കണ്ണൂർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നാളെ കണ്ണൂരിൽ തുടങ്ങാനിരിക്കെ സിപിഎം എന്തു രാഷ്ട്രീയലൈൻ സ്വീകരിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ മാറ്റി നിർത്തുന്നതിനുള്ള അടവ് നയം സ്വീകരിക്കുമെന്ന് നേരത്തെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയും പൊതുവിഷയങ്ങളിൽ സഹകരണം എന്നിവ തുടരുമോയെന്ന കാര്യത്തിൽ തീരുമാന മാനമെടുത്തിട്ടില്ല.

പല തവണ രൂപീകരിക്കുകയും പിന്നീട് പൊളിയുകയും ചെയ്ത മൂന്നാംമുന്നണിക്കായി ഇനിയും തുനിയേണ്ടതില്ലെന്ന പൊതു അഭിപ്രായമുണ്ടെങ്കിലും ബിജെപിയുടെ തേർവാഴ്‌ച്ച തടയുന്നതിനായി മൂന്നാം മുന്നണിക്ക് ഇനിയും പ്രസക്തിയുണ്ടെന്ന വിലയിരുത്തലുമുണ്ട്. സിപിഎം അണിയറയിൽ നിന്നുകൊണ്ട് ടി.ആർ.എസ്, ഡി.എം.കെ ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളെ മൂന്നാംമുന്നണിയുടെ നേതൃത്വം ഏൽപ്പിക്കണമെന്ന വാദവും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. രാഹുൽ ഗാന്ധിയോട് ഏറെ അടുപ്പം പുലർത്തുന്ന നേതാവാണെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേതൃത്വത്തിലേക്ക് വരണമെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ ആഗ്രഹം.

സ്റ്റാലിനെ പാർട്ടി കോൺഗ്രസിന്റെ ദേശീയ സെമിനാറിലേക്ക് ക്ഷണിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ : ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവുവുമായി സിപിഎം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറെ അടുപ്പം പുലർത്തുന്നുണ്ട്. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൂന്നാംമുന്നണിയുടെ തലപ്പത്തേക്ക് വരട്ടെയെന്ന് പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസുമായി യാതൊരു സമവായവും വേണ്ടെന്ന നിലപാടിൽ തന്നെയാണ് പിണറായി നേതൃത്വം നൽകുന്ന കേരള ഘടകം.

കേരളത്തിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ അഖിലേന്ത്യാ തലത്തിൽ കൂടെക്കൂട്ടിയാൽ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ബംഗാൾ, ത്രിപുര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ കൂടെ കൂട്ടിയിട്ടും യാതൊരു പ്രയോജനവും ചെയ്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പി.ബിയിലെ മറ്റുനേതാക്കളായ പ്രകാശ് കാരാട്ട്, എസ്.ആർ.പി, എം.എ ബേബി തുടങ്ങിയവർ പിണറായി ലൈനിനെ പിൻതുണയ്ക്കുന്നവരാണ്. കോൺഗ്രസുമായി സഖ്യം വേണമെന്ന് വാദിക്കുന്ന അഖിലേന്ത്യ സെക്രട്ടറി സീതാറാം യച്ചുരിക്ക് ബംഗാൾ - ത്രിപുര ഘടകങ്ങളിലെ ചില നേതാക്കളുടെ പിൻതുണ മാത്രമേയുള്ളു.

എന്നാൽ ഇന്ത്യയിൽ സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെന്ന നിലയിൽ ഈ കാര്യത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടുകളെ പിൻതുണയ്ക്കുക മാത്രമേ യെച്ചൂരിക്ക് വഴിയുള്ളൂ. കോൺഗ്രസുമായി യാതൊരു നീക്കുപോക്കും വേണ്ടായെന്ന് വാദിക്കുന്നവരാണ് കേരളാ ഘടകം. അതുകൊണ്ടു തന്നെ ദേശീയ തലത്തിൽ മുഖ്യ ശത്രുവായി ബിജെപിയെ കാണുമ്പോഴും കോൺഗ്രസിനെ വിശാല മതേതര സഖ്യത്തിന്റെ ഭാഗമായി കൂട്ടണോയെന്ന കാര്യത്തിൽ സിപിഎം എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതിന് കാരണം.

കേരളത്തിലെ പാർട്ടിയിലെ അധികാര കേന്ദ്രമായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടു വിരൽ ചൂണ്ടുന്നിടത്ത് നിൽക്കുന്ന പാർട്ടിയായി അഖിലേന്ത്യാ തലത്തിലും സിപിഎം മാറി തുടങ്ങുന്നുവെന്നാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് നൽകുന്ന സൂചന. കേരളം നൽകുന്ന പണം കൊണ്ടു പിണറായിയും കൂട്ടരും പറയുന്നത് കേട്ടു കഞ്ഞി കുടിച്ചു പോകാമെന്ന ലൈൻ സ്വീകരിക്കുന്നതിലേക്ക് ദുർബലമായി തുടങ്ങിയിട്ടുണ്ട് ദേശീയ നേതൃത്വം.