കുവൈറ്റ്: സ്വകാര്യ മേഖലയിലും പാർട്ട് ടൈം ജോലി അനുവദിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായി മാൻപവർ പബ്ലിക് അഥോറിറ്റി. തൊഴിൽ വിസാ വിതരണം മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽ രാജ്യത്ത് പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ലേബർ മാർക്കറ്റിലെ ക്രമീകരണത്തിന്റെ ഭാഗമായാണ് ലേബർ വിസാ വിതരണം നാളുകളായി മുടങ്ങിയിരിക്കുന്നത്.

അടിസ്ഥാന ജോലിക്കു പുറമേ പാർട്ട് ടൈം ജോലി കൂടി പരിഗണിക്കുന്ന തരത്തിലാണ് മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിലവിൽ പാർട്ട്‌ടൈം ജോലി ചെയ്യാൻ തൊഴിൽ മന്ത്രാലയം അനുവദിക്കുന്നുണ്ട്. അത് സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ ഉദ്ദേശം.

പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ  മാൻപവർ അഥോറിറ്റിയിൽ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യേകം തയാറാക്കിയിരിക്കുന്ന ഈ അപേക്ഷാ ഫോമിൽ ഇരുസ്ഥാപനങ്ങളിലേയും സ്‌പോൺസർമാർ ഒപ്പു വയ്ക്കുന്നതോടെ പാർട്ട് ടൈം ജോലിക്ക് നിയമപരിരക്ഷ ലഭിക്കും.