- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രാസ് ഐ.ഐ.ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മലയാളി പ്രോജക്ട് കോ ഓർഡിനേറ്ററുടേതെന്ന് സംശയം; ക്യാമ്പസിനുള്ളിൽ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ച്ച രാത്രി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ചെന്നൈ: മദ്രാസ് ഐ.ഐ.ടിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത മൃതദേഹം മലയാളിയുടേതെന്ന് സംശയം. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്.
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പുറത്തുവന്ന വിവരം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് മദ്രാസ് ഐ.ഐ.ടിക്കുള്ളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യം കോട്ടൂർപുരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളതെന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂർപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ഐഐടിക്കെതിരെ ജാതി അധിക്ഷേപ ആരോപണവും വീണ്ടും ഉയർന്നിട്ടുണ്ട്. സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ജാതി അധിക്ഷേപം മൂലം താൻ ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യപിച്ചത്.
സാമ്പത്തിക വിഭാഗത്തിലെ അദ്ധ്യാപകനാണ് ജോലി ഉപേക്ഷിക്കുന്നുവെന്ന് കാണിച്ചു ഇമെയിൽ സന്ദേശം അയച്ചത്. അതേസമയം ജാതി അധിക്ഷേപം നടക്കുന്നുണ്ടെന്ന ആരോപണത്തോട് ഐഐടി അധികൃതർ പ്രതികരിച്ചിട്ടില്ല.
മറുനാടന് ഡെസ്ക്