ചെന്നൈ: സദസിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് നടനും സംവിധായകനുമായ പാർഥിപൻ. പുതിയ ചിത്രമായ 'ഇരുവിൻ നിഴലിന്റെ' ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് പാർഥിപൻ നിയന്ത്രണം വിട്ടു പെരുമാറിയത്. സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും വേദിയിലുണ്ടായിരുന്നു. പിന്നീട് തെറ്റ് മനസിലാക്കിയ അദ്ദേഹം സദസ്സിൽവച്ചുതന്നെ ക്ഷമാപണവും നടത്തി.

ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസ് ഞായറാഴ്ചയാണ് നടന്നത്. വേദിയിൽ റഹ്‌മാനുമായി സംസാരിക്കുന്നതിനിടെ പാർഥിപൻ മൈക്ക് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് മൈക്ക് സദസിന് നേരെ വലിച്ചെറിയുകയായിരുന്നു.

മൈക്ക് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടപ്പോൾ സദസിലുണ്ടായിരുന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ കൂടിയായ റോബോ ശങ്കർ മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ പാർഥിപൻ 'നിങ്ങൾ ഇത് മുമ്പ് ചോദിക്കേണ്ടതായിരുന്നു' എന്നു പറഞ്ഞു കൊണ്ട് മൈക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട സദസും റഹ്‌മാനും ഒരുപോലെ ഞെട്ടി. എന്നാൽ പിന്നീട് പാർഥിപൻ മാപ്പു പറയുകയും ചെയ്തു. കുറച്ചു ദിവസമായി വല്ലാത്ത സമ്മർദത്തിലാണെന്നും അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും പാർഥിപൻ പറഞ്ഞു.

20 വർഷങ്ങൾക്ക് ശേഷമാണ് സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും പാർഥിപനും ഒന്നിക്കുന്നത്. ഇതിന് മുമ്പ് 2001ൽ പാർഥിപൻ സംവിധാനം ചെയ്ത യേലേലോ എന്ന ചിത്രത്തിനും എ.ആർ റഹ്‌മാൻ സംഗീതം നൽകിയിരുന്നു. പക്ഷെ, ആ ചിത്രം റിലീസ് ആയില്ല. ശേഷം ഇരുവരും 'ഇരുവിൻ നിഴലിലൂടെയാണ് ഒന്നിക്കുന്നത്.

പാർഥിപൻ രചനയും, സംവിധാനവും നടത്തി പുറത്തു ഇറങ്ങാൻ പോകുന്ന ചിത്രമാണ് 'ഇരുവിൻ നിഴൽ'. ഇത് ഒരു പരീക്ഷണ ചിത്രം ആയിരിക്കും എന്നാണ് റിപ്പോർട്ട്. ഏഷ്യാലെ ആദ്യത്തെ സിംഗിൾ ഷോട്ട് ഫീച്ചർ ഫിലിമാണ് ഇരുവിൻ നിഴൽ എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഒരു അൻപതുകാരന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ഇരവിൻ നിഴൽ കടന്നുപോകുന്നത്. പാർഥിപൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.