ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനെ പിന്നിൽ നിന്ന് കുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനാണെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു. എംഎൽഎമാരടേയും എംപിമാരുടേയും മോശം പ്രകടനത്തിനു ഉത്തരവാദി പാർട്ടി ദേശീയ അധ്യക്ഷനാണെന്ന് ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ ഐബി ഓഫീസർമാരുടെ വാർഷിക എൻഡോവ്മെന്റ് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിയായ ഗഡ്കരി.

സർക്കാരുകൾ വരും പോകും പക്ഷേ രാജ്യം നിലനിൽക്കും. ഈ രാജ്യം ഏതെങ്കിലും ഒരു പാർട്ടിയുടേതോ വ്യക്തിയുടേതോ അല്ല മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്‌ഗഡിലെയും തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അമിത് ഷായെ കുത്തിയുള്ള ഗഡ്കരിയുടെ പ്രസ്താവന പാർട്ടിക്കുള്ളിലെ അസാരസ്യങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ സംസാരം നന്നാവണമെന്ന് ഗഡ്കരി പറഞ്ഞു. നിങ്ങൾ ഒരു പണ്ഡിതൻ ആയിരിക്കാം, പക്ഷേ ജനം നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നില്ല. എല്ലാം അറിയാം എന്ന് ചിന്തിക്കുന്നവർക്കും തെറ്റുപറ്റാം. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് നല്ല കാര്യമാണ്. ആളുകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ നിങ്ങൾ അധികാരത്തിൽ വരുന്നതും പോകുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തരമന്ത്രാലയത്തിന്റെ വിജയം അവരുടെ കഴിവുള്ള പരിശീലനം ലഭിച്ച ഐഎഎസ്, ഐപിഎസ് ഓഫീസർമാരാണ്. ശരിയായ പരിശീലനം പ്രധാനപ്പെട്ട ഭാഗമാണ്. മിക്കവാറും എല്ലാ ഐഎഎസ്, ഐപിഎസ് ഓഫീസർമാരും വെടിപ്പോടെയും മികച്ച രീതിയിലുമാണ് ജോലി ചെയ്യുന്നത്. എന്നാൽ താൻ ഒരു പാർട്ടി അധ്യക്ഷനാണെങ്കിൽ തന്റെ എംഎൽമാരും എംപിമാരും നന്നായി ജോലി ചെയ്തില്ലെങ്കിൽ അതിന് താൻ ഉത്തരവാദിയായിരിക്കും- ഗഡ്കരി കൂട്ടിച്ചേർത്തു.ട്രാൻസ്‌ജെൻഡർ പരാശവും കരാറുകാർ റോഡുപണി നന്നായി ചെയ്തില്ലെങ്കിൽ അവർക്കുമേൽ ബുൾഡോസർ കയറ്റുമെന്ന പരാമർശവും ഉൾപ്പെടെ അടുത്തിടെ ഗഡ്കരി നിരവധി വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.