- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽവിമാനത്തിൽ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ; നടപടി കടുപ്പിക്കുന്നത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; മാസ്ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവ്
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടരുകയാണെങ്കിൽ അവരെ 'നിയന്ത്രിക്കാനാവാത്ത യാത്രക്കാരൻ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.
വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നതു മുതൽ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതു വരെ അവശ്യ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ ചില യാത്രക്കാർ വിമാനയാത്ര ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മാർച്ച് 13-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഡി.ജി.സി.എ. പറയുന്നു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിമാനയാത്രയ്ക്കിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് നിർബന്ധമാക്കിയുള്ള ഡി.ജി.സി.എയുടെ നിർദേശങ്ങൾ പുറത്തെത്തിയിരിക്കുന്നത്.
ഡി.ജി.സി.എ. പുറപ്പെടുവിച്ച നിർദേശങ്ങൾ:
- വിമാനയാത്ര ചെയ്യുന്ന സമയത്ത് യാത്രക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അസാധാരണ സാഹചര്യത്തിൽ അല്ലാതെ മാസ്ക് മൂക്കിന് താഴേക്ക് മാറ്റരുത്.
- മാസ്ക് ധരിക്കാതെ ആരും അകത്തേക്ക് കടക്കുന്നില്ലെന്ന് സിഐ.എസ്.എഫും വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം.
- വിമാനത്താവള പരിസരത്ത് എല്ലാ യാത്രക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എയർപോർട്ട് ഡയറക്ടർ അല്ലെങ്കിൽ ടെർമിനൽ മാനേജർ ഉറപ്പുവരുത്തണം. ഏതെങ്കിലും യാത്രക്കാരൻ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ താക്കീത് നൽകിയതിനു ശേഷം സുരക്ഷാ ഏജൻസികൾക്ക് കൈമാറണം. ആവശ്യമെങ്കിൽ നിയമ നടപടിയും സ്വീകരിക്കാം.
- തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും ഏതെങ്കിലും യാത്രക്കാരൻ വിമാനത്തിനുള്ളിൽ മാസ്ക് കൃത്യമായി ധരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, യാത്ര പുറപ്പെടുന്നതിനു മുൻപ് ആവശ്യമെങ്കിൽ അവരെ പുറത്താക്കാം. തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും കോവിഡ് പ്രോട്ടോക്കാൾ പാലിക്കാതിരിക്കുകയും ചെയ്താൽ അദ്ദേഹത്തെ 'അൺറൂലി പാസഞ്ചറാ'യി കണക്കാക്കാവുന്നതും നടപടികൾ കൈക്കൊള്ളാവുന്നതുമാണ്.
മറുനാടന് മലയാളി ബ്യൂറോ