ബെംഗളൂരു: കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ ബെംഗളൂരു വിമാനത്താവളത്തിലേക്കു ചില യാത്രക്കാർ എത്തിയത് ട്രാക്ടറിൽ. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് വിമാനത്താവളത്തിന് സമീപത്തെ റോഡുകളിൽ വെള്ളം നിറഞ്ഞത്.

രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിരവധി യാത്രക്കാരാണു പെട്ടികളുമായി വാഹനങ്ങൾ കിട്ടാതെ കഷ്ടപ്പെട്ടത്. ഇതിനിടെയാണ് വിമാനത്താവള ഗേറ്റിലെത്താൻ ചിലർ ട്രാക്ടറിൽ കയറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സിഇഒ ജയരാജ് ഷൺമുഖം പ്രതികരിച്ചു.

ട്രാക്ടർ എന്തായാലും വിമാനത്താവളത്തിലേതല്ല. വിമാനത്താവളത്തിന് പുറത്ത് എല്ലായിടത്തും വെള്ളമാണ്. അകത്തേക്കു കയറാനും പുറത്തേക്കിറങ്ങാനുമുള്ള വഴികളിലും വെള്ളമാണ് ജയരാജ് ഷൺമുഖം വ്യക്തമാക്കി. തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ പ്രളയ സമാന സാഹചര്യമായിരുന്നു. ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് അറിയിപ്പ്.

 

കനത്ത മഴ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. മരങ്ങൾ കടപുഴകി വീണു. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.