കോഴിക്കോട്: രാജസ്ഥാനിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച കേസിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. കരുണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമയായ ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് പാസ്റ്റർ ജേക്കബ് വർഗീസിനെയാണ് കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ വ്യക്തമാക്കി. കുട്ടികളെ എന്തിന് എത്തിച്ചു എന്നതിൽ ദുരൂഹതയുണ്ട്. കുട്ടികളെ കൊണ്ട് വരുമ്പോൾ പാലിക്കേണ്ട ഒരു നിബന്ധനയും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. ട്രസ്റ്റിനെതിരെ അന്വേഷണം നടത്താൻ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായും അബ്ദുൾ നാസർ കോഴിക്കോട് പറഞ്ഞു.

ചോദ്യം ചെയ്യാനായി ജേക്കബ് വർഗീസിനെ എറണാകുളത്തുനിന്ന് റെയിൽവേ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട് സിജെഎം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 12 പെൺകുട്ടികളെയാണ് രാജസ്ഥാനിൽനിന്ന് കേരളത്തിലെത്തിച്ചത്.

പെൺകുട്ടികളുടെ രക്ഷിതാക്കളായ 4 പേരെയും രണ്ട് ഇടനിലക്കാരെയും നേരത്തേ പിടികൂടിയിരുന്നു. ഇടനിലക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. റെയിൽവേ സ്റ്റേഷനിൽ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പെൺകുട്ടികളെ വെള്ളിമാടുകുന്നിലെ സർക്കാർ ഗേൾസ് ഹോമിലേക്കു മാറ്റിയിരുന്നു.

ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്.

രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നാല് പേർ രക്ഷിതാക്കളാണെന്ന് കണ്ടെത്തിയിരുന്നു മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.

അതേ സമയം രാജസ്ഥാനിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നത് ഹോസ്പിറ്റലിൽ താമസിപ്പിച്ച് പഠിപ്പിക്കാനാണെന്ന് ട്രസ്റ്റ് അംഗം ഷെൽബി പറഞ്ഞു. മുമ്പ് ഇവിടെ പഠിച്ച കുട്ടികളാണ് രാജസ്ഥാനിൽ നിന്ന് കൂടുതൽ കുട്ടികളെ എത്തിച്ചത്. 2017 വരെ ചിൽഡ്രൻസ് ഹോം നടത്താൻ അനുമതി ഉണ്ടായിരുന്നു. വീണ്ടും അനുമതിക്കായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് ട്രസ്റ്റ് അംഗം ഷെൽബി വ്യക്തമാക്കി. ഹോസ്റ്റലിൽ കുട്ടികളെ താമസിപ്പിക്കുന്നതിന് എതിർപ്പ് ഇല്ലെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നുവെന്നും ഷെൽബി പറഞ്ഞു.

അതേസമയം, കരുണ ചാരിറ്റബിൾ ട്രസ്റ്റിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ പറഞ്ഞു. ഇടയ്ക്ക് പ്രവർത്തനം നിർത്തിയ കരുണ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും ലൈസൻസിന് അപേക്ഷിച്ചിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അജയകുമാർ ആവശ്യപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.