കണ്ണൂർ: പയ്യന്നൂരിൽ സി.പി. എം ഫണ്ടു പിരിവ് തട്ടിപ്പുകേസിൽ കുറ്റാരോപിതർക്കെതിരെ സി.പി. എം ജില്ലാനേതൃത്വം ഉടൻ നടപടിയെടുക്കുമെന്ന് സൂചന. ഇതുസംബന്ധിച്ചു ജില്ലാകമ്മിറ്റിക്ക് സംസ്ഥാനകമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ ഈ വിഷയം ഒതുക്കിവയ്ക്കുകയായിരുന്നു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടു ശേഖരണം, പയ്യന്നൂർ ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിട്ടിനടത്തിപ്പ് എന്നിവയിലൂടെ ഒരുകോടിയിലേറെ രൂപ പാർട്ടിയിലെ ചില നേതാക്കൾ തട്ടിച്ചെടുത്തുവെന്നാണ് ആരോപണം. വ്യാജരസീത് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പിരിവ് നടത്തിയത്. എന്നാൽ ഇതു പാർട്ടി അംഗങ്ങളിൽ തന്നെ ചിലർ കണ്ടുപിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നേരത്തെ പരാതി ഒതുക്കാൻ പ്രാദേശികമായ ശ്രമിച്ചുവെങ്കിലും പ്രവർത്തകരിൽ ചിലർ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. വിഷയം വിവാദമായതിനെ തുടർന്നാണ് പാർട്ടി ജില്ലാനേതൃത്വം ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇവർ നടത്തിയ അന്വേഷണത്തിലാണ് വൻതട്ടിപ്പു നടന്നുവെന്നു വ്യക്തമായത്.

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പരിശോധനയിൽ രസീത് ബുക്കിന്റെ കൗണ്ടർ ഫോയിൽ തിരിച്ചെത്താതെ വന്നതും സംശയത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് കൗണ്ടർ ഫോയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹകരണ പ്രസിൽ അടിച്ചതിനു പകരം മറ്റൊരു പ്രസിൽ നിന്നടിച്ചതാണ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് കോടികളുടെ അഴിമതി നടന്നുവെന്ന് ജില്ലാ നേതൃത്വത്തിന് വ്യക്തമായത്.

നേരത്തെ വാട്സ് ആപ്പിൽ അശ്ളീല സന്ദേശമയച്ചതിന് പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും ജില്ലാകമ്മിറ്റി നീക്കിയിരുന്നു. അതിനു പകരം മറ്റൊരു സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പയ്യന്നൂരിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഇപ്പോഴുയർന്ന ആരോപണങ്ങൾക്കു പിന്നിലെന്നും പ്രചരിക്കുന്നുണ്ട്. പാർട്ടി പുറത്തുപറയുന്നത് ഒരു കോടിയുടെ തട്ടിപ്പു നടന്നുവെന്നാണെങ്കിലും ഏകദേശം രണ്ടുകോടിയിലേറെ വരുമെന്നാണ് പരാതിക്കാർ പറയുന്നത്.