തൃശ്ശൂർ: വേറിട്ട പല വിവാഹക്കഥകളും നാം കേട്ടിട്ടുണ്ട്.എന്നാൽ ജില്ലാകല്കടറും ഡെപ്യൂട്ടി മേയറുമൊക്കെ വീട്ടുകാരയെത്തിയാലോ...അതൊരു പൊളി കല്യാണം തന്നെ അവില്ലെ.. അത്തരത്തിൽ ഒരു വേറിട്ട കല്യാണത്തിനാണ് രാമവർമപുരത്തെ മഹിളാ മന്ദിരം വെള്ളിയാഴ്ച വേദിയായത്.

വധുവിന്റെ അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷ, കൈ പിടിച്ച് നൽകാൻ ജില്ലാ കളക്ടർ ഹരിത വി.കുമാർ, ബൊക്കെ കൈമാറിയത് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വിവാഹമോതിരം കൈമാറിയത് മേയർ എം.കെ. വർഗീസ്, വരണമാല്യം എടുത്തുനൽകിയത് പി. ബാലചന്ദ്രൻ എംഎ‍ൽഎ., അനുഗ്രഹവുമായി കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ്... ഔദ്യോഗിക പരിവേഷത്തിൽ ഒരു പ്രണയ വിവാഹം.

മന്ദിരത്തിലെ അന്തേവാസി പാർവതിയെ ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്‌സൺ ആണ് സഖിയാക്കിയത്.അതും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ.പാർവതി തൃശ്ശൂരിലെ മോഡൽ ബോയ്സ് സ്‌കൂളിൽ പത്തിൽ പഠിക്കുമ്പോൾ അവിടെ പരീക്ഷയെഴുതാനെത്തിയതായിരുന്നു റോയ്സൺ. അവിടെ വെച്ച് പരിചയപ്പെട്ടു. ആ പരിചയം പ്രണയമാകുകയായിരുന്നു.മഹിളാ മന്ദിരം അധികൃതരുടെ സമ്മതം തേടി റോയ്സന്റെ കുടുംബക്കാരെത്തി. അത് വിവാഹത്തിലേക്കും എത്തി.

എൽ ആൻഡ് ടി കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് റോയ്സൺ. വനിതാ സംരക്ഷണ ഓഫീസർ എസ്. ലേഖയും വനിതാ ശിശു വികസന ജില്ലാ ഓഫീസർ പി. മീരയും ചേർന്ന് കൈമാറിയ സിന്ദൂരം റോയ്‌സൺ പാർവതിയുടെ നെറുകയിൽ ചാർത്തി. യുവ എഴുത്തുകാരി ദീപ ജയരാജ് എഴുതിയ 'മാംസനിബദ്ധമല്ല രാഗം' എന്ന നോവൽ വധൂവരന്മാർക്ക് കൈമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാർ ഓഫീസിൽ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു.

ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി.അബ്ദുൾ കരീം, പ്ലാനിങ് ഓഫിസർ എൻ.കെ.ശ്രീലത, ജില്ലാ ശിശു സംരക്ഷണ ഓഫിസർ പി.ജി.മഞ്ജു, മുൻ മേയർ അജിത വിജയൻ, കോർപറേഷൻ കൗൺസിൽ അംഗങ്ങൾ, അങ്കണവാടി പ്രതിനിധികൾ, ചിൽഡ്രൻസ് ഹോം അടക്കം വിവിധ സാമൂഹിക ക്ഷേമ ഹോമുകളിലെ അംഗങ്ങളടക്കം നവദമ്പതികൾക്ക് ആശംസകളുമായി വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.