മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെരുവിൽ പീഡിപ്പിക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്. ഈമാസം 19 ന് നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുറം ലോകം അറിഞ്ഞത്.

ട്യൂഷൻ ക്ലാസിന് പോകുന്ന സമയത്താണ് പെൺകുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. വഴിയിൽ വച്ച് ഒരു ആൺകുട്ടി അവൾക്ക് നേരേ കല്ലെറിഞ്ഞു. അവൾ ബഹളം വച്ചപ്പോൾ അവൻ അവളെ ആക്രമിക്കുകയായിരുന്നു.

' ഞാൻ ക്ലാസിന് പോകുകയായിരുന്നു. ഈ ആൺകുട്ടികൾ ഓട്ടായിലിരുന്ന് എനിക്ക് നേരേ അശ്ലീല കമന്റുകൾ അടിക്കുന്നുണ്ടായിരുന്നു. അവർ ഇടയ്ക്ക് അങ്ങനെ എന്നെ കമന്റടിക്കാറുണ്ട്. കമന്റടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, പ്രകോപിതരായ അവർ എന്നോട് ഉച്ചത്തിൽ കയർത്തു. അതിൽ ഒരുത്തൻ എന്റെ മുഖത്തിടിച്ചു.ഇതോടെ ഞാൻ ബോധം കെട്ടുവീണു.'

കുർലയ്ക്കടുത്ത് നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് പറഞ്ഞ് ആൺകുട്ടികളുടെ വീട്ടുകാർ തന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ട് ആരോപിച്ചു.അക്രമികൾ പെൺകുട്ടിയെ ആക്രമിക്കുമ്പോഴും തെരുവിലുള്ളവരാരും അത് തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മൂക്കിന് പൊട്ടലുണ്ട്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ക്രിമിനൽ ഭീഷണിക്കും, അപകടകരമായ വിധം മുറിവേൽപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ഉപദ്രവിച്ചവനെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടി പറഞ്ഞു.സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അക്രമികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.