ലണ്ടൻ: ഏതാണ്ട് ഒരേ പോലുള്ള താടിയും തലപ്പാവുമുള്ള സിഖുകാരെയും അഫ്ഗാനികളെയും കണ്ടാൽ ഹോം ഓഫീസിന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൽഫലമായി ഹോം ഓഫീസ് നിരവധി പേർക്ക് ബ്രിട്ടീഷ് പാസ്പോർട്ട് നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഒടുവിൽ മൂന്ന് പഞ്ചാബി യുവാക്കൾ പിടിയിലായിട്ടുണ്ട്. ദൽജിത്ത്കപൂർ (41), ഹർമിത്ത് കപൂർ(40), ദേവീന്ദർ ചാവ്ല (42) എന്നിവരാണ് പിടിയിലായിരിക്കുന്നത്. 2014 മെയ്‌ മാസത്തിനും ജൂൺ മാസത്തിനുമിടയിൽ ഇവർ തങ്ങളുടെ ബ്രിട്ടീഷ് പാസ്പോർട്ട് അഫ്ഗാനികൾക്ക് നൽകുകയും അവരെ ഇവിടേക്ക് വരാൻ സഹായിക്കുകയുമായിരുന്നുവെന്നാണ് ഇന്നലെ നടന്ന വിചാരണയ്ക്കിടെ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.

തലപ്പാവ് ധരിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കാൻ അനുമതിയുള്ള സിഖുകാരെയും അനധികൃത മാർഗത്തിലൂടെ ഇവിടെയെത്തുന്ന അഫ്ഗാനികളെയും തമ്മിൽ തങ്ങൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ബോർഡർ ഒഫീഷ്യലുകൾ സമ്മതിച്ചിട്ടുമുണ്ട്. ഈ മൂന്ന് പേർ ബ്രിട്ടീഷ് പാസ്പോർട്ട് നൽകി സഹായിച്ചതിനെ തുടർന്ന് 30ൽ പരം അഫ്ഗാനികൾ അനധികൃതമായി യുകെയിലേക്ക് കടന്ന് കയറിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ അഭയാർത്ഥികളെ അനധികൃത മാർഗത്തിലൂടെ യുകെയിലേക്ക് കടന്ന് കയറാൻ സഹായിച്ചുവെന്ന കേസിൽ ഈ മൂന്ന് പേരെയും ഇന്നലെ ചേംബർവെൽ ഗ്രീൻ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയിരുന്നത്.

ഈ മൂന്ന് പേരും അഫ്ഗാൻകാരെ അനധികൃതമായ മാർഗത്തിലൂടെ ഇവിടേക്ക് കടന്ന് കയറാൻ അനുവദിച്ചുവെന്നും നിയമാനുസൃതമായ ബ്രിട്ടീഷ് പാസ്പോർട്ടുകളുള്ള സിഖ് സമുദായത്തിലെ അംഗങ്ങളായിരുന്നു ഇവരെന്നുമാണ് പ്രോസിക്യൂട്ടറാ എഡ്വാർഡ് അയ്ഡിൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഇത് കരുതിക്കൂട്ടി ആസൂത്രണം ചെയ്തുള്ള കുറ്റ കൃത്യമാണെന്നും അദ്ദേഹം പറയുന്നു. ഈ മൂന്ന് പേരുടെയും പാസ്പോർട്ടുകൾ ഹോം ഓഫീസിന് മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കപൂറുമാരോട് രേഖകൾ 24 മണിക്കൂറിനുള്ളിലും ചാവ്ലയോട് സെപ്റ്റംബർ 26ന് ശേഷവും ഹാജരാക്കാനാണ് ഉത്തരവ്. ഇയാൾ കുടുംബത്തോടൊപ്പം തായ്ലൻഡിലേക്കും ദുബൈയിലേക്കും ഹോളിഡേ ബുക്ക് ചെയ്തതിനാലാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ചാവ്ല താമസിക്കുന്നത് ഐസ്ലെവർത്തിലെ സമ്മർവുഡ് റോഡിലാണ്.

ദൽജിത്ത് കപൂറാകട്ടെ സൗത്താളിലെ ഫ്രെൻഷാം ക്ലോസിലും ഹർമിത്ത് കപൂർ തോട്ടൻഹാമിലെ സെവൻ സിസ്റ്റേർസ് റോഡിലുമാണ് കഴിയുന്നത്. ഒക്ടോബർ 13ന് ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ പ്രീലിമിനറി ഹിയറിംഗിന് ഹാജരാകാനാണ് ഇവരോട് ഉത്തരവിട്ടിരിക്കുന്നത്.