ന്യൂഡൽഹി: പാർട്ടി പ്ലീനറി സമ്മേളനം നടത്തി പുർണ്ണ അധികാര കൈമാറ്റവും തലമുറ മാറ്റവും നടത്താനൊരുങ്ങുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ പാർലമെന്റ് ബജറ്റ് സമ്മേളനവും തുടർച്ചയായ നിയമസഭാ തിരഞ്ഞെടുപ്പുകളും വഴിമുടക്കുന്നു. കഴിഞ്ഞ മാസം നടത്താനായിരുന്ന പ്ലീനറി സമ്മേളനമാണ് തിരക്ക് പിടിച്ച ഷൈഡ്യൂൾ കാരണം നടത്താനാവാതെ മുന്നോട്ട് നീങ്ങുന്നത്.

ഫെബ്രുവരി ആദ്യ ആഴ്ചയിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം. തൊട്ടുപിന്നാലെ മേഘാലയ, നാഗാലാൻഡ്, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പുകൾ. വൈകാതെ സുപ്രധാന സംസ്ഥാനമായ കർണാടകയിൽ തിരഞ്ഞെടുപ്പാകും. ഇതോടെ പ്ലീനറി സമ്മേളനം നീണ്ട് പോകാനുള്ള സാധ്യതയേറെയാണ്.

അതിനോടടുത്ത് തന്നെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളും വരുന്നുണ്ട്. സുപ്രധാന വിഷയങ്ങളെക്കുറിച്ചു ചർച്ചയും പ്രമേയങ്ങളുമില്ലാതെ പേരിനു മാത്രം ചടങ്ങു നടത്താനാവില്ല.

ഇതിനിടെ, സംസ്ഥാനങ്ങളിൽ പാർട്ടി ഘടകങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ചതു കണക്കിലെടുത്താണ് ഇനിയൊരു അറിയിപ്പു വരുംവരെ പിസിസി പ്രസിഡന്റുമാർ തുടരുമെന്ന് എഐസിസി വ്യക്തമാക്കിയത്. പിസിസി പ്രസിഡന്റുമാരെയും എഐസിസി അംഗങ്ങളെയും നിശ്ചയിക്കുന്ന ചുമതല രാഹുലിനു കൈമാറിയ സംസ്ഥാന ഘടകങ്ങളെല്ലാം മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മേഘാലയയിലും നാഗാലാൻഡിലും പുതിയ പിസിസി അധ്യക്ഷരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത്യാവശ്യ സാഹചര്യത്തിലല്ലാതെ, പ്ലീനറി വരെ, കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല. ബജറ്റ് സമ്മേളനത്തിനും വടക്കുകിഴക്കൻ തിരഞ്ഞെടുപ്പിനും ശേഷം, കർണാടക തിരഞ്ഞെടുപ്പിനു മുൻപ് പ്ലീനറിക്കുള്ള സാധ്യതയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം ആരായുന്നത്.