ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രമധ്യേ പാസഞ്ചർ ട്രെയിനിൽ തീ പിടിത്തം. ട്രെയിനിന്റെ എൻജിൻ ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. സമീപമുള്ള രണ്ട് കംപാർട്ടുമെന്റുകളിലേക്കു തീ പടർന്നു.

സഹാറൻപുർ - ഡൽഹി ട്രെയിൻ മീററ്റിൽ ഡാറുല റെയിൽവ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ഉടൻ തന്നെ ആളുകൾ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. കൂടുതൽ കംപാർട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാൻ കംപാർട്ടുമെന്റുകൾ തീ പിടുത്തമുണ്ടായ ബോഗികളിൽ നിന്ന് വേർപ്പെടുത്താൻ യാത്രക്കാർ തള്ളിമാറ്റുന്നത് വാർത്താ എജൻസിയായ എൻഎഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. ട്രെയിനിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ വൈ.കെ. താഹ മാധ്യമങ്ങളോട് പറഞ്ഞു.