'മായാനദി ',പൊളിറ്റിക്കൽ മൂവി ആക്കാൻ ശ്രമിച്ച, പക്ഷെ നൈസ് ആയി പാളിയ ഒന്നാണെന്ന് പറയാം. നിഗൂഢമായ സ്വഭാവമുള്ള മാത്തന്റെയും അവന്റെ പ്രണയിനിയായ അപർണയുടെയും ജീവിതസമരമാണ് മായാനദിയുടെ പ്രമേയം.

പലപ്പോഴും ചുറ്റുപാടുമുള്ള സാഹചര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം പ്രകടിപ്പിക്കുന്നുണ്ട് മാത്തൻ. അപർണയോടുള്ള പ്രണയം മാത്രമാണ് അവനെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാം. മാത്തൻ ചെന്ന് പെടുന്ന സാഹചര്യങ്ങൾ അവരുടെ പിന്നീടുള്ള ജീവിതത്തെ രൂപപ്പെടുത്തുന്നു. ലയാള സിനിമയിലെ 'സ്‌റ്റൈലൈസ്ഡ് മൂവി മേക്കിങി'ന്റെ വക്താവാണ് ആഷിക് അബു. മലയാളികളുടെ സിനിമാഭിരുചികൾക്കു പുതിയ മാനം നൽകിയ ന്യൂജൻ സംവിധായകരിൽ ഒരാൾ. പക്ഷെ തന്റെ തത്വശാസ്ത്രങ്ങൾ കുത്തിനിറച്ചുീ, റിയലിസ്റ്റിക് സിനിമ എന്ന ലേബൽ ഒട്ടിച്ചും പുറത്തിറക്കിയ മായാനദി സമ്പൂർണമായും അൺറീലിസ്റ്റിക് ആണ്. റിയലിസ്റ്റിക് ആയി തോന്നിയത് ഒരു പക്ഷെ ഇതിലെ നായികയായ ഐശ്വര്യയുടെ അഭിനയവും ഷഹബാസ് അമന്റെ പാട്ടും മാത്രമാണ്. ഇതിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം തീർച്ചയായും കാലികപ്രസക്തി ഉള്ളത് തന്നെയാണ് . Unbound sex, Friends for benefits, സദാചാരം,പുരുഷാധിപത്യ മനോഭാവമുള്ള നടിയുടെ സഹോദരൻ, മധ്യവർത്തിയും പുരോഗമനാശയക്കാരിയുമായ നായിക , അവളുടെ സ്വത്വ വും നിലനിൽപ്പും , നവസിനിമാ സംവിധായകർ നേരിടുന്ന അനാവശ്യ ഇടപെടലുകൾ , താരങ്ങളുടെ സ്വകാര്യത ഇതെല്ലാം

പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളുമാണ്. പക്ഷെ നായികയും മറ്റു കഥാപാത്രങ്ങളും മുഴക്കുന്ന ചില മുദ്രാവാക്യങ്ങളിൽ കൂടി ഇതെല്ലാം സ്ഥാപിച്ചെടുക്കാൻ സംവിധായകൻ ശ്രമിക്കുന്നു. അവിടെയാണ് ഈ സിനിമ ആരോചകമായിത്തീർന്നത്. അവിടെയാണ് ഈ സിനിമ സിനിമാറ്റിക് അല്ലാതെയായിതീർന്നത്. അവിടെയാണ് ഈ സിനിമയിൽ രാഷ്ട്രീയവും കലയും തമ്മിലിണങ്ങാതെ മോരും മുതിരയും പോലെ വേറിട്ട് നില്കുന്നത് .

നായകനും നായികയും തമ്മിലുള്ള ഒരു രാത്രിയിലെ സെക്‌സ് വലിയ സദാചാര പ്രശ്‌നം അല്ലെന്നും അതിൽ ഒരു pleasure factor തീർച്ചയായും ഉണ്ടെന്നും സ്ഥാപിക്കാൻ 'sex is not a promise' എന്നുള്ള നായികയുടെ മുദ്രാവാക്യം ആവശ്യമുണ്ടോ? ഈ പ്രസംഗപരത തന്നെയാണ് സിനിമയുടെ പരാജയവും. സിനിമ കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ സ്വാഭാവികമായി വരേണ്ട ഒന്നല്ലേ ഈ ആശയങ്ങളെല്ലാം ? ദൃശ്യങ്ങളിലൂടെയും ഭാവസന്ദർഭങ്ങളിലൂടെയും സംസാരിക്കേണ്ട സിനിമ , അതിന്റെ ചലച്ചിത്ര ഭാഷ മറന്നു പോയിരിക്കുന്നു .ഈ സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ഇതാണ് , എന്നു സംവിധായകൻ പറഞ്ഞു ഫലിപ്പിക്കാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് മായാനദി മുഴുവൻ.

ഒരു കാര്യം പ്രകടമായി പറയുമ്പൊഴും അതിനായി മുദ്രാവാക്യങ്ങൾ മുഴക്കുമ്പോഴും അത് അടിച്ചേല്പിക്കുമ്പോഴും അതിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെട്ടു പോകുന്നു.കലാത്മകതയിൽ ലയിച്ചു ചേരാത്ത രാഷ്ട്രീയം കലാപരമായി മായമാണ് . കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങളിലൂടെ മായാ നദി ഒഴുക്ക് നിലച്ച ഒന്നായി മാറുന്നു. നായകന്റെയും നായികയുടെയും ഉടൽകാഴ്ചകളും, അവളുടെ സെക്‌സ് നെക്കുറിച്ചുള്ള തുറന്ന അഭിപ്രായപ്രകടനവുമെല്ലാം കാണിച്ചാൽ മാത്രമേ സിനിമയിൽ 'സദാചാര വിപ്ലവം' വരൂ എന്ന അബദ്ധധാരണ സംവിധായകനുണ്ടെന്നു തോന്നുന്നു.മിന്നിമറയുന്ന ലിപ് ലോക്ക് സീനുകൾ , ന്യൂ ജൻ വാക്കുകളായ ശോകം ,കണ്ടം വഴി ഓടുക , പൊളി , ഡാർക്ക് എന്നിവയെല്ലം ' ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും'' എന്ന തോന്നലാണുണ്ടാക്കുന്നത് .

ആഷിക് അബു ഉൾപ്പടെയുള്ള നവസിനിമാ സംവിധായകർ സൃഷ്ടിച്ച ഒരു പ്രേക്ഷക സമൂഹം ഉണ്ട് . ഇതിൽ ചിലരെങ്കിലും കയ്യടിച്ച രണ്ടു സീനുകളെക്കുറിച് എടുത്തു പറയേണ്ടതുണ്ട് . കോൺഫിഡൻസ് കൂട്ടാൻ എന്തെങ്കിലും പറയാൻ അപർണ മാത്തന്നോട് ആവശ്യപ്പെടുന്നു. മാത്തൻ അവളെ 'കഴുവർടെ മോളെ' എന്നഭിസംബോധന ചെയ്യുകയും അത് കേട്ടു അവൾ ആത്മവിശ്വാസത്തോടെ പോകുകയും ചെയുന്നുണ്ട് .രണ്ടാമത്തേത് സൗബിന്റെ പുരുഷാധിപത്യ സ്വഭാവമുള്ള സഹോദരൻ , സഹോദരിയും നടിയുമായ സമീരയോട് കയർക്കുകയും അവളുടെ സിനിമാ ജീവിതം അവ്‌സാനിപ്പിച്ചു കൊണ്ടു പോകുകയും ചെയ്യുന്നുണ്ട് . ഇതിലെല്ലാം ഇപ്പോൾ മലയാളസിനിമക്കുള്ളിലും പുറത്തും സാമൂഹ്യമാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന 'പൊളിറ്റിക്കൽ കറക്ട്‌നെസ്സ്' എവിടെ എന്ന ചോദ്യമുണ്ട് ! തിയേറ്ററിൽ ഈ രണ്ടു സീനുകളിൽ മുഴങ്ങിയ കയ്യടി മലയാളി ആൺശബ്ദം തന്നെയല്ലെ എന്ന കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണ് . ഒരു ശരാശരി സിനിമാനുഭവം മാത്രം നൽകി,എങ്ങോട്ടോ ലക്ഷ്യമില്ലാതെ ഒഴുകി പോകുന്നു ഈ നദി .മായാനദി ,മായങ്ങളുടെ കൂടി നദിയാണ് .

(ലേഖിക എടത്തല അൽഅമീൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് )