ഡൽഹി: ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. പാൻകാർഡ്, ആധാർ കാർഡ് എന്നിവയടക്കം എട്ടു രേഖകൾ സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.

1989 ജനുവരി 26നു ശേഷം ജനിച്ച എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണമെന്ന് നിർബന്ധമായിരുന്നു.

ഈ വ്യവസ്ഥയാണ് ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നത്. ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, എൽഐസി പോളിസി ബോണ്ട് തുടങ്ങിയ ഏതെങ്കിലും രേഖ സമർപ്പിച്ചാൽ മതിയാകുമെന്ന് കേന്ദ്രമന്ത്രി വികെ സിങ് പാർലമെന്റിനെ അറിയിച്ചു. പുതിയ വ്യവസ്ഥകൾ ഉടൻ തന്നെ നടപ്പിലാകും.