ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ അഴിമതിയുടെ കരിനിഴൽ വീഴ്‌ത്തിയ റാഫേൽ വിമാന ഇടപാടിനെ കുറിച്ചുള്ള ദുരൂഹതകൾ നാൾക്കുനാൾ വർദ്ധിപ്പിക്കുന്നു. പ്രതിരോധ ഇടപാടിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ് മോദി സർക്കാറിനെ പ്രതിരോധിത്താക്കുന്നത്. ഇന്ന് പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ സിപിഎം എംപി എംബി രാജേഷ് ശ്രമിച്ചപ്പോൾ മറ്റ് ബഹളങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന കാഴ്‌ച്ചയാണ് ഉണ്ടായത്. ഇടപാടിനെ കുറിച്ച് ചോദിക്കുന്നവരെ ദേശീ സുരക്ഷ അപകടത്തിലാക്കുന്നവർ എന്ന ന്യായം പറഞ്ഞാണ് ബിജെപി ഈ വിഷയത്തെ നേരിടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ഇടപാട് കൂടുതൽ ദൂരൂഹമായി തുടരുന്നതും.

ഇന്ന് റാഫേൽ ഇടപാടിനെ കുറിച്ച് പാർലമെന്റിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറല്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും വ്യക്തമാക്കുകയുണ്ടായി. ആവശ്യം ഉന്നയിച്ച കോൺഗ്രസ് ശ്രമിക്കുന്നത് രാജ്യസുരക്ഷയെ അപകടപ്പെടുത്താനാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

ആയുധ ഇടപാടിന്റെ വിവരങ്ങൾ പുറത്തു വരുന്നത് രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. യു.പി.എ ഭരണകാലത്ത് സമാനരീതിയിൽ ചോദ്യം ഉന്നയിച്ചപ്പോൾ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി സർക്കാർ വിശദാംശങ്ങൾ നൽകിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ വിമാനത്തിനും എത്ര രൂപ ചെലവായി എന്ന് വിവരിച്ചാൽ അതിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ പുറംലോകം അറിയുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു. ലോക്‌സഭയിൽ റാഫേൽ ഇടപാട് വിഷയം വീരപ്പമൊയ്‌ലിയാണ് ഉന്നയിച്ചത്. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് മൊയ് ലി ആവശ്യപ്പെട്ടു.

മുൻസർക്കാർ തുടങ്ങിവെച്ച സർക്കാറിനേക്കാൾ മെച്ചമാണെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുന്നു. അതേസമയം പാർലമെന്റിൽ നിന്നും വിഷയത്തിൽ ഒളിച്ചോടാൻ ബിജെപി ശ്രമിക്കുന്നത് അഴിമതിയുണ്ടെന്ന ബോധ്യത്തെ തുടർന്നാണെന്നാണ് കോൺഗ്രസ് വാദം. മുൻ സർക്കാറിന്റെ കാലത്ത് സുതാര്യമായിരുന്ന കരാർ ഇപ്പോൾ എങ്ങനെ രഹസ്യമായി എന്ന ചോദ്യത്തിന് മാത്രം കേന്ദ്രത്തിന് കൃത്യമായ ഉത്തരമില്ല. കരാറിൽ ഇത് സംബന്ധിച്ച ഭാഗമുണ്ടെന്ന് പറഞ്ഞ് തടിയെടുക്കുകയാണ് സർക്കാർ.

ഒരു യുദ്ധവിമാനത്തിന് 526 കോടിക്ക് നൽകാമെന്നേറ്റ കരാറാണ് മോദി 1570 കോടി രൂപയാക്കി ഉയർത്തിയത്. മൂന്നിരട്ടി വർദ്ധിച്ച ഈ വില തന്നെയാണ് മോദിയെ വിവാദത്തിലാക്കുന്നതും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എത്തിയ എൻഡിഎ സർക്കാർ 59,000 കോടി രൂപയുടെ ഈ യുദ്ധ വിമാനക്കരാറിൽ തുടക്കം മുതൽ രഹസ്യം സൂക്ഷിക്കുന്നത് ഇടപാടിൽ കൂടുതൽ ദുരൂഹത വളർത്തുന്നതാണ്. ഇടപാടിൽ ഒപ്പുവെക്കുന്ന വേളയിൽ പ്രതിരോധ മന്ത്രിയായിരുന്നത് മനോഹർ പരീക്കറായിരുന്നു. സുപ്രധാനമായ ഈ കരാർ ഒപ്പുവെക്കാൻ പാരിസിലേക്ക് മോദി പറന്നപ്പോൾ ഒപ്പം പ്രതിരോധ മന്ത്രി ഉണ്ടായിരുന്നില്ല. ഫ്രഞ്ച് പ്രധാനമന്ത്രിയുമായി മോദി കരാറിൽ ഒപ്പു വെക്കുമ്പോൾ ഗോവയിൽ ഒരു ഫിഷ് സ്റ്റാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മനോഹർ പരീക്കർ.

 2015 ഏപ്രിൽ 11 നു അന്നത്തെ ഗോവൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസ്‌കാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതം എം ബി രാജേഷ് സന്ദേഹം ഉന്നയിക്കുന്നുണ്ട്. അതേ ദിവസം വൈകിട്ടു ഇന്ത്യൻ സമയം 7. 30 നാണു ഫ്രഞ്ച് ഗവൺമെന്റുമായി മോദി കരാറിൽ ഒപ്പുവെച്ചു. ചുരുക്കത്തിൽ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറിന് പോലും കരാറിനെ കുറിച്ച് അറിയുമോ എന്ന കാര്യത്തിൽ സംശയം. അത്രയ്ക്ക് രഹസ്യാത്മകതയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ ഈ ഡീലിലുള്ളത്. എന്തുകൊണ്ട് പരീക്കർ കരാറിൽ ഒപ്പിടാൻ പോയില്ലെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

പ്രതിരോധ വകുപ്പിനെ ഉന്നത ഉദ്യോഗസ്ഥരോ കരാറിൽ ആദ്യം പങ്കാളിയായിരുന്ന ഹിന്ദുസ്ഥാൻ എയറോട്ടിക്കൽ ലിമറ്റഡിലെ ഉന്നതരോ ഒന്നും നിർണായമായ ഈ ഇടപാടിനെ കുറിച്ച് അറിവില്ലാത്തവരായി. എന്നാൽ, അപ്പോഴും മോദി പാരീൽ എത്തിയ ദിവസം ഒരു പ്രമുഖ വ്യവസായിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. മറ്റാരുമായിരുന്നില്ല, അത് അനിൽ അംബാനിയായിരുന്നു ആ പ്രമുഖൻ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രതിരോധ കരാറിൽ ഒരു സ്വകാര്യ കമ്പനി ഇടം പിടിച്ചപ്പോൾ അത് മോദിക്ക് ഏറെ പ്രിയങ്കരനായ റിലയൻസായി മാറി. ചിത്രത്തിൽ നിന്നും വിമാനങ്ങൾ നിർമ്മിച്ച് പരിചയമുള്ള എച്ച്എഎൽ ഔട്ടായപ്പോൾ ഒരു സൈക്കിൾ പോലും നിർമ്മിച്ച് പരിചയമില്ലാത്ത റിലയൻസിന് 130 കോടി ജനതയുടെ സുരക്ഷ ഉറപ്പിക്കാനുള്ള പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി.

മോദി നഷ്ടപ്പെടുത്തിയത് 20,000 വൈദഗ്ധ്യ തൊഴിൽ അവസരങ്ങൾ

മേക്ക് ഇൻ ഇന്ത്യക്ക് ഏറെ പ്രധാന്യം നൽകുന്നു താനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായെപ്പോഴും പറയുന്നത്. കോടിക്കണക്കിന് തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ പോലും അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് പതിനായിക്കണക്കിന് വിദഗ്ധരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കേണ്ട അവസരം മോദിയും കൂട്ടരും ഇല്ലാതാക്കിയത്. യുപിഎ സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരം വിമാനങ്ങൾ വാങ്ങുമ്പോൾ അസംബിൾ ചെയ്യേണ്ട കരാർ ലഭിക്കേണ്ടിയിരുന്നത് എച്ച് എ എല്ലിനാണ്. ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 36,000 കോടി രൂപയുടെ പദ്ധതിയായിരുന്നു പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കേണ്ടിയിരുന്നത്. മാത്രമല്ല, ഇതുവഴി 20,000 വൈദഗ്ധ്യ തൊഴിൽ അവസരങ്ങളും ലഭിക്കുമായിരുന്നു. എന്നാൽ, റിലയൻസിന് വേണ്ടി നരേന്ദ്ര മോദി എല്ലാം മറന്നു.

2014 ൽ മോദി സർക്കാർ അധികാരമേറ്റതോടെ തന്നെ ഈ ഇടപാടിൽ മാറ്റം വരുത്താൻ ശ്രമങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ 2015 ൽ തന്റെ പാരീസ് സന്ദർശനത്തിനിടെ ഏവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടതായി അറിയിക്കുകയായിരുന്നു. എച്ച്.എ.എല്ലുമായുള്ള ധാരണ അവസാനിപ്പിക്കുകയും രണ്ടു മാസം മുമ്പ് മാത്രം രൂപീകൃതമായ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് എന്ന കമ്പനിക്ക് പുറം പണി കരാർ നൽകാനും ധാരണയായി. യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ, മൊത്തം ചെലവാക്കിയ തുകയുടെ മുപ്പതു ശതമാനം ജോലികൾ ഒരു ഇന്ത്യൻ കമ്പനിക്ക് നൽകണം എന്നതാണ് സുപ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം തൊഴിലവസരങ്ങളെല്ലാം റിലയൻസ് കൊണ്ടുപോകാനും അവസരം ഒരുങ്ങി.

വ്യോമസേനയ്ക്ക് ഫ്രാൻസിൽനിന്ന് 126 റാഫേൽ വിമാനം വാങ്ങാൻ 2012ൽ ഉണ്ടാക്കിയ പ്രാഥമിക ധാരണപത്രമാണ് മോദി അട്ടിമറിച്ചത്. 18 വിമാനം പൂർണമായി ഫ്രാൻസിൽ നിർമ്മിച്ചുനൽകുമെന്നും ശേഷിക്കുന്നവ സാങ്കേതികവിദ്യാ കൈമാറ്റംവഴി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുമെന്നുമായിരുന്നു ധാരണ. എന്നാൽ, മോദി സർക്കാർ എച്ച്എഎല്ലിനെ പൂർണമായും ഒഴിവാക്കി. മാത്രമല്ല, വിമാനവില മൂന്നിരട്ടിയാക്കുകയും ചെയ്തു.

സൈക്കിൾ പോലും നിർമ്മിച്ച് ശീലമില്ലാത്ത റിലയൻസ് ഇന്ത്യൻ പ്രതിരോധത്തിൽ ചുവടുവെച്ചു

ഇന്ത്യയുടെ കൈവശമുള്ള മിറാഷ്200 വിമാനങ്ങൾ പഴകിവരുന്ന സാഹചര്യത്തിൽ റാഫേൽ പോർവിമാനങ്ങൾ അനിവാര്യമാണെന്ന് പ്രതിരോധസംഭരണ കൗൺസിൽ വിലയിരുത്തിയിരുന്നു. 2012ൽ 126 വിമാനത്തിനുള്ള ലേലം 1020 കോടി ഡോളറിന് ഫ്രഞ്ച് കമ്പനി ദാസ്സൂദ് നേടി. ഇതിനിടെ 2012 ഫെബ്രുവരിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ദാസ്സൂദിന്റെ പങ്കാളിയായി. തുടർന്ന്, നിസ്സാരതർക്കങ്ങളുടെ പേരിൽ റാഫേൽ ഇടപാടിനുള്ള ഇന്ത്യഫ്രഞ്ച് കരാർ ഒപ്പിടുന്നത് നീണ്ടുപോയി. യുപിഎ സർക്കാരിന്റെ കാലത്ത് റാഫേൽ കരാർ യാഥാർഥ്യമായില്ല.
മോദി സർക്കാർ വന്നശേഷം 126 വിമാനം വാങ്ങാനുള്ള ചർച്ച തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ റാഫേൽകരാർ ഉറപ്പിച്ചു.

24,000 കോടി രൂപയ്ക്ക് 36 വിമാനം ലഭിക്കുമെന്നായിരുന്നു വിശദീകരണം. 400 കോടി ഡോളറിന്റെ (26,000 കോടിയോളം രൂപ) കരാർ എന്നായിരുന്നു ഔദ്യോഗികവിശദീകരണം. പിന്നീട് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ യെവിസ് ലെഡ്രെയാൻ ഇന്ത്യൻ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഒരു വിമാനത്തിന്റെ വില ധാരണപത്രത്തിലെ വിലയുടെ മൂന്നിരട്ടിയാക്കി. മൊത്തം കരാർ 59,000 കോടിയോളം രൂപയായി ഉയർന്നു.

പ്രതിരോധമന്ത്രിയായിരുന്ന മലയാളിയായ എ.കെ ആന്റണിയുടെ കീഴിൽ അഞ്ചു വർഷത്തെ കൂടിയാലോചനകൾക്ക് ശേഷം സുതാര്യമായ പ്രക്രിയയിലൂടെയാണ് റാഫേൽ കരാർ മന്മോഹൻ സർക്കാർ ഉറപ്പിച്ചതെങ്കിൽ അത്തരം വിപുലമായ കൂടിയാലോചനകൾ ഒന്നുമില്ലാതെയാണ് മോദി പഴയ കരാർ തള്ളി പുതിയ ധാരണാപത്രം ഒപ്പിട്ടത്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോ വ്യോമസേനയിലെയോ എച്ച്.എ.എല്ലിലെ ഉദ്യോഗസ്ഥരോ ചടങ്ങിൽ സംബന്ധിച്ചിരുന്നില്ല. മോദിയും അനിൽ അംബാനിയും മാത്രം ചേർന്ന് നടത്തിയ ഇടപാടാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

2007 ലാണ് വ്യോമസേനയുടെ പ്രഹര ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 126 അത്യന്താധുനിക യുദ്ധ വിമാനങ്ങൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം തീരുമാനിക്കുന്നത്. സുതാര്യമായ ടെണ്ടർ നടപടിക്രമങ്ങളുടെ ഭാഗമായി ആറ് കമ്പനികളെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തു. ഫ്രാൻസിലെ റാഫേൽ, യൂറോപ്യൻ യൂണിയന്റെ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫോൺ, സ്വീഡന്റെ സാബ്സ് ഗ്രിപ്പൻ, അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ വിഖ്യാതമായ എഫ് -16, മറ്റൊരു അമേരിക്കൻ കമ്പനിയായ ബോയിങിന്റെ എഫ് 18 സൂപ്പർ ഹോർനെറ്റ്, റഷ്യയുടെ മിഗ് 35. ഇവയിൽ നിന്നും റാഫേലിനെയും യൂറോ ഫൈറ്ററിനെയും ഏറ്റവും മികച്ച വില നൽകുന്നവയായതിനാൽ അവസാന വട്ട ചർച്ചകൾക്ക് ക്ഷണിക്കുകയും 2012 ൽ റാഫേലുമായി കരാർ ഒപ്പിടുകയും ചെയ്തു.

 126 യുദ്ധ വിമാനങ്ങൾക്കായിരുന്നു കരാർ. ഇതിൽ 18 എണ്ണം യുദ്ധ സജ്ജമായവയും ബാക്കി എച്ച്.എ.എല്ലിൽ വച്ച് ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ തദ്ദേശീയമായി നിർമ്മിക്കാനുമായിരുന്നു വ്യവസ്ഥ. ഏതാണ്ട് 20000 പുതിയ സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുൾപ്പെടെ ഉള്ളതായിരുന്നു 2012 ലെ കരാർ. ഏതാണ്ട് അഞ്ചു വർഷത്തോളം സാങ്കേതിക പ്രതിരോധ മേഖലയിലെ വിദഗ്ധരും വ്യോമസേനയിൽ ഉന്നത ഉദ്യോഗസ്ഥരും ചേർന്നായിരുന്നു കൂടിയാലോചനകൾക്ക് ഉണ്ടായിരുന്നത്. ഈ നിർണായക കരാറാണ് മോദി സർക്കാർ അട്ടിമറിച്ചത്. മൂന്നിരട്ടി വില വർദ്ധിക്കുകയും ഖജനാവിന് വൻ നഷ്ടം വരുത്തുകയും ചെയ്തതാണ് ഈ സംഭവം.

എച്ച്എഎല്ലിന് ഫ്രഞ്ച് കമ്പനി ദാസ്സൂദ് പോർവിമാന സാങ്കേതികവിദ്യ കൈമാറുമെന്ന വ്യവസ്ഥ പുതിയ കരാറിൽനിന്ന് ഒഴിവാക്കി. പകരം ദാസ്സൂദ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകി. 59,000 കോടി രൂപയുടെ കരാറിൽ പകുതി തുകയ്ക്കുള്ള നിർമ്മാണം ഈ സംയുക്തസംരംഭമാണ് നടത്തുക. നാഗ്പുരിലെ റിലയൻസിന്റെ പ്രത്യേക സാമ്പത്തികമേഖലയിലാണ് നിർമ്മാണപ്രവൃത്തി. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എൻജിൻ എന്നിവയാണ് ഇവിടെ നിർമ്മിക്കുക. ഇന്ത്യൻ പ്രതിരോധചരിത്രത്തിൽ ഏതെങ്കിലും സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വലിയ കരാറാണ് ഇതെന്ന് റിലയൻസുതന്നെ പറയുന്നു.

അതേസമയം 2015ൽ രൂപം കൊടുത്ത കമ്പനി എങ്ങനെ ഈ നിർണായക കരാർ സ്വന്തമാക്കി എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. ഇതിലെ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഇടപാടുകൾ തന്നെയാണ് ഇടപാടിനെ കുറിച്ച് പാർലമെന്റിൽ നിന്നും മറച്ചു വെക്കാൻ കാരണണമെന്നാണ് ആരോപണം. ടാറ്റ അടക്കമുള്ള പ്രമുഖ കമ്പനികൾ സൈന്യത്തിന്് ട്രക്കും മറ്റും സപ്ലൈ ചെയ്യുന്നവരാണ്. എന്നാൽ, ഈ പ്രമുഖ കമ്പനികളെ എല്ലാം ഒഴിവാക്കി എങ്ങനെ റിലയൻസ് ഇടംപിടിച്ചു എന്ന ചോദ്യവും ഉയരുന്നു.