- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിമാനത്താവള പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു; തീർത്ഥാടക ടൂറിസത്തിന് വളർച്ച ഉണ്ടാക്കുമെന്ന് പാർലമെന്ററി സമിതി; അനുമതി ലഭ്യമാക്കാൻ വ്യോമയാന മന്ത്രാലയം നടപടി എടുക്കണമെന്നും ബിജെപി എംപി അദ്ധ്യക്ഷനായ സമിതി
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാൻ ആദ്യചുവട് വയ്പ്. വിമാനത്താവളത്തിന് അനുമതി ലഭിക്കാൻ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് ഗതാഗത, വിനോദ സഞ്ചാര, സംസ്‌കാരിക വകുപ്പുകൾക്കുള്ള പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് പറഞ്ഞ തീയതിക്കകം കൈമാറുമോ എന്ന് സമിതി ചോദിച്ചു.
ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യമാകേണ്ടതാണെന്നു ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളം തീർത്ഥാടക ടൂറിസത്തിനു വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെഎസ്‌ഐഡിസിയുമായി ചർച്ച നടത്തണം. തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിർദേശിച്ചു.
കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്‌ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ 'സൈറ്റ് ക്ലിയറൻസ്' ലഭിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയായിട്ടില്ല. കേരള സർക്കാർ നടത്തിയ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠനത്തിന്റെ തൽസ്ഥിതി എന്താണെന്നും റിപ്പോർട്ട് ആരാഞ്ഞു സാധ്യതാ പഠന റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്‌ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വർഷം തോറും ലക്ഷക്കണക്കിന് ആഭ്യന്തര-അന്തർദേശീയ തീർത്ഥാടകർ ശബരിമയിലെത്തുന്നുണ്ട്. തീർത്ഥാടന വിനോദ സഞ്ചാരത്തിന് ഇത് ഉത്തേജനം നൽകും. വികസിത വിനോദ സഞ്ചാര സർക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ശബരിമലയെയും ഈ സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
31 എംപിമാർ അടങ്ങുന്ന ടി.ജി. വെങ്കിടേക്ഷ് അധ്യക്ഷനായ ഗതാഗത, വിനോദ സഞ്ചാര, സംസ്‌കാരിക വകുപ്പുകൾക്കുള്ള പാർലമെന്ററി സമിതിയിൽ കേരളത്തിൽ നിന്ന് കെ. മുരളീധരൻ, ആന്റോ ആന്റണി എന്നിവരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ