കോഴിക്കോട്: നടൻ രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി. ദുബൈയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലുവാണ് വരൻ. കോഴിക്കോട് ആശീർവാദ് ലോൺസിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്കെത്തിയത്.

സിനിമ മേഖലയിലെ പ്രമുഖർ ഒത്തുചേർന്ന വിവാഹ ചടങ്ങ് രാവിലെ 10നും 10.50നും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് നടന്നത്. രക്ഷിതാക്കളായി ചടങ്ങ് നിയന്ത്രിച്ചത് നിർമ്മാതാവ് സുരേഷ് കുമാറും മേനക സുരേഷും. പാർവതിയുടെ കൈ പിടിച്ച് വരൻ മിലുവിനെ ഏൽപ്പിച്ചത് സുരേഷ് കുമാറാണ്.

സുരേഷ് ഗോപി കുടുംബ സമേതം ചടങ്ങിൽ എത്തിയിരുന്നു. ഒരു അമ്മാവന്റെ സ്ഥാനത്തു നിന്നാണ് സുരേഷ് ഗോപി കാര്യങ്ങളെല്ലാം നിയന്ത്രിച്ചത്. ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ലിബർട്ടി ബഷീർ തുടങ്ങി നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസ അർപ്പിക്കാൻ എത്തിയത്.

ലെച്ച്മി എന്ന സിനിമയാണ് പാർവതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.