തിരുവനന്തപുരം: മലയാള സിനിമ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഒരുകാലത്ത് മലയാളം സിനിമയിൽ കുത്തിനിറച്ചിരുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോട് സുല്ലു പറയാൻ മുന്നിലുള്ള സംവിധാകരും നടന്മാരുമുണ്ട്. ആ പെൺ ശബ്ദത്തിന്റെ പിറവിയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിയിലൂടെ ഉണ്ടായത്. ഈ കൂട്ടത്തിൽ നിലപാടുകളുടെ വ്യക്തത കൊണ്ടും കഴിവു കൊണ്ടും മുന്നിൽ നിന്നവരുടെ കൂട്ടത്തിലാണ് നടി പാർവതി. മമ്മൂട്ടിക്കും മോഹൻലാലിനും നേടാൻ സാധിക്കാത്ത ഒരു അപൂർവ അവാർഡ് കൂടി നേടിയ വ്യക്തിയാണ് അവർ. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്‌ക്കാരം അവർ നേടിയത് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള അഭിനേതാക്കളോട് പടപൊരുതിയാണ്.

എന്നാൽ, സ്ത്രീശബ്ദങ്ങൾ ഉയരാൻ അനുവദിക്കരുത് എന്ന പുരുഷ മേധാവിത്വം പുലർത്തുന്ന മലയാളം സിനിമാക്കാർക്ക് പാർവതിയുടെ നേട്ടവും അവരുടെ നിലപാടുകളും ദഹിച്ച മട്ടില്ല. ഇതിനിടെ മമ്മൂട്ടിയുടെ കസബയിൽ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ആരാധകർ നിരന്തരം ആക്രമണം തൊടുക്കുകയാണ് അവർക്കെതിരെ.

എന്നാൽ, ഈ ആക്രമണങ്ങളിലും കുലുങ്ങാതെ അതിന് ചുട്ട മറുപടി നൽകാൻ പാർവതിക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ജൂഡ് ആന്റണിയുടെ പരിഹാസം നിരഞ്ഞ പോസ്റ്റിനോട് ഒഎംകെവി കാണിച്ച് ചുട്ട മറുപടിയും നൽകി അവർ. തന്റെ നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിച്ച പാർവതിക്ക് പിന്തുണയുമായി പലരും രംഗത്തുണ്ട്. മന്ത്രി തോമസ് ഐസക്ക് പോലും അവരുടെ നിലപാടുകളെ അനുകൂലിച്ച് രംഗത്തുണ്ട്.

മെഗാതാരത്തെ നോവിച്ചൽ സിനിമയിൽ നിലനിൽക്കാൻ സാധിക്കുമോ എന്നു ചോദിക്കുന്നവർക്ക് കൃത്യമായ മറുപടിയും അവർക്കുണ്ട്. നടിയെന്ന നിലയിൽ മാറ്റുതെളിയിച്ച പ്രകടനം തന്നെയാണ് പാർവതിയുടേത്. അങ്ങനെയുള്ള പ്രയാണം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. സഹ നടിയായി തുടങ്ങി അഭിനയ മികവു കൊണ്ടാണ് അവർ തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തത്. ആ പ്രയാണത്തിന്റെ കഥ ഇങ്ങനെയാണ്:

'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലെ സഹതാരമായി അഭിനയ രംഗത്ത്

കോഴിക്കോട് സ്വദേശിനിയായ പാർവതി 2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രമായിട്ടാണ് പാർവതിയുടെ അരങ്ങേറ്റം. നോട്ട്ബുക്കിലെ പൂജ എന്ന വ്യത്യസ്ത കഥാപാത്രമായെത്തിയാണ് പാർവതി മേനോൻ പിന്നെ പ്രേക്ഷകരിൽ അറിയപ്പെട്ടത്. ആദ്യ ചിത്രത്തിൽ നായികാ വേഷം അവർക്കായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പാർവതിക്ക്. നായികാ തുല്യമായ വേഷത്തിൽ അവർ ശരിക്കും തിളങ്ങുകയും ചെയ്തു.

പിന്നീട് പുറത്തിറങ്ങിയ വിനോദയാത്ര, ഫ്ലാഷ് എന്നീ ചിത്രങ്ങളിലും വലിയ പ്രാധാന്യം പാർവതിക്ക് ലഭിച്ചില്ല. പിന്നീട് കുറച്ചു കാലത്തേക്ക് അവരെ കണ്ടുമില്ല. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ സിറ്റി ഓഫ് ഗോഡിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഈ സിനമയിലെ വേഷവും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ അന്യഭാഷയിലേക്ക് ചുവടുവെച്ചു അവർ അവിടെ ശക്തമായ വേഷങ്ങൾ ചെയ്തു അവർ. മാരിയാൻ , ചെന്നൈയിൽ ഒരു നാൾ , ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാർവ്വതി തിളങ്ങി. ഇതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയായി അവർ മാറി.

അതിനുശേഷം 2014ൽ ആണ് പാർവതിയെ ബാംഗ്ലൂർ ഡെയ്‌സിലേക്ക് വിളിക്കുന്നത്. പരാജയങ്ങൾക്കിടയിൽ മലയാളത്തിൽ ബാംഗ്ലൂർ ഡെയ്‌സാണ് പാർവതിയെ തുണച്ചത്. ശക്തമായ അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. തന്റെ ഉള്ളിലെ മികച്ച അഭിനേത്രിയെ കണ്ടെത്തിയ ചിത്രം കൂടിയായിരുന്നു അത്. ഇതിന് ശേഷം മലയാളം സിനിമയിൽ കൂടുതൽ സെലക്ടീവായി അവർ.

കരിയർ ബെസ്റ്റായി മൊയ്തീന്റെ കാഞ്ചനമാല

മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷമായിരുന്നു എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ. ഈ സിനിമ പാർവതിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചു. ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ വേഷത്തെ ഗംഭീരമായി തന്നെ കോഴിക്കോട്ടുകാരിയായ ഈ നടി ചെയ്തു. കാഞ്ചന മാലയാകാൻ മാനസികമായ തയ്യാറെടുപ്പുകളും പാർവ്വതി നടത്തി. ഇതോടെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാർവതിയുടെ കൂടെയായി.

തമിഴകത്തിൽ മാരിയാനിലെ മികച്ച അഭിനയത്തിന് ഒട്ടേറെ അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. പാർവ്വതിയുടേതായി വന്ന ചാർലി എന്ന സിനിമയും വളരെ ഹിറ്റായി മാറി. ദുൽഖർ നായകനായി ചിത്രം ബോക്‌സോഫീസിലും തരംഗമായതോടെ ബോളിവുഡിൽ നിന്നും വിളിയെത്തി. ഇതിനിടെയാണ് ടോക്ക് ഓഫ് എന്ന ചിത്രത്തിന്റെ ആത്മാവായി തന്നെ നടിയെത്തിയത്. ഈ ചിത്രത്തിലൂടെ രാജ്യന്തര പ്രശ്തി തന്നെ തേടിയെുത്തും.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാർവതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിൽ സമീറയെന്ന ഇന്ത്യൻ നേഴ്‌സായി വേഷമിട്ട പാർവതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി. അത് വലിയൊരു അഗീകാരമായും മാറി

പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാർവതി, അന്തരിച്ച സംവിധായകൻ രാജേഷ്പിള്ളയുടെ ഓർമ്മകളിൽ വിതുമ്പിയതും മാധ്യമ ശ്രദ്ദ നേടി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. മേളയിൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചു വിജയിച്ചത്.

പേരിലെ മോനോൻ ഉപേക്ഷിച്ചു, പാർവതി എന്നു മാത്രം വിളിക്കൂവെന്നു പറഞ്ഞ സാമൂഹ്യ ജീവി

സിനിമയിൽ എത്തിയപ്പോൾ പേരിനൊപ്പം പാർവതി മേനോൻ എന്നും നായിക കൂട്ടിച്ചേർന്നിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം ജാതിവാൽ ഉപേക്ഷിക്കാൻ ആഹ്വാനങ്ങൾ ഉണ്ടായതോടെ ജാതിപ്പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു അവർ. തന്റെ പേരിനോടു കൂടെ മേനോൻ ചേർത്ത് ഇനിയും വിളിക്കരുത്. പാർവതി എന്നു മാത്രം വിളിക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. കഴിഞ്ഞ പത്തുവർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെട്ടത്. പാർവതി എന്നാണ് തന്റെ പേര്. എന്നാൽ പലരും പാർവതി മേനോൻ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.

ബോളിവുഡിലും കൈവെച്ചു

വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാനാണ് പാർവ്വതിക്ക് താൽപര്യം. അതുകൊണ്ട് തന്നെ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനും അവർക്ക് താൽപ്പര്യമില്ല. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഇടവേള അനിവാര്യമാണെന്നാണ് താരത്തിന്റെ പോളിസി. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നും അവർ പറയുന്നു. സെലക്ഷനിലെ മികവ് തന്നെയാണ് അവരുടെ സിനിമകളിലെ മികച്ച പ്രകടനത്തിന് ആധാരവും. ർഫാൻ ഖാൻ നായകനായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലും പാർവതി കൈവെച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പലപ്പോഴും പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറയാൻ മടിച്ചില്ല പാർവത്. സോഷ്യൽ മീഡിയയിലെ മീ ടൂ കാമ്പയിനുകളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു പാർവതി. കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്‌നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല. കലയേയും. നിങ്ങൾക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാൻ സാധിക്കും പാർവതി ചോദിച്ചു.

വിമൻ ഇൻ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കിൽ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം നമ്മൾ ഇതുവരെ വളർത്തി എടുത്തിട്ടില്ല. അതിജീവിച്ചവർ എല്ലായ്‌പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും. എന്റെ കൈയിൽ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.