ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി എന്ന പെൺകുട്ടിയായി പാർവതി എത്തുന്നു. മലയാളികൾക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലെ ഇളമുറക്കാരായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്.

നവംബർ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ആസ്പദമാക്കിയുള്ള തിരക്കഥ തീർത്ത് പ്രേക്ഷക മനസ്സുകളെ സ്വാധീനിക്കുന്നതിൽ എന്നും സ്വീകാര്യരാണ് ബോബി സഞ്ജയ് കൂട്ടുകെട്ട്. ഇരുവരും ചേർന്ന് ആസിഡ് ആക്രമണതിന്റെയും അതിജീവനത്തിന്റെയും കഥ പറയുമ്‌ബോൾ, സംവിധായകനായി കൂടെ ഉള്ളത് ആത്മസുഹൃത്തായിരുന്ന രാജേഷ് പിള്ളയുടെ പ്രിയ ശിഷ്യനും ചീഫ് അസോസിയേറ്റും ആയിരുന്ന മനു അശോകൻ.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്ന ചിത്രം കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളിൽ ചിത്രീകരിക്കും. കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ പറയുന്നു.