കൊച്ചി: നടിയെ ആക്രമിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതികൾ കത്തിച്ചതായി പൊലീസിന് സംശയം. ഇതുസംബന്ധിച്ച സൂചന മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയിൽ നിന്ന് പൊലീസിന് കിട്ടിയെന്നാണ് സൂചന. ഇതോടെ കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്.

പ്രതീഷ് ചാക്കോയിൽ നിന്നും മൊബൈൽ ഫോൺ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്ന സംശയവും ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം എടുക്കാത്തത്.

ഇന്നലെ ആലുവ പൊലീസ് ക്ലബിൽ പ്രതീഷ് ചാക്കോയെ പൊലീസ് 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന സൂചന പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതീഷ് ചാക്കോയെ ഇന്നലെ രാത്രി എട്ടു മണിയോടെ വിട്ടയച്ചിരുന്നു.

പ്രതീഷ് ചാക്കോയെ കേസിൽ മാപ്പുസാക്ഷിയാക്കുന്നത് പരിഗണിക്കുന്നുണ്ട്. ഈ മൊബൈൽ കത്തിക്കുന്നതിന് മുമ്പ് ദൃശ്യങ്ങൾ പകർത്തിയെന്നും സൂചനയുണ്ട്. പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൾസർ സുനിയുടെ വസ്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

പൾസർ സുനി തന്റെ കൈയിൽ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നു. താൻ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏൽപ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞത്. മൊബൈൽ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞത്. കേസിൽ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതൽ കുറ്റങ്ങൾ പുതിയ സാഹചര്യത്തിൽ പൊലീസ് ചുമത്തിയേക്കും. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഏൽപ്പിച്ചുവെന്നാണ് പൾസർ സുനിയുടെ മൊഴി. ഈ മൊബൈൽ ദിലീപിനെ ഏൽപ്പിക്കണമെന്നും താൻ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ജൂനിയർ അഭിഭാഷകനെ ചോദ്യം ചെയ്തതിലൂടെ ഒരു മെമ്മറി കാർഡ് ലഭിച്ചിരുന്നുവെങ്കിലും അത് ശൂന്യമായിരുന്നു എന്നാണ് സൂചന. ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ ചിത്രം പുറത്തേക്ക് പോയിട്ടില്ലെന്ന ആശ്വാസത്തിലാണ് പൊലീസ്. എന്നാൽ ഒറിജിനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാർഡിന്റെ പകർപ്പ് ലഭിച്ചതിനാൽ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. ഇത് കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി എത്തുന്നത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷൻ കേസിന്റെ വിവരങ്ങൾ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷ്. ക്വട്ടേഷന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കോടതി മുൻപാകെ ആവർത്തിച്ചു വ്യക്തമാക്കുന്ന നടൻ ദീലിപിനു കൈമാറാനാണു ഫോൺ പ്രതീഷിനെ ഏൽപ്പിച്ചതെന്നു സുനിലും മൊഴി നൽകിയിട്ടുണ്ട്. മൂന്നാമതൊരാൾ വഴിയാണ് ഈ ഫോൺ ദിലീപിന്റെ കൈവശമെത്തിയത്. എന്നാൽ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഈ ഫോണാണു കേസിലെ സുപ്രധാന തൊണ്ടി.

പ്രതീഷ് ചാക്കോയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റമാണു പ്രതീഷിൽ ചുമത്തിയിട്ടുള്ളത്. ഇയാളെ വ്യാഴാഴ്ച രാത്രി വൈകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.