്ചകൾ നടന്നു. ഈ സഭകളിലുമായി 9 മണിക്കൂറോളം ബിൽ ചർച്ച ചെയ്തു. രാജ്യസഭയിൽ 4 മണിക്കൂറും 24 മിനിറ്റും എടുത്ത ചർച്ചടയിൽ 22 അംഗങ്ങൾ പങ്കെടുത്തു. 31 അംഗങ്ങളുടെ 4 മണിക്കൂറും 37 മിനിറ്റും നീണ്ട ചർച്ചയ്ക്കൊടുവിലായിരുന്നു 2019ൽ ലോക്സഭ ബിൽ പാസാക്കിയത്
എംപിമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ലോക്സഭയും രാജ്യസഭയും ശക്തമായ പ്രതിപക്ഷ ബഹളത്തിനും നിർത്തിവയ്ക്കലിനും സാക്ഷ്യം വഹിച്ചിരുന്നു. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമേന്തി നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചിരുന്നു. ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്രതിഷേധ പ്രകടനം നടത്തി.
#WATCH | Opposition leaders including LoP Rajya Sabha Mallikarjun Kharge along with suspended MPs read the Preamble to the Constitution of India and recite the national anthem before the Mahatma Gandhi statue in Parliament to protest against the suspension of MPs pic.twitter.com/9ZLp4Zf4mP
- ANI (@ANI) December 22, 2021
ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ചതിനാണ് എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഫൂലോ ദേവി നേതം (കോൺഗ്രസ്), ഛായ വർമ (കോൺഗ്രസ്), റിപുൻ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), അഖിലേഷ് പ്രസാദ് സിങ് (കോൺഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺഗ്രസ്), ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്ത ഛേത്രി (തൃണമൂൽ കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന), അനിൽ ദേശായി (ശിവസേന), എന്നിവരെ സസ്‌പെൻഡു ചെയ്തത്. ഇവരുടെ സസ്‌പെന്ഷൻ കാലാവധി ഇന്നത്തോടെ കഴിഞ്ഞു.
തുടർച്ചയായി പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനാൽ വിചാരിച്ചതിനേക്കാൾ കുറഞ്ഞ തോതിൽ മാത്രമേ രാജ്യസഭാ നടപടികൾ നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞൂള്ളൂവെന്നതിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു വീണ്ടും ദുഃഖാർത്തനായി
ഇതിന് മുൻപ് മൺസൂൺ കാലത്തും സഭാസമ്മേളനം വിലപ്പെട്ട എത്രയോ മണിക്കൂറുകൾ നഷ്ടപ്പെടുത്തിയെന്ന വിഷയമുയർത്തി വെങ്കയ്യ നായിഡു പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ ശീതകാലസമ്മേളനത്തിലും രാജ്യസഭ ഫലപ്രദമായി നടത്തിക്കൊണ്ടുവാൻ കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ചർച്ചകളില്ല. പ്രസംഗങ്ങളില്ല. സഭാ നടപടികളുടെ മേൽ പ്രതിപക്ഷത്തിന്റെ ബോധപൂർവ്വമായ തടസ്സപ്പെടുത്തൽ മാത്രമാണ് നടക്കുന്നത്. ഇതേച്ചൊല്ലിയാണ് രാജ്യസഭയിൽ ഏറെക്കാലത്തെ അനുഭവപരിചയമുള്ള വെങ്കയ്യ നായിഡു ദുഃഖിതനായി.
ബുധനാഴ്ച ലിസ്റ്റ് ചെയ്ത പേപ്പറുകളും റിപ്പോർട്ടുകളും മേശപ്പുറത്ത് വെച്ചയുടൻ സഭാംഗങ്ങളുമായി തനിക്ക് സന്തോഷപൂർവ്വം പങ്കുവെയ്ക്കാൻ ഒന്നുമില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 'സഭാസമ്മേളനം എങ്ങിനെ വ്യത്യസ്തവും മെച്ചപ്പെട്ടതും ആക്കാമെന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യണം. ഈ സഭാനടപടികളുടെ ഗതിവിഗതികളെക്കുറിച്ച് സുദീർഘമായി സംസാരിക്കാനില്ല. അതെന്നെ വിമർശനാത്മകമായി സംസാരിക്കാൻ പ്രേരിപ്പിക്കും,' വെങ്കയ്യ നായിഡു പറഞ്ഞു.
'റൂളിംഗുകളും നിയന്ത്രണങ്ങളും സഭാപ്രക്രികളും കൃത്യമായി പിന്തുടരേണ്ടതുണ്ട്, അതേ സമയം മാന്യതയും പതിവുകളും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതുമുണ്ട്,'- അദ്ദേഹം പറഞ്ഞു.
സംഭവിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം അംഗങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിശാലതാൽപര്യത്തിന് ക്രിയാത്മകവും മികച്ചതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ നമ്മൾ എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 12 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യമുയർത്തിയും ലഖിംപൂർ ഖേരി അക്രമപ്രശ്നമുന്നയിച്ചും പ്രതിപക്ഷം ഉയർത്തിയ ബഹളം നിരവധി തവണ സഭാനടപടികൾ നിർത്തിവെയ്ക്കുന്നതിന് കാരണമായി.
അതേ സമയം പാർലമെന്റ സമ്മേളനത്തിൽ സർക്കാർ തീർത്തും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് സംസാരിക്കാൻ പോലും അവസരം നൽകാതെ സർക്കാർ ബില്ലുകൾ പാസ്സാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ പ്രതികരിച്ചത്.
അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ നടപടി പിൻവലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് തന്നെ സർക്കാരിനെ അറിയിച്ചെങ്കിലും ഒരോ അംഗങ്ങളും സഭക്കുള്ളിൽ ഖേദം പ്രകടിപ്പിക്കണമെന്ന് സർക്കാർ വാശി പിടിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
തീർത്തും ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ബില്ലുകൾ പാസാക്കിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർരഞ്ജൻ ചൗധരി ആരോപിച്ചു. ലഖിംപൂർ ഖേരി വിഷയം ഉയർത്താൻ ശ്രമിച്ചപ്പോൾ മൈക്ക് ഓഫാക്കി പ്രതിപക്ഷത്തെ വിലക്കുന്ന സ്ഥിതിയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും ബജറ്റ് സമ്മേളനത്തിൽ കർഷക പ്രശ്‌നം അടക്കം ഉയർത്തി പ്രതിഷേധം തുടരുമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ