മുംബൈ: മക്കൾ വേണ്ടി അവിശ്വനീയമായ ത്യാഗങ്ങൾ സഹിച്ച പിതാക്കന്മാരുടെ അനുഭവങ്ങൾ നാം കേട്ടിട്ടുള്ളതാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് സഞ്ജയ് തെജ്നെയുടെത്.കൊലപാതക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് പരോളിലിറങ്ങി തന്റെ പെൺമക്കൾക്ക് വേണ്ട അജ്ഞാതവാസം നയിച്ചത് 12 വർഷക്കാലമാണ്.ഒടുവിൽ തന്റെ കടമ നിറവേറ്റി ജയിലിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

ജയിലിൽനിന്നും പരോളിൽ പുറത്തിറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ അയാൾക്കുണ്ടായിരുന്നുള്ളൂ. തന്റെ പെൺമക്കളെ പഠിപ്പിക്കണം.പരോൾ കാലാവധി കഴിഞ്ഞിട്ടും അയാൾക്ക് ജയിലിലേക്ക് മടങ്ങാനായില്ല. പലയിടത്തും ഒളിവുജീവിതം നടത്തി.പെൺമക്കളുടെ പഠനത്തിന് വേണ്ടിയാണ് സഞ്ജയ് തെജ്നെ അറ്റകൈ തിരഞ്ഞെടുത്തത്.ജീവപര്യന്തം തടവ്ശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയ് പരോളിലിറങ്ങി മുങ്ങുകായിരുന്നു.

പന്ത്രണ്ട് വർഷം ഒളിവുജീവിതം നയിച്ചു. ഒടുവിൽ മക്കൾ പത്താം ക്ലാസ് ഉയർന്ന മാർക്കോടെ വിജയിച്ചപ്പോൾ അധികൃതരെ തേടി ജയിലിലേക്കുതന്നെ മടങ്ങിയെത്തി.2003ൽ ഒരു കൊലപാതകക്കേസിലാണ് അച്ഛനും രണ്ട് സഹോദരന്മാർക്കുമൊപ്പം സഞ്ജയ്യും അറസ്റ്റിലായത്. 2005 ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുതവണ പരോളിലിറങ്ങി. പെൺമക്കളായ ശ്രദ്ധയും ശ്രുതിയും പിറന്നതോടെ തടവുശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന അയാളുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു.

തുടർന്നാണ് ഒളിവിൽപ്പോകാൻ തീരുമാനിച്ചത്. ഒടുവിൽ പരോളിലിറങ്ങിയശേഷം ജയിലിൽ മടങ്ങിയെത്തിയില്ല. മക്കളുടെ പഠനത്തിനായി പ്രിന്റിങ് പ്രസിൽ ജോലിക്കുകയറി. പിന്നീട് പൊലീസിന്റെ കണ്ണിൽ പെടാതെയുള്ള ജീവിതം. 12 വർഷവും അയാൾ അങ്ങനെ ജീവിച്ചു. ജോലിക്കിടയിലുള്ള അവധി ദിവസങ്ങളിൽ പാത്തും പതുങ്ങിയും കുടുംബത്തെ കാണാൻ എത്തി.മക്കൾ പത്താംക്ലാസ് വിജയിച്ചതോടെ ജയിലിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എസ്.എസ്.സി. പരീക്ഷയിൽ ശ്രദ്ധക്ക് 86 ശതമാനവും ശ്രുതിക്ക് 83 ശതമാനവും മാർക്ക് ലഭിച്ചു.

മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകണമെന്നാണ് ഇയാളുടെ ആഗ്രഹം. ചില സംഘടനകൾ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഉന്നതവിജയംനേടിയ തടവുകാരുടെ മക്കളെ ആദരിച്ചപ്പോൾ അതിൽ ശ്രദ്ധയും ശ്രുതിയുമുണ്ടായിരുന്നു. ദീർഘകാലം ഒളിവിൽക്കഴിഞ്ഞതിനാൽ ഇനി തെജ്‌നക്ക് പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയിലധികൃതർ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് തേജ്‌ന വീടണയാൻ കാത്തിരിക്കുകയാണ് പെൺമക്കളും ഭാര്യയും.