- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസിന്റെ പാർട്ടിപദവിയിൽ തീരുമാനമായില്ല; സെക്രട്ടറിയേറ്റ് അംഗത്വം നൽകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് എതിർപ്പ്; നിലപാടു വ്യക്തമാക്കാതെ കേന്ദ്രനേതൃത്വവും; സിപിഎമ്മിൽ സംഭവിക്കുന്നതു ത്രിപുരയിൽ മുമ്പു പാളിയ സൂത്രവാക്യം
തിരുവനന്തപുരം: ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദൻ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമീഷൻ അധ്യക്ഷനായി നിയമിതനായെങ്കിലും അദ്ദേഹം പാർട്ടിയിൽ വഹിക്കേണ്ട പദവിയെ ചൊല്ലി ഇപ്പോഴും അവ്യക്തത. വി.എസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് നേരത്തെ അനൗദ്യോഗിക ധാരണ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇപ്പോൾ ഇതിൽ താൽപ്പര്യം കാട്ടുന്നില്ല. അങ്ങനെയൊരു പദവിയിലേക്ക് വി എസ് വന്നാൽ സിപിഐ(എം) വിഭാഗീയത വീണ്ടും വർധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. കേന്ദ്രനേതൃത്വമാകട്ടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. വി.എസിനെപ്പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന നേതാവിനെ ഇത്തരം ഒരു പദവിയിൽ ഇരുത്തിയാലുള്ള ആശങ്ക ചില നേതാക്കൾക്കുണ്ട്. ത്രിപുരയിൽ ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ നൃപൻ ചക്രബർത്തിയെ അനുനയിപ്പിക്കാൻ പി.ബി നടപ്പാക്കിയതിന് സമാനമായ സൂത്രവാക്യമാണ് സംസ്ഥാനത്തും അരങ്ങേറുന്നത്. ഇടഞ്ഞ നൃപൻ ചക്രബർത്തിയെ അന്ന് പി.ബി ഇടപെട്ട് കാബിനറ്റ് പദവിയോടെ
തിരുവനന്തപുരം: ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദൻ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമീഷൻ അധ്യക്ഷനായി നിയമിതനായെങ്കിലും അദ്ദേഹം പാർട്ടിയിൽ വഹിക്കേണ്ട പദവിയെ ചൊല്ലി ഇപ്പോഴും അവ്യക്തത. വി.എസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് നേരത്തെ അനൗദ്യോഗിക ധാരണ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇപ്പോൾ ഇതിൽ താൽപ്പര്യം കാട്ടുന്നില്ല.
അങ്ങനെയൊരു പദവിയിലേക്ക് വി എസ് വന്നാൽ സിപിഐ(എം) വിഭാഗീയത വീണ്ടും വർധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. കേന്ദ്രനേതൃത്വമാകട്ടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. വി.എസിനെപ്പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന നേതാവിനെ ഇത്തരം ഒരു പദവിയിൽ ഇരുത്തിയാലുള്ള ആശങ്ക ചില നേതാക്കൾക്കുണ്ട്.
ത്രിപുരയിൽ ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ നൃപൻ ചക്രബർത്തിയെ അനുനയിപ്പിക്കാൻ പി.ബി നടപ്പാക്കിയതിന് സമാനമായ സൂത്രവാക്യമാണ് സംസ്ഥാനത്തും അരങ്ങേറുന്നത്. ഇടഞ്ഞ നൃപൻ ചക്രബർത്തിയെ അന്ന് പി.ബി ഇടപെട്ട് കാബിനറ്റ് പദവിയോടെ ആസൂത്രണ ബോർഡ് വൈസ് ചെയർമാനാക്കി. എന്നാൽ, ഭരണകാര്യങ്ങളിൽ നൃപൻ ഇടപെട്ടതോടെ പി.ബിക്ക് കർശന നടപടി സ്വീകരിക്കേണ്ടിവന്നു.
നൃപന്റെ രാഷ്ട്രീയ പതനത്തിലാണ് അത് കലാശിച്ചത്. വി.എസിന്റെ കാര്യത്തിലും അങ്ങനെ സംഭവിക്കുമോയെന്ന ആശങ്കയും പാർട്ടിക്കകത്ത് ഉണ്ട്. മുഖ്യമന്ത്രിപദം നൽകാതെ മാറ്റിനിർത്തിയതുമുതൽ വി.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം പുതിയ പദവിയോടെ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. പിണറായി വിജയൻ സർക്കാറിന് അലോസരമുണ്ടാക്കാത്ത നിലയിലാണ് നിയമനം. വി.എസിനെ അവഗണിക്കുന്നെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടാകരുതെന്നതായിരുന്നു പി.ബി നിലപാടാണ് അദ്ദേഹത്തിന് തുണയായത്.
സ്ഥാനം നൽകുന്നതിനോട് സർക്കാറിനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും താൽപര്യമില്ലായിരുന്നു. കാലതാമസം പാടില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ കടുംപിടിത്തം. ഇരട്ടപ്പദവിയിലെ നിയമക്കുരുക്ക് സർക്കാർ ഒഴിവാക്കി. എന്നാൽ, ഹൈക്കോടതിയിലെ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുംമുമ്പ് നിയമന ഉത്തരവ് ഇറക്കിയതിൽ വി.എസിനോട് അടുപ്പമുള്ളവർക്ക് ആശങ്കയുണ്ട്. മൂന്നാഴ്ചത്തെ സമയമാണ് സർക്കാർ ചോദിച്ചത്. പദവി ഏറ്റെടുത്ത ശേഷം കോടതിയുടെ എതിർപരാമർശം ഉണ്ടായാൽ വലിയ തിരിച്ചടിയാവും. അതിനാൽ വി.എസിന്റെ നിലപാടാവും നിർണായകം.
നിലവിൽ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസിന് സംസ്ഥാന നേതൃത്വത്തിൽ പദവി നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാമെന്ന ഉറപ്പാണ് കേന്ദ്ര നേതൃത്വം വി.എസിന് നൽകിയിട്ടുള്ളത്. പി.ബി കമീഷൻ നടപടികൾ വേഗത്തിലാക്കുന്നത് ഇതിന്റെ ഭാഗമായാണ്. പക്ഷേ പ്രായാധിക്യമുള്ള വി.എസിനെ സെക്രട്ടേറിയറ്റിൽ എടുക്കാനാവില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. പാലോളി മുഹമ്മദ് കുട്ടി, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവരെല്ലാം ഇപ്പോൾ സംസ്ഥാന സമിതിയിൽ ക്ഷണിതാക്കൾ മാത്രമാണ്. ഒരാൾക്ക് മാത്രം ഇളവ് അനുവദിക്കാനാവില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. ഭരണത്തിലും പാർട്ടിയിലും പ്രതിസന്ധി ഉണ്ടാവരുതെന്നാഗ്രഹിക്കുന്ന കേന്ദ്രനേതൃത്വത്തിന്റെ മുന്നിലുള്ള അടുത്ത കടമ്പ ഇത് പരിഹരിക്കലാവും.
സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കാര കമീഷനാണ് വി.എസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുള്ളത്. 1957ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെയും 65ൽ എം.കെ. വെള്ളോടിയുടെയും 97ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെയും അധ്യക്ഷതയിലായിരുന്നു കമീഷൻ. മുൻ മുഖ്യമന്ത്രിയായ വി.എസിന്റെ നേതൃത്വത്തിലുള്ള കമീഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുകയാണ് കമീഷന്റെ പ്രധാനചുമതല. സർക്കാറിന്റെ പ്രവർത്തനം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. കാബിനറ്റ് റാങ്ക് നൽകിയതുവഴി വി.എസിന് സർക്കാർ ചെലവിൽ വീടും വാഹനവും പേഴ്‌സനൽ സ്റ്റാഫിനെയും ലഭിക്കും. വി.എസിന്റെ മകന്റെയും ചില പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും കടുംപിടിത്തമാണ് അദ്ദേഹത്തെ ഇത്തരമൊരു പദവി സ്വീകരിക്കുന്നതിൽ കൊണ്ട് എത്തിച്ചതെന്നും വിമർശനമുണ്ട്. വി.എസിന് തൈക്കാട് ഹൗസ് ഔദ്യോഗിക വസതിയായി നൽകാൻ ആലോചന നടക്കുകയാണ്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭക്ക് പിന്നിലുള്ള മുൻ മന്ത്രി അടൂർ പ്രകാശിന്റെ ഓഫിസ് ഭരണ പരിഷ്‌കാര കമീഷനായി നൽകുന്നതും സർക്കാറിന്റെ പരിഗണനയിലുണ്ട്. ഇവ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദേശവും നൽകി.യിട്ടുണ്ട്.