കോഴിക്കോട്: ബാഗ്ലൂർ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്.

നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. ഇതിൽ രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങൾ ഇന്ന് വച്ച് പുലർത്തുന്നില്ല. അവസരങ്ങൾ തീരെ കുറഞ്ഞ സമയത്താണ് ഇവർ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാൽ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ.

ദിലീപും മഞ്ജുവാര്യരും തമ്മിലെ കുടുംബ പ്രശ്‌നങ്ങളിൽ നിലപാട് എടുത്തതാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ഇതാണ് ദിലീപിനെ കേസിലെ മുഖ്യ പ്രതികളിലൊരാളാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ നടിക്കൊപ്പം എന്നും മഞ്ജു ഉറച്ചു നിൽക്കുമെന്ന് ഏവരും കരുതി. എന്നാൽ നിർണ്ണായക ഘട്ടത്തിൽ മഞ്ജു വനിതാ കൂട്ടായ്മയിൽ നിന്ന് അകലം പാലിച്ചു. മലയാളത്തിലെ ലേഡി സൂപ്പർതാര പദവിയിൽ സജീവമായി തുടരുകയും ചെയ്തു. മോഹൻലാലിന്റെ ഒടിയൻ അടക്കമുള്ള ബിഗ് ബജറ്റ് സിനിമകളിൽ നായികയായി. നിരവധി സ്‌റ്റേജ് ഷോകളിലൂടേയും താരമായി. നടിയെ ആക്രമിച്ച കേസിൽ മൗനം തുടർന്നാണ് മഞ്ജുവിന്റെ മുന്നോട്ട് പോക്ക്. എന്നാൽ കൈനിറയെ അവസരമുള്ളപ്പോഴായിരുന്നു പാർവ്വതി നടിക്കായി രംഗത്ത് വന്നത്. ഇതോടെ നടിക്ക് സമ്മർദ്ദം ഏറി. അപ്പോഴും സ്വന്തംകാലിൽ ഉറച്ചു നിൽക്കുകയായിരുന്നു പാർവ്വതി. ഇതുമൂലം അവസരങ്ങൾ കുറയുകയും ചെയ്തു.

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടിയെയാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത്. നോട്ട് ബുക്കിൽ അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തിൽ പാർവതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാർവ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാർവതിക്ക് തന്നെയാണ്.

മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാർവ്വതിക്ക് അവസരങ്ങൾ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു. അഞ്ജലി മേനോന്റെ കൂടെ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളത്തിൽ മൂന്നു ചിത്രങ്ങളാണ് നടിയുടേതായി അനൗൺസ് ചെയ്തിരിക്കുന്നത്. ബോബിസഞ്ജയ് തിരക്കഥ എഴുതി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയായി പാർവതി എത്തുന്നു. എം. മുകുന്ദന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് മറ്റൊരു പ്രോജക്ട്. മുകുന്ദന്റെ തന്നെ തിരക്കഥയിൽ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിപ്പ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് മറ്റൊരു ചിത്രം. നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിതയായി മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ വേഷത്തിലാകും പാർവതി എത്തുക.

തുടർച്ചയായ രണ്ട് വർഷം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് പാർവ്വതി. കഴിഞ്ഞ തവണ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ഇത്തവണ സമീറ. കാഞ്ചനമാല പങ്കുവച്ചത് പ്രണയത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഇവിടെ ടേക് ഓഫിൽ ഭീതിയുടേയും ധീരതയുടേയും നേർ ചിത്രം. നിലപാടുകൾക്കൊപ്പം സഞ്ചിരിക്കുന്ന കഥാപാത്രങ്ങളുമായി പാർവ്വതി മലയാള സിനിമയിലെ പ്രിയ നായികയാവുന്നതിനിടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവ്വതിയെ മലയാള സിനിമാ ലോകം ഇന്ന് വിളിക്കുന്നത്. തെറ്റുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനും മടിയില്ലാത്ത നായിക. ആരുടേയും കാരുണ്യമില്ലാതെ സിനിമയിൽ തുടരുകയാണ് ലക്ഷ്യം. ഇതിനുള്ള അംഗീകരാമാണ് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം. ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയാനും പാർവ്വതി മടിച്ചില്ല. തന്റെ പേര് പാർവ്വതി എന്നാണെന്നും പാർവ്വതി മേനോൻ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെടുന്നത്. എന്നാൽ ഒരിക്കലും ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോൻ ചേർക്കരുതെന്നും പാർവ്വതി തുറന്നു പറഞ്ഞു. അങ്ങനെ ജീവിതത്തിലും അസ്തിത്വം നേടിയെടുത്ത കലാകാരിയാണ് പാർവ്വതി.

നടിമാർ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാൽ മതിയെന്നു പറയാനും ഭയമില്ല. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു. ഞാൻ സിനിമയിൽ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല. എനിക്ക് പണം ആവശ്യമാണ്, അത് ഞാൻ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാൻ ഉപയോഗിക്കില്ല. വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാൻ ഞാനില്ലെന്നും പാർവ്വതി പറയുന്നു. അങ്ങനെ മറ്റ് നടികളിൽ നിന്ന് വേറിട്ട വഴികളിലൂടെയാണ് പാർവ്വതിയുടെ ജീവിത യാത്രയും. മലയാള സിനിമയിൽ 'കാസ്റ്റിങ്ങ് കൗച്ച്' ഉണ്ട്. വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീർപ്പിന് വഴങ്ങാത്തതുകൊണ്ട് ആായിരിക്കാം കുറച്ചു വർഷങ്ങൾ സിനിമയിൽ ഇല്ലാതിരുന്നത് എന്ന് തുറന്നു പറഞ്ഞ നടിയാണ് പാർവ്വതി. പ്രമുഖരായ വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതിൽ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകൾ വരാതിരുന്നത്. ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലർ വരും. അങ്ങനെയാണെങ്കിൽ എനിക്കത് വേണ്ട എന്ന് ഞാൻ പറഞ്ഞു.അഭിനയിക്കാൻ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത്.-ഇങ്ങനെ തുറന്ന് പറഞ്ഞ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് പാർവ്വതി.

റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്‌സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഇതിനൊ്പ്പം അനീതിക്കെതിരെ പോരടിക്കുക കൂടി ചെയ്യുമ്പോൾ മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങൾ പാർവ്വതിയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.